” നിന്റെ അമ്മ അതൊക്കെ വിശ്വസിക്കുവോടൊ…? ”
” അതൊന്നും കുഴപ്പമില്ല. അമ്മ നിന്നെ കണ്ടാലല്ലേ.. ഈ കള്ളമൊക്കെ പറയേണ്ടു. ചില ദിവസങ്ങളിൽ അമ്മയ്ക്ക് ഉച്ച മയക്കം ഉള്ളതാ.. ”
കിച്ചു അവന് ധൈര്യം നൽകി.
” ആഹ്.. ശെരി ഞാൻ പോയി എടുത്തിട്ട് വരാം. എനി നല്ല ബാറ്റ് ഇല്ലാത്തതിന്റെ പേരിൽ നീ മരിയാതയ്ക്ക് കളിക്കാതിരിക്കേണ്ട… ”
ശേഷം അഭി അവിടെനിന്നും പോയി.
ടുർണമെന്റ് കമ്മിറ്റിക്കാരുടെ അടുത്തേക്ക് ചെന്നു.
അഭി അവിടെയുള്ള തന്റെ സുഹൃത്തിന്റെ പക്കൽ നിന്നും സൈക്കിൾ വാങ്ങി കിച്ചുവിന്റെ വീട്ടിലേക്ക് ചലിച്ചു.
സമയം ഉച്ചയായി. ഈ സമയം തെങ്ങ് കയറ്റക്കാരൻ സുധാകരൻ ചേട്ടൻ ഇതുവഴി ചോറുണ്ണാൻ വീട്ടിലേക്ക് പോകാറുള്ളത്. അയാള് വിചാരിച്ചാലെ കിണറ്റില് വീണ തൊട്ടി എടുക്കാൻ പറ്റത്തുള്ളൂ. വേറെയാരും ഇതിനൊന്നും വേണ്ടി മെനക്കെടുമെന്നു തോന്നുന്നില്ല.
മാങ്ങ പറിക്കാൻ എടുക്കുന്ന ഒരു കൊക്കയുണ്ടായിരുന്നു, അതാണേൽ പൊട്ടിപ്പോയി. അല്ലായിരുന്നേൽ കൊക്കയുപയോഗിച്ച് തോട്ടിയെടുക്കാൻ ഒരു കൈ നോക്കാ മായിരുന്നു.
ഓരോന്ന് ചിന്തിച്ച് സുചിത്ര ഉമ്മറത്തേയ്ക്ക് ചെന്നു.
ഈ സമയം സൈക്കിൾ ചവിട്ടികൊണ്ട് അഭി അവിടെയെത്തി.
ഇവനെന്താ ഈ സമയം ഇവിടെ..?
സുചിത്ര സംശയിച്ചു.
സുചിത്രയെ കണ്ട അഭിയൊന്ന് ഞെട്ടി. കുഴപ്പാവോ.. അവൻ ശങ്കി ച്ചു.
” ഈ സമയം നീയെന്താ ഇവിടെ..? ഇന്ന് ക്ലാസ്സിന് പോയില്ലേ…? ”
സുചിത്ര ചോദിച്ചു.
” ഇല്ല ചേച്ചി.. ഇന്ന് പോയില്ല. ഒരു ക്രിക്കറ്റ് ടുർണമെന്റ് ഉണ്ടായിരുന്നു. ”
അവൻ പതുങ്ങി പതുങ്ങി പറഞ്ഞു.
” കിച്ചു ഉണ്ടോ നിങ്ങടെ കൂടെ…? ”
” ഇല്ല ചേച്ചി. അവൻ ഇന്ന് ക്ലാസ്സിന് പോയിരുന്നു. ”
അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.
” ഹം… ”
പരുങ്ങി കൊണ്ടുള്ള അഭിയുടെ സംസാരത്തിൽ നിന്നും അവൾക്ക് കാര്യം പിടികിട്ടി. കിച്ചു ടുർണമെന്റ് കളിക്കാൻ ചെന്നിട്ടുണ്ട്, ഇവൻ കള്ളം പറയുകയാ. ഇങ്ങോട്ട് വരട്ടെ കിച്ചുവിന് കാണിച്ചു കൊടുക്കുന്നുണ്ട്.
” ചേച്ചി ഈ ബാറ്റ് എടുക്കുന്നുണ്ടെ..? ”
അവൻ ഉമ്മറത്തു നിന്ന് ബാറ്റ് എടുത്തുകൊണ്ടു പറഞ്ഞു.
സുചിത്ര അവന് മറുപടി കൊടുത്തില്ല.
അഭി ബാറ്റ് സൈക്കിളിന്റെ പിന്നിൽ ഇറുക്കി വച്ച് പോകാൻ തുടങ്ങി.
അപ്പഴാണ് സുചിത്ര ആ കാര്യം ചിന്തിച്ചത്.