സംസാരിക്കുന്നതിന് മുമ്പ് അവൾ ഒരു ദീർഘനിശ്വാസം എടുത്തു. “ശരി, മനസ്സിലായി. നമ്മൾ പോകെ പോകെ പരസ്പരം ഇഷ്ട്ടപ്പെടാത്ത കാര്യങ്ങൾ പഠിക്കേണ്ടത് ഉണ്ട്. ഇതെല്ലാം അതിന്റെ ഭാഗമാണ് എന്ന് ഞാൻ വിശ്ശ്വസിക്കുന്നു. താങ്കളുടെ മാതാപിതാക്കൾ ഉൾപ്പെടുന്ന എന്ത് കാര്യവും ഇനിമുതൽ ഉടൻ തന്നെ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തും.”
“നല്ലത്.”
“താങ്കൾ ഇനി താങ്കളുടെ മാതാപിതാക്കളെ കാണാൻ പോകുമ്പോൾ താങ്കൾ എന്നെയും അവരുടെ അടുത്തേക്ക് കൊണ്ട് പോകണമെന്ന് താങ്കളുടെ അമ്മ പറഞ്ഞു. താങ്കൾക്ക് കുറച്ച് പുതിയ വസ്ത്രങ്ങൾ എടുക്കണമെന്നും, ഗെയിമിംഗിൽ വളരെ കുറച്ച് സമയം മാത്രമേ ചെലവഴിക്കനുള്ളു എന്ന് ഉറപ്പുവരുത്താനും, കൂടുതൽ പച്ചക്കറികൾ കഴിപ്പിക്കണമെന്നും അമ്മ എന്നോട് പറഞ്ഞു.” കൂടുതൽ വിവരങ്ങൾ കൈമാറുമ്പോൾ പ്രിയയുടെ കണ്ണിൽ ഒരു ചെറിയ വെല്ലുവിളി ഉണ്ടായിരുന്നു. “എന്റെ കൈയ്യിൽ താങ്കളുടെ ഫോൺ ഉണ്ടായിരുന്നതിനാൽ ഞാൻ താങ്കളുടെ സ്വകാര്യ ഇമെയിലുകളും പരിശോധിച്ചു. അതിന്റെ വിശദ വിവരങ്ങൾ വേണോ?”
“എപ്പോഴാണ് എനിക്ക് എന്റെ ഫോൺ തിരികെ ലഭിക്കുന്നത്?” തന്റെ സ്വകാര്യത നഷ്ട്ടപ്പെടുന്നതിൽ നീരസപ്പെട്ട് കൊണ്ട് ആദിത്യൻ ചോദിച്ചു.
“താങ്കൾക്ക് ഇന്ന് ഉച്ചതിരിഞ്ഞ് ഒരു പുതിയ പ്രോട്ടോടൈപ്പ് ഫോൺ ലഭിക്കും. അത് താങ്കളുടെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കാൻ മാത്രം ഉള്ളത് ആണ്. ഞാൻ താങ്കളുടെ ബിസിനസ്സ് ഫോൺ കൈകാര്യം ചെയ്യും. താങ്കൾ എടുക്കേണ്ട ഒരു കോൾ അതിൽ വന്നാൽ ഞാൻ അത് താങ്കൾക്ക് തരും.”
“ഞാൻ ഏത് കോളുകൾ എടുക്കണമെന്നും ഏതൊക്കെ കോളുകൾ ചെയ്യണമെന്നും നിങ്ങൾ ആണോ തീരുമാനിക്കുന്നത്?” ആദിത്യൻ മുഖത്ത് വിശ്വാസം വരാത്ത ഒരു ഭാവത്തോടെ ചോദിച്ചു.
പ്രിയ ആശയ കുഴപ്പത്തിലായി. “ആദിത്യ, മിസ്റ്റർ മനു വർമ്മക്ക് ഓരോ ദിവസവും ആയിരക്കണക്കിന് കോളുകൾ ഓഫീസിലേക്ക് വരുമായിരുന്നു. വളരെ കുറച്ച് പേരുടെ കോളുകൾ മാത്രമേ അദ്ദേഹത്തിന്റെ മേശയിലേക്ക് എത്തുകയുള്ളു. കൂടാതെ ഞാൻ ഇപ്പോൾ താങ്കളുടെ ഷെഡ്യൂൾ മാനേജ് ചെയ്യുന്നു, അതിനാൽ താങ്കളുടെ ബിസിനസ്സ് കോളുകളും ഞാൻ മാനേജ് ചെയ്യുന്നത് ശരിക്കും ഒരു പ്രശ്‌നമാണോ? ഇത് എന്റെ ജോലിയുടെ ഒരു ഭാഗം ആണ്.”
താൻ വല്ലാതെ ദേഷ്യപ്പെടുന്നു എന്ന് മനസിലാക്കിയ ആദിത്യൻ ഒരു ദീർഘനിശ്വാസമെടുത്തു. തന്റെ കൂടെ തന്നെ നില്കുന്നു എന്നത് അല്ലാതെ മറ്റൊരു കാരണവും ഇല്ലാതെ താൻ ഇപ്പോൾ പ്രിയയുമായി തർക്കിക്കുകയാണ്. തന്റെ മാതാപിതാക്കളെ കുറിച്ച് ഉള്ള അഭിപ്രായം പ്രിയയോട് പറഞ്ഞ് കഴിഞ്ഞു. അത് അതിന്റെ അവസാനമായിരിക്കണം, പക്ഷേ ചില കാരണങ്ങളാൽ താൻ അവളുടെ അടുത്ത് വഴക്കിന് പോവുകയാണ്. സ്വന്തം പെരുമാറ്റത്തിൽ ആദിത്യന് വല്ലാത്ത അസ്വസ്ഥത തോന്നി.
“പ്രിയ ഞാൻ ഇപ്പോൾ കുറച്ച് ദേഷ്യത്തിൽ ആണെന്ന് ഞാൻ കരുതുന്നു, എന്ത് കൊണ്ടെന്ന് എനിക്കറിയില്ല. എന്റെ മാതാപിതാക്കളെ കുറിച്ച് ഉള്ള കാര്യങ്ങൾ മുൻകൂട്ടി അറിയണമെന്ന് ഞാൻ പറഞ്ഞത് എല്ലാ അർത്ഥത്തിലും എന്റെ ഉറച്ച തീരുമാനം ആണ്. എന്നാൽ മറ്റെല്ലാ കാര്യങ്ങളിലും മുഷിഞ്ഞ് സംസാരിച്ചതിൽ ഞാൻ ക്ഷമയാചിക്കുന്നു.”
“ഓ, ദൈവമേ,” പ്രിയ പിറുപിറുത്തു. അവൻ മറ്റൊരാളായി മാറിയത് പോലെ അവൾ ആദിത്യനെ നോക്കി.
“എന്ത്?”
“ഇനി താങ്കൾക്ക് വേണ്ടി ജോലി ചെയ്യുന്നത് രസകരമായിരിക്കും.” പ്രിയ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “ഞാൻ ഇതുവരെ ക്ഷമാപണവും ന്യായമായ പെരുമാറ്റവും മേലുദ്യോഗസ്ഥനിൽ നിന്ന് കണ്ടിട്ട് ഇല്ല. ഇത് ശരിക്കും നല്ല ഒരു അനുഭവം ആണ്.”