“ആകാശിനോടോ??” ഞാൻ ചോദിച്ചു.
“അതെ. ഇക്കാര്യത്തിൽ അവൻ ആണ് ബെസ്റ്റ്. മിക്കവാറും അവന് നിന്നെ ഹെല്പ് ചെയ്യാൻ പറ്റും.” അത് ശരിയാണെന്ന് എനിക്കും തോന്നി.
പിറ്റേന്ന് വളരെനേരത്തേ തന്നെ ഞങ്ങൾ സ്കൂളിൽ എത്തി. പക്ഷേ വല്യ കാര്യം ഒന്നും ഇല്ലാരുന്നു. ഞങ്ങൾടെ മനസിലിരിക്കുന്നത് മറ്റാർക്കും അറിയാത്തത് കൊണ്ട് ബാക്കി പിള്ളേരെല്ലാം സാധാരണ സമയത്ത് തന്നെയാണ് വന്നത്. അതു വരെ ഞങ്ങൾ പോസ്റ്റ് ആയി.
ക്ലാസ്സ് തുടങ്ങുന്നതിനു തൊട്ട് മുന്നേയുള്ള ബസിലാണ് ആകാശ് വരുന്നത്. അതിൽ തന്നെയാണ് അശ്വതിയും വരുന്നത്. സ്കൂളിന്റെ വെളിയിൽ സൈക്കിൾ ഷെഡിൽ ഞാനും അവനും ഇരുപ്പുണ്ടാരുന്നു. ഞങ്ങടെ സ്ഥിരം സ്ഥലം ആയത് കൊണ്ട് ആരും പ്രത്യേകിച്ച് ഒന്നും പറയില്ല. ക്ലാസ്സിലേക്ക് കയറിയ ആകാശിനും അശ്വതിക്കും പിന്നാലെ ഞങ്ങളും ക്ലാസ്സിലേക്ക് കയറി.
ഞങ്ങൾക്ക് പിന്നാലെ ടീച്ചറും വന്നത് കൊണ്ട് പിന്നെ ഒന്നും പറയാൻ പറ്റില്ല. ഇന്റർവെൽ ടൈമിൽ ആകാശ് സ്റ്റാഫ് റൂമിൽ പോയത് കൊണ്ട് അപ്പോളും പറ്റിയില്ല. ഉച്ചക്കും പറയാൻ പറ്റിയ സാഹചര്യം അല്ലായിരുന്നത് കൊണ്ട് ലാസ്റ്റ് പീരിയഡ് PT ക്ക് ഞങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങിയില്ല. അവനേയും അത്യാവശ്യം ആണെന്ന് പറഞ്ഞുനിർത്തി കാര്യം പറഞ്ഞു. ഗ്രൗണ്ടിൽ ഇറങ്ങിയില്ലങ്കിലും അതിനോട് ചേർന്നുള്ള ചുറ്റുമതിലിനു മുകളിൽ ഇരിക്കുകയാണ് ഞങ്ങൾ. അവിടെ ഇരുന്നാൽ ഒരു വശത്ത് പെൺകുട്ടികൾ കളിക്കുന്നതും കാണാം.
അവനോട് കാര്യം പറഞ്ഞു.
“ടാ മറ്റുള്ളവരുടെ പോലല്ല. ഇതല്പം പാടാ.” കേട്ടമാത്രയിൽ ആകാശ് പറഞ്ഞു.
“പൊന്നളിയാ വേറെ ഒന്നും കൊണ്ടല്ല. ജാട ഇട്ട് നടക്കുന്ന പിള്ളാരേം ആരോടും മിണ്ടാതെ നടക്കുന്ന മിണ്ടാ പൂച്ചകളെയും ഒതുക്കാൻ എളുപ്പമാ. പക്ഷെ അവൾ എല്ലാരോടും മിണ്ടും പക്ഷെ ഓവർ അല്ല.. എല്ലാടത്തും ഉണ്ട്. പക്ഷേ മുന്നിലും പുറകിലും ആരിക്കില്ല. പിന്നെ പ്രധാന പ്രശ്നം മറ്റുള്ളതിനെകാൾ അല്പം വിവരം ഉള്ള കൂട്ടത്തിലാ. നേരിട്ട് ചെന്ന് പറഞ്ഞാൽ അപ്പൊ തന്നെ അവളത് ടീച്ചർമാരോട് പറയും. വെറുതെ പണിയാകും.” അവൻ പറഞ്ഞതും ശരിയാണ്. നേരിട്ട് ചെന്ന് മുട്ടാൻ പറ്റില്ല.
“ടാ നിനക്ക് ശരിക്കും ഇഷ്ടം ആണോ?? ” അനീഷ് വക കൊനഷ്ട് ചോദ്യം.
“ടാ ഇഷ്ടം ആണോന്ന് ചോദിച്ചാ, ക്ലാസിൽ അവർക്ക് ഒക്കെ ലൈൻ ആയപ്പോ എനിക്കും ഉണ്ടാരുന്നേൽ കൊള്ളാമാരുന്നു എന്നുണ്ടായിരുന്നു. അങ്ങനെ ആലോചിച്ചപ്പോൾ എന്റെ മനസ്സിൽ വന്നത് അവളുടെ മുഖം ആണ്. അല്ലേലും അവൾ അടുത്ത് ഒക്കെ വന്നാൽ എന്റെ നെഞ്ചിടിക്കും. അപ്പൊ പിന്നെ അവൾ തന്നെ മതി എന്ന് തോന്നി. പിന്നെ പിന്നെ അവളെ കാണാതിരിക്കാൻ പറ്റാത്ത പോലായി. എന്താ കുഴപ്പം ഉണ്ടോ? ” ഞാൻ വളരെ നിഷ്കളങ്കമായി തന്നെ പറഞ്ഞു.
“ടാ ഞാൻ കൂടെ നിക്കാം. പക്ഷെ അവളുടെ കാര്യം ആയത് കൊണ്ട് എനിക്ക് വല്യ സ്കോപ് ഇല്ല. കാരണം അവൾക്ക് കുറച്ചു വിവരം ഒക്കെ ഉണ്ട്. ഈപൈങ്കിളി സെറ്റപ്പ് അവളുടെ അടുത്ത് നടക്കില്ല. നമുക്ക് ട്രൈ ചെയ്യാം ” ആകാശ് പറഞ്ഞു.
“അതെ” അനീഷും പിൻതാങ്ങി.