അവയവങ്ങളുടെ വലിപ്പവും രൂപവും മാറി തുടങ്ങി. ചേട്ടന്മാർ പറഞ്ഞത് എന്ന് പറഞ്ഞ് പല പല കഥകളും ചെവികളിലൂടെ മനസിലും എത്തി.. അത്തരം കഥകൾ കേൾക്കുവാനുള്ള കൗതുകവും കൂടി..
അങ്ങനെയിരിക്കയാണ് ക്ലാസ്സിൽ ആദ്യ പ്രണയം മുട്ടിടുന്നത്. ബർത്ത് ഡേയ്ക്ക് അല്ലാതെ തന്നെ ക്ലാസ്സിലെ മെറിന് വിശാഖ് എന്നും എക്ലയേഴ്സ് കൊടുക്കുന്നതിന് പിന്നിലെ ചേതോവികാരം ഞങ്ങൾ പൊക്കി. അസ്സെംബ്ലിക്ക് താമസിച്ചു എത്തിയ ദിവസം അവർ തമ്മിലുള്ള വികാരം പ്രണയമാണെന്ന് അവർ തമ്മിൽ മനസിലാക്കി അത്രേ.. അതൊരു തുടക്കം മാത്രമായിരുന്നു. വീണ്ടും പല പല കൊടുക്കൽ വാങ്ങലുകൾ ചെറുതും വലുതുമായ കാലത്തേക്ക് മറ്റ് ക്ലാസ്സുകളിലേക്കും വ്യാപിച്ചു.
“ടാ… ”
“എന്താടാ”
“ടാ ”
“പറയടാ”
“ടാ അതുപിന്നെ.. ”
“കൂടുതൽ ഉരുളാതെ കാര്യം പറയടാ പുല്ലേ”
“എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്”
“എന്താന്ന് വച്ചാൽ പറഞ്ഞു തോലാക്ക് ”
“എന്താ അവിടൊരു ചർച്ച… ഞങ്ങൾ കൂടെ കേൾക്കട്ടെ.. വല്ല സംശയം ആണങ്കിൽ ഞാൻ പറഞ്ഞു താരം.. അതല്ല കോമെടി വല്ലതും ആണേൽ ഞങ്ങൾക്ക് കൂടെ ചിരിക്കാമല്ലോ ” എല്ലാ ടീച്ചറുമാരുടെയും ക്ലഷേ ചോദ്യം. ഉച്ച കഴിഞ്ഞുള്ള വിജയമ്മ ടീച്ചറിന്റെ കണക്ക് ക്ലാസ്സിൽ ഇരുന്നുള്ള ഞങ്ങടെ കുശുകുശുപ്പ് ടീച്ചർ പൊക്കിയപ്പോ പണി പാളിയെന്ന് എനിക്ക് മനസിലാക്കാൻ അധികം സമയം ഒന്നും വേണ്ടി വന്നില്ല. കൊനഷ്ട് ചോദ്യം പുറകെ വരും. ഉത്തരം പറഞ്ഞില്ലേ വളഞ്ഞ അയഞ്ഞ ചൂരലിന്റെ ചൂട് കൈയിൽ പതിയും..
“അതുപിന്നെ ടീച്ചറെ കലോത്സവത്തിന് ഇവന്റെ പേര് കഥക്കും ഉപന്യാസത്തിനും കൊടുക്കണം എന്ന് പറഞ്ഞതാ”
“എപ്പോ.. !!!! അല്ല… അതെ ടീച്ചറെ പേര് കൊടുക്കുന്ന കാര്യം പറഞ്ഞതാ.. ” ചൂരൽ കൊണ്ടുള്ള പ്രയോഗം പേടിച്ച് തൽക്കാല രക്ഷയ്ക്ക് അനീഷ് പറഞ്ഞത് ഞാനും സമ്മതിച്ചു.
“അത് പഠിപ്പിച്ചു കഴിഞ്ഞു വൈകിട്ട് പറഞ്ഞാ മതി എന്നല്ലേ പറഞ്ഞെ.. ഇപ്പൊ ക്ലാസ്സിൽ ശ്രദ്ധയ്ക്ക്.” ടീച്ചർ വീണ്ടും ക്ലാസ്സ് എടുക്കാൻ തുടങ്ങിയപ്പോളാണ് അനീഷ് മുട്ടൻ പണി വച്ചത് മനസിലായത്.
ക്ലാസ്സ് തുടങ്ങുന്നതിനു മുന്നേ ടീച്ചർ പറഞ്ഞിരുന്നു അടുത്തയാഴ്ച നടക്കുന്ന കലോത്സവത്തിന് പേര് കൊടുക്കുന്നവർ വയികുന്നതിന് മുന്നേ കൊടുക്കണം എന്ന്. ഈ പരുപാടിക്ക് ഞാൻ ഒഴിയും എന്ന് അറിയാവുന്ന അവൻ ടൈമിംഗിന് ടീച്ചറിനോട് അങ്ങനെ പറഞ്ഞത് കൊണ്ട് ഇനി ഒഴിയാൻ പറ്റില്ല. എഴുത്ത് പരുപാടിക്ക് എല്ലാം അവൻ കാണും. അവന് കൂട്ടിന് ഇരിക്കാൻ ആണ് ആ തെണ്ടി ഇങ്ങനെ ഒരു പണി തന്നത്. എന്തായാലും വരുന്നിടത്തുവച്ച് കാണാം.