” ഞാൻ അർഹിക്കുന്ന ഒരു ജിവിതം എനിക്ക് തരാൻ നിങ്ങൾക്ക് കഴിയില്ല…. എന്റെ നഷ്ടങ്ങളിൽ വേദനിച്ച് തനിയെ കാരാഗൃഹത്തിൽ കഴിയാനും ഞാൻ അശക്തയാണ്…. എന്നെ വധിക്കാനുള്ള ഒരിത്തിരി ദയയെങ്കിലും കാണിക്കൂ…..”.. എന്നും പറഞ്ഞ്, പൊട്ടി ചീറിക്കരഞ്ഞ്…തളർന്ന അവൾ നിലത്തേക്കിരുന്നു.
ആകെ ഉള്ളുലഞ്ഞ് തകർന്ന് ഹിർക്കൽ ശേബയെ ഒന്ന് നോക്കി….
ദേഷ്യം കൊണ്ട് ശേബ വിറക്കുന്നുണ്ടായിരുന്നു…
അതിനിടയിലൂടെ ഇഷ്താരയുടെ ഇടറിപ്പതറിയ … വാക്കുകൾ അവരുടെ രണ്ടാളുടെയും കാതിലേക്ക് ചീറിയെത്തി
” ആകെ നികുതി വരുമാനത്തിന്റെ പാതിയും നിങ്ങൾക്ക് തരാം…. ഹിർക്കലിന്റെ സുരക്ഷ ഞങ്ങളുടെ രാജ്യത്തിന് ദൈവീക സുരക്ഷ പ്പോലെ സന്തോഷം നൽകുന്നതാണ്… ഞങ്ങളെ വെറുതേ വിടണേ എന്ന് കരഞ്ഞു കാലു പിടിച്ചിട്ടും…. എന്റെ ബാവ (പിതാവ്)യുടെ തലവീശിയ അങ്ങയുടെ സേനാനായകന്റെ പകുതി ഹൃദയ കാഠിന്യമെങ്കിലും കാണിച്ച്… എന്നെ ഒന്ന് കൊന്നു തരൂ……”
ഇത് കൂടി കേട്ടതോടെ റാണി ശേബ ബിദൂയിന്റെ ക്ഷമയുടെ പിടി വിട്ടു …
എഴുന്നേറ്റ് നിന്നതും അവളുടെ വലത് കൈയ്യിലുള്ള കുൻജാര മിന്നൽവേഗത്തിൽ വായുവിലൂടെ പായുന്നതാണ് സുൽത്താൻ കണ്ടത്…
ഞെട്ടിത്തരിച്ച് നോക്കുമ്പോൾ .. ,
കഴുത്ത് തുളച്ച് അപ്പുറം കടന്ന കുൻജാരയുടെ പിടിയിൽ കൈ വെച്ച് ചോര ചീറ്റിത്തെറിച്ച് കണ്ണ് തുറിച്ച് റസാബഘേരി എന്ന തന്റെ സേനാനായകൻ പിന്നോട്ട് മലച്ചു വീണിരുന്നു.
മുഖത്തോട്ട് തെറിച്ച ചോര തുള്ളികൾ തുടച്ച് പരിഭ്രാന്തിയോടെ ഇഷ്താര പിടഞ്ഞെഴുന്നേറ്റപ്പോഴേക്കും “ഞങ്ങളോട് മാപ്പാക്കണം മോളേ….” എന്ന് പറഞ്ഞ് ഓടി വന്ന് മാഹാറാണി അവളെ വാരിപ്പിടിച്ചിരുന്നു.
“കപ്പം തരാൻ സമ്മതിച്ചവരുടെ രക്തം ചിന്തിയ ചരിത്രം ഇന്ന് വരെ പേർഷ്യക്ക് ഇല്ലായിരുന്നു..ഒരിക്കലും മായാത്ത കളങ്കം ഞങ്ങൾക്ക് വന്നിരിക്കുന്നു … ഇനി മോളാണ് ഈ രാജ്യത്തിന്റെ മഹാറാണി…. ചക്രവർത്തി നിന്നെ വേൾക്കും… ഞാനും മകനും ഈ കൊട്ടാരം വിട്ടു പോകും…അദ്ദേഹത്തിന്റെ യശസ്സിന് കളങ്കം വീഴ്ത്തിയ ഈ പാപത്തിന് ഇങ്ങനെ ഒരു പരിഹാരമെങ്കിലും ഭാര്യ എന്ന നിലയിൽ ഞാൻ ചെയ്തേ പറ്റൂ… വിഷമം ഒന്ന് കുറഞ്ഞെതിന് ശേഷം മോൾടെ സമ്മതമെന്നുള്ള തീരുമാനമാണ് എനിക്ക് വേണ്ടത് ………”
കടുത്ത മനോവിഷമത്തിനിടയിലും ശേബയുടെ വാക്കുകൾ കേട്ട ഇഷ്താര അമ്പരന്ന് ഒരു നിമിഷം നിന്നു പോയി…
മാസങ്ങൾ കഴിഞ്ഞ്..
വിഷമമൊന്ന് കുറഞ്ഞ ശേഷം, ഒട്ടും.. മനസ്സില്ലാ മനസ്സോടെ…. ശേബയും മോനും കൊട്ടാരം വിടുകയോ ഹിർക്കലുമായുള്ള ബന്ധം വേർപ്പെടുത്തുകയോ ചെയ്യില്ല എന്ന ഉറപ്പിൽ ഇഷ്താര ശേബയോടൊപ്പം ചക്രവർത്തിയുടെ സമപത്നിയായി. ഇന്ന് പേർഷ്യയുടെ ദർബാറിലെ ഭരണ സിംഹാസനത്തിൽ ഒരു മനവും മൂന്ന് മെയ്യുകളുമാണ്. നടുക്ക് ഹിർക്കലും ഇടതും വലതും രണ്ട് പത്നിമാരും.
ബുദൂർ രാജകുമാരിയുടെ ജനനത്തിൽ നിഷാപൂരിലെങ്ങും ഒരാഴ്ച നീണ്ട ആഘോഷ രാവുകളായിരുന്നു.
കൊട്ടാരത്തിനകത്ത് സന്തോഷപ്പെരുമഴ പെയ്തു നിറയുന്ന ദിനങ്ങൾടെ വരവായിരുന്നു പിന്നെ.