കപ്പം കൊടുത്ത് കീഴടങ്ങുകയാണെങ്കിൽ രക്തചൊരിച്ചിൽ ഒഴിവാക്കണം എന്ന് ഹിർക്കലിന്റെ കൽപനയുണ്ട്.
യുദ്ധത്തിൽ പിതാവും സഹോദരങ്ങളും വധിക്കപ്പെട്ട്… അനാഥയായ ഇഷ്താരയെ ബന്ദിയാക്കി, സേനാനായകൻ റാസ ബഘേരി കൊട്ടരത്തിൽ പിടിച്ച് കൊണ്ട് വന്നു.
കരഞ്ഞു കരുവാളിച്ച് പഴം തുണി പോലെ തളർന്നു വീണിരുന്ന അവളെ ദർബാറിലേക്ക് വലിച്ചിഴച്ചാണ് റാസ ബഘേരി കൊണ്ട് വന്നിട്ടത്.
കാബൂളിയൻ രാജവംശത്തിലെ അവശേഷിക്കുന്ന ഏക തരി.
വധിക്കണോ വേണ്ടയോ എന്ന് ചക്രവർത്തി ഹിർക്കലിന് തീരുമാനിക്കാം.
ഇഷ്താര മുഖമൊന്നുയർത്തി നോക്കിയപ്പോൾ കണ്ടത് സിംഹാസനത്തിലിരിക്കുന്ന ഹിർക്കലിനെയും, വലത് സമീപത്ത് അത് പോലെ മറ്റൊരു സിംഹാസനത്തിലിരിക്കുന്ന ശേബയെയുമാണ്….
പേർഷ്യൻ ചക്രവർത്തി തന്റെ ഭാര്യക്ക് ഭരണ കാര്യങ്ങളിൽ അതിയായ പ്രാധാന്യം നൽകിയിരുന്നു.
തന്റെ കുടുംബത്തിന്റെ
സമൂലനാശത്തിന് കാരണക്കാരനായ ഹിർക്കലിനെ കണ്ടതും ഇഷ്താര ദേഷ്യം കൊണ്ട് ചുവന്നു വിറച്ചു…
എവിടെ നിന്നോ വന്ന ശക്തിയിൽ അവൾ പിടഞ്ഞെഴുന്നേറ്റ് നിന്ന് സുൽത്താനെ നോക്കി ചീറി.
“രക്തപ്പുഴയൊഴുക്കി ശിരസ്സില്ലാത്ത കബന്ധങ്ങൾ കുന്നുകൂട്ടി…. നിങ്ങൾ വിശാലമാക്കുന്ന പേർഷ്യാ സാമ്രാജ്യത്തിൽ നിങ്ങൾക്ക് അവസാന ഉറക്കമുറങ്ങാൻ ആറടി മണ്ണില്ലാത്തത് കൊണ്ടാവുമല്ലോ… അല്ലേ.. നിങ്ങൾ കാബൂളു കൂടെ പിടിച്ചെടുത്തത്….
അങ്ങയ്ക്ക് മനസ്സും മനസ്സാക്ഷിയും ഉണ്ടോ എന്നറിയില്ല. …..
സ്വന്തം കൺമുന്നിൽ പിതാവും സഹോദരങ്ങളും ബന്ധുക്കളും തലയറ്റും കുത്തേറ്റും പിടഞ് മരിക്കുന്നത് കാണാൻ ഇട വന്നൊരു പെൺകുട്ടി, ചങ്ക് പൊട്ടി ശപിച്ചാൽ തകർന്ന് തരിപ്പണമാകുന്ന ഉറപ്പേ നിങ്ങൾ ആണുങ്ങൾ ഉണ്ടാക്കുന്ന സിംഹാസനങ്ങൾക്കുള്ളൂ…..
പിറന്ന് വീഴുന്ന പെൺകുട്ടികൾക്ക് സംരക്ഷണം നൽകാനും വിവാഹപ്രായമായാൽ… അവരുടെ കൈ പിടിച്ചു കൊടുക്കാനും വീട്ടിലുള്ള പുരുഷൻമാരെ സംരക്ഷിക്കുന്നവരാകണം തന്റെ രാജാവ് എന്ന ഓരോ പെൺ പ്രജകകളുടെയും,സ്വപ്നത്തിന് മീതെയാണ് താങ്കളുടെ യുദ്ധങ്ങൾ മരണമണിയടിച്ചത് ”
സുൽത്താനെ അവമതിച്ച് കൊണ്ടുള്ള, ഇഷ്താരയുടെ വാക്കുകൾ ശേബയുടെ കണ്ണുകളിൽ ദേഷ്യത്തിന്റെ ചുവപ്പ് പടർത്തി…
തികഞ്ഞ അഭ്യാസി കൂടിയായ ശേബയുടെ കൈകൾ അവളുടെ എളിയിലുള്ള സ്വർണ്ണം പതിച്ച ഉറയിലുള്ള “കുൻജാര ” യിൽ പിടിമുറുക്കി വിറച്ചു.(അറ്റം കൂർത്ത് നേർത്ത് അൽപം വളഞ്ഞ ഒരടി നീളമുള്ള സ്വർണ്ണം കെട്ടിയ കഠാര പോലുള്ള ആയുധം)
പ്രജകളുടെ ക്ഷേമത്തിൽ അത്രയധികം താൽപര്യമുള്ള, അവരെ മക്കളെപ്പോലെ സ്നേഹിക്കുന്ന, പ്രകൃതിദുരന്തങ്ങളും മഹാമാരികളും വരുമ്പോൾ അവരെയോർത്ത് ഉറക്കം നഷ്ടപ്പെട്ട് അസ്വസ്ഥനാകുന്ന തന്റെ പതിയുടെ നേരെയാണ് ഒരു പെണ്ണ് നിന്ന് പുലിയെ പ്പോലെ ചീറ്റുന്നത്…
ഒന്ന് തേങ്ങിയിടറി ഇഷ്താര തുടർന്നു….