“എന്നിട്ടും ഒന്ന് വിളിക്കാൻ നിനക്ക് തോന്നിയില്ലലോ” ഞാൻ പരിഭവം പറഞ്ഞു.
“പിന്നേ…… കുറേ തവണ വിളിച്ചിട്ടുണ്ട് നിങ്ങളെ. ബെല്ലടിക്കുമ്പോ എന്ത് പറയും എന്നറിയാൻ വയ്യാത്തതുകൊണ്ട് കട്ട് ആക്കും. നിങ്ങൾ തിരിച്ചു വിളിച്ചിട്ടും ഉണ്ട്. അപ്പൊ ഞാൻ എടുക്കില്ല” അവൾ ഞങ്ങളെ രണ്ടിനേം നോക്കി പറഞ്ഞു.
“പോടീ പുല്ലേ.. നിനക്ക് അറിയില്ല ഞങ്ങളെ അല്ലേ” അനീഷ് ശബ്ദം കലിപ്പിച്ച് പറഞ്ഞു.
“അത് പോട്ടെ.. രണ്ടു പേരും എന്ത് പറയുന്നു. കല്യാണം ഒക്കെ ആയോ, എന്നെ എങ്ങനെ കണ്ടു പിടിച്ചു?”
“ഞങ്ങൾ എന്ത് പറയാൻ.. പിന്നെ ഇത് സ്മിത. എന്റെ കസിൻ ആണ്. ഇവരുടെ കല്യാണം ആണ്. വരുന്ന സൺഡേ എൻഗേജ്മെന്റ്. അതിന് നിന്നെ ക്ഷണിക്കാൻ ആണ് വന്നത് ഇവിടെ” അനീഷ് അവൾ കാണാതെ ഞങ്ങളെ കണ്ണടച്ച് കാണിച്ചിട്ട് ഞാനും സ്മിതയും തമ്മിലാണ് കല്യാണം എന്ന് പറഞ്ഞു.
“അമലേട്ടൻ ഒരുപാട് പറഞ്ഞു കേട്ടിട്ടുണ്ട്” സ്മിത മുന്നിലേക്ക് വന്ന് അവൾക്ക് ഷേക്ക് ഹാൻഡ് കൊടുത്തു പറഞ്ഞു.
അശ്വതി ചിരിച്ചുകൊണ്ട് കൈ കൊടുത്തു.
പുറത്തേക്ക് ഞങ്ങൾ നടന്നപ്പോ സ്മിത എന്റെ കൈയിൽ കൈ കോർത്താണ് നടന്നത്.
“നിങ്ങൾ നിൽക്ക്, ഞാൻ വണ്ടി എടുത്ത് വരാം.” സ്മിത കീ വാങ്ങി വണ്ടി എടുക്കാൻ പോയി.
അവൾ നടന്നു പോയപ്പോൾ ഞങ്ങൾ അല്പം മാറി നിന്നു.
“എന്നാലും നീ ഒരു തവണ എങ്കിലും ഞങ്ങളെ ഒക്കെ ഒന്ന് വിളിച്ചിരുന്നേൽ..”
“പോട്ടെടാ… മരിക്കുന്നതിന് മുന്നേ എന്റെ അടുത്ത് നിങ്ങൾ വരും എന്ന് എനിക്ക് ഉറപ്പുണ്ടാരുന്നു.” അനീഷ് പറഞ്ഞു പൂർത്തിയാകാൻ നിൽക്കാതെ അവൾ പറഞ്ഞു. നടുക്ക്നിന്ന അവൾ ഇരുവശത്ത് നിന്ന ഞങ്ങളുടെ കൈയിൽ കൈ കോർത്ത് നിന്നു.
“നിങ്ങൾ ഒക്കെ ഒരുപാട് മാറി.. പണ്ടത്തെ സ്കൂൾ പിള്ളേരുടെ മുഖമാണ് എന്റെ മനസ്സിൽ ഇപ്പോളും” അവൾ പറഞ്ഞു. പണ്ട് ഏകദേശം ഒരേ നീളം ആയിരുന്നു ഞങ്ങൾ. ഇപ്പോ അശ്വതിക്ക് എന്റെ താടിയുടെ അത്രയും നീളമേ ഒള്ളൂ.
“താടി ഒക്കെ വച്ച് വല്യ ആണുങ്ങൾ ആയി പോയി” അവൾ അനീഷിന്റെ താടിയിൽ പിടിച്ചു വലിച്ചു പറഞ്ഞു.
“നിന്റെ അമ്മ?” ഞാൻ അവളെ നോക്കാതെ പറഞ്ഞു.
“മരിച്ചു. പാവം അവസാനം ഒരുപാട് നാൾ ആശുപത്രിയിൽ ഒക്കെ ആരുന്നു.. ഒരുപാട് കഷ്ടപ്പെട്ടു. ഞാൻ മാത്രമേ ഒള്ളായിരുന്നു. അവസാന നാളുകളിൽ എന്നെ ഒരുപാട് ഇഷ്ടം ആരുന്നു. അച്ഛന്റെ പേരും പറഞ്ഞ് ഒരുപാട് കരയുമാരുന്നു. പാവം. അമ്മ മറിച്ചു കഴിഞ്ഞാ ജോലി കിട്ടി ഞാൻ ഇവിടെ എത്തിയെ.” അവൾ എങ്ങോട്ടോ നോക്കി പറഞ്ഞു.
എന്റെ കൈയിൽ അമർത്തി പിടിച്ചിട്ടുണ്ടങ്കിലും അനീഷിന്റെ അരയിലൂടെ കയ്യിട്ടു അവനെ ചാരി ആണ് നിൽക്കുന്നത്.
അപ്പോളേക്കും സ്മിത കാറുമായി വന്നു.
“വാ” വിളിച്ചിട്ട് ഞാൻ സാധാരണ പോലെ ബാക്ക് സീറ്റിലും അനീഷ് ഫ്രണ്ട് സീറ്റിലും ഇരിക്കുന്നത് കണ്ട് ഒന്ന് നോക്കിട്ട് അവൾ ബാക്കിൽ കയറി.
“പിന്നെ വീട്ടിൽ എല്ലാരും എന്ത് പറയുന്നു.. വേണു മാഷും നിന്റെ അച്ഛനും അമ്മയും ഒക്കെ… ” അവൾ ഞങ്ങളോട് ചോദിച്ചു.