ഇരുട്ടും നിലാവും 3 [നളൻ]

Posted by

“സത്യം പറ” എന്നും പറന്നു കൊണ്ട് എന്റെ മുന്നിൽ മിഴിച്ചു നിന്നു.പെട്ടെന്ന് അയാളുടെ മുഖം ആകെ മാറുന്നത് പോലെ എനിക്ക് തോന്നി. അയാൾ വീണ്ടും വീണ്ടും എന്നോടു കാര്യം അന്വേഷിച്ചു..
അവസാനം പിടിച്ചു നില്ക്കാൻ വയ്യാതെ ഞാൻ അങ്ങ് തുറന്നു പറഞ്ഞു.”എനിക്ക് ചേട്ടനെ ഇഷ്ടമാണ്..
എന്താണെന്ന് അറിയില്ല.പക്ഷെ എനിക്ക് ഇയാളെ വളരെ ഇഷ്ടം ആണ്..”
കടുപ്പത്തിൽ ഒരു മറുപടി ചോദ്യം ആയിരുന്നു കിട്ടിയത്.
“ഏതു തരത്തിലുള്ള ഇഷ്ടം????”
അതിനുള്ള മറുപടി എന്താ കൊടുക്കേണ്ടത് എന്ന് അറിയാതെ ഞാൻ കുഴഞ്ഞു.

“അത്…..അത് പിന്നെ….എനിക്ക് ഇയാളെ വല്ലാത്ത ഒരു ഇഷ്ടം ആണ്..”
അയാൾ അത് കേട്ടതും കുറച്ച നേരം മിണ്ടാതെ നിന്ന്.എന്നിട്ടു എന്റെ നേരെ തിരിഞ്ഞ് അയാൾ ദേഷ്യത്തിലാണോ അതോ ആശയകുഴപ്പത്തിലാണോ എന്നറിയാത്ത മട്ടിൽ സംസാരിച്ചു.

“മോൻ എന്തും ഭാവിച്ചാണ് ഇറങ്ങി തിരിച്ചേക്കുന്നെ???
നിനക്ക് എന്താ ഇപ്പൊ ഇങ്ങനെ ഒക്കെ തോന്നാൻ കാരണം??
നിനക്ക് വട്ടായോ?? ഇതൊക്കെ ഈ പ്രായത്തിൽ കുട്ടികൾക്ക് തോന്നുന്നു ഓരോരോ വട്ടാണ്.നീ എല്ലാം മനസ്സിന് മായ്ച്ചു കളഞ്ഞേക്..”
അത് കേട്ടതും എന്റെ ഹൃദയം രണ്ടായി പിളർന്നു പോയത് പോലെയാണ് തോന്നിയത്.മനസ്സിൽ ഇടിമിന്നൽ ഏറ്റ ഒരു പ്രതീതി. കണ്ണുനീർ അണപൊട്ടി ഒഴുകുമെന്ന വിധം എന്റെ മനസ്സു വേദനിച്ചു.
ശ്വാസംമുട്ടുന്നത് പോലെ തോന്നി.കണ്ണുകൾ കലങ്ങി മങ്ങി തുടങ്ങി.കണ്ണുകൾ തുടച്ചു ഞാൻ പുറത്തേക്ക് നടന്നു..പുറകിൽ നിന്നും ആരോ എന്നെ വിളിക്കുന്നത് പോലെ തോന്നിയിരുന്നു.പക്ഷെ അത് ശ്രദ്ധിക്കാൻ പറ്റാത്ത വിധം ഞാൻ തളർന്നിരുന്നു..
മനസ്സിൽ ഒരു വലിയ കല്ല് കയറ്റി വച്ച്  നടക്കുന്നത് പോലെയാണ് ഞാൻ വീട്ടിൽ എത്തിയത്.ആരോടും ഒന്നും മിണ്ടാതെ ഞാൻ എന്റെ മുറിയിലേക്കു കയറി.
തലയിണ കടിച്ചു പിടിച്ചു ഞാൻ കുറെ കരഞ്ഞു..
കലങ്ങിയ കണ്ണുകളുമായി എപ്പോളാണ് ഉറങ്ങിയതെന്നു എനിക്ക് ഒട്ടും ഓർമ്മയില്ല…
എന്റെ കണ്ണുനീർ കാണാൻ അന്ന് കൂട്ടുണ്ടായത് എന്റെ തലയിണ മാത്രമായിരുന്നു……..

നിരസ്‌സിക്കപ്പെട്ട ആദ്യത്തെ പ്രണയം നൽകിയത് മനസ്സിന് മായാത്ത ഒരു മുറിവ് ആയിരുന്നു.മനുവേട്ടനെ കുറിച്ച് ഞാൻ കണ്ടു കൂട്ടിയ സ്വപ്നങ്ങൾ ഒറ്റ ദിവസം കൊണ്ട് ഇല്ലാതായല്ലോ എന്നോർത്ത് ഞാൻ കുറെ വിഷമിച്ചു.ഒന്നിലും ഒരു ശ്രദ്ധ ഇല്ലാതായി.പഠനത്തിലും ഭക്ഷണത്തിലും ഒന്നിലും.വീട്ടുകാരും നന്ദുവും അപ്പുവും കിരണുമൊക്കെ മാറി മാറി ചോദിച്ചു എന്താ എനിക്ക് പറ്റിയതെന്ന്. എല്ലാവരിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറി നടക്കുവാൻ തുടങ്ങി.ഒരു തരം ഒളിച്ചോട്ടം.അനാവശ്യമായ ഒളിച്ചോട്ടം.സ്കൂളും വീടുമായി ഞാൻ എന്റെ ദിവസം തള്ളി നീക്കി..അമ്പലത്തിൽ പോലും പോകാതെ ആയി.

ക്രിസ്തുമസ് പരീക്ഷ ഞാൻ ഉഴപ്പിയാണ് എഴുതിയതു.കഷ്ടിച്ച് ജയിച്ചാൽ ആകും.ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ ഉഴപ്പുന്നത്.എല്ലാവരും എന്റെ മാറ്റങ്ങൾ ശ്രദ്ധിച്ചു തുടങ്ങി.ക്ലാസ്സിലെ ഗ്യാങ്ങ് എന്നെ ഉപദേശിക്കുന്നതിനപ്പുറം എന്നെ വഴക്കു പറയാൻ വരെ തുടങ്ങി.എന്നെ എനിക്ക് സ്വയം നിയന്ത്രിക്കാൻ പറ്റാഞ്ഞ കുറച്ചു നാളുകൾ.

പ്രേമം നിരസിച്ചതിലും വലുതായിട്ടു എനിക്ക് തോന്നിയത് എന്റെ അഭിമാനം നഷ്ടമായല്ലോ എന്നോർത്തായിരുന്നു.ഞാൻ ഒരു സ്വവർഗാനുരാഗിയായ ഒരുത്താനാണെന് നാട്ടിലെ ഒരാൾ മനസിലാക്കിയല്ലോ എന്ന ഒരു അഭിമാനക്ഷതം.എല്ലാം എന്നെ വല്ലാതെ അലട്ടി.

Leave a Reply

Your email address will not be published. Required fields are marked *