ബുദൂർ ഇഫ്രീത്തിന്റെ റാണി 4
Budoor Efrithinte Raani Part 4 | Author : Surdas | Previous Part
നഗരവീഥികളെല്ലാം തൂത്ത് വൃത്തിയാക്കി, ഒലിവിലകൾ കോർത്ത് അലങ്കരിച്ചിരിയ്ക്കുന്നു.
ഒരു നാഴിക രണ്ടു നാഴിക ഇടവിട്ടുള്ള ദൂരങ്ങളിലെല്ലാം ധൂപക്കുറ്റികളിൽ നിന്നുയരുന്ന സുഗന്ധം അവിടെയെങ്ങും അലയടിച്ച് കൊണ്ടിരുന്നു…
രാത്രിയും പകലുമെന്നില്ലാതെ നഗരത്തിലെ മെഹ്ഫിൽ മജ്ലിസുകളിൽ നിന്ന് സംഗീത വിരുന്നിന്റെ അലയൊലികൾ ഉയരുന്നുണ്ട്…
വീഞ്ഞ് തീർന്ന ചഷകങ്ങൾ നിറയുന്നു….. ഒഴിയുന്നു….
തീർന്നു പോകാതിരിക്കാനെന്നോണം ഒട്ടകപ്പുറത്ത് രാജ്യത്തിന്റെ പല ദിക്കിൽ നിന്നും വീഞ്ഞും സുഗന്ധദ്രവ്യങ്ങളും നഗരത്തിലേക്ക് ഒഴുകുന്നുണ്ട്.
ഇളയ ആട്ടിൻ കുട്ടികളെ അറുത്ത് വിഭവസമൃദ്ധമായ കാബിരി സദ്യ,
അതിഥികൾക്കും പ്രജകൾക്കും വിശാലമായ ഭോജന ശാലകളിൽ ഒരുക്കിയിരിക്കുന്നു…
അയൽ രാജ്യങ്ങളിലെ രാജാക്കൻമാരെല്ലാം ക്ഷണിക്കപ്പെട്ട അതിഥികളായി, വില കൂടിയ സമ്മാനങ്ങളുമായെത്തി ചക്രവർത്തിയുടെ കൊട്ടാരത്തിൽ ആഘോഷത്തിമിർപ്പിലാണ്.
ഒന്നിനും ഒരു കുറവില്ലാത്ത വിധം കാര്യങ്ങൾക്കെല്ലാം മേൽനോട്ടം കൊടുത്ത് രാജ്യത്തിന്റെ എല്ലാ പ്രവിശ്യാ ഗവർണർമാരും ഒത്തൊരുമിച്ച് തങ്ങളിൽ ഏൽപ്പിച്ച കടമകൾ അതിന്റെ പൂർണതയിൽ തന്നെ ചെയ്യുന്നുണ്ട്.
നാടും.. നഗരവും…കൊട്ടാരവും, ആഹ്ലാദത്തിമിർപ്പിലായിട്ട് ഇന്ന് ആറാമത്തെ ദിവസമാണ്…
രാജ്യം കണ്ട ഏറ്റവും വലിയ സന്തോഷോത്സവത്തിലൂടെ കടന്ന് പോവുകയാണ് പേർഷ്യൻ തലസ്ഥാന നഗരമായ നിഷാപൂർ….
നാളെയാണ് ഏഴാം നാൾ…
ആ മഹാസുദിനം…