ഒരു പൂ കടയുടെ വണ്ടി ആണത്. പിന്നിൽ ചെറിയ ബാസ്കറ്റ് ഫിറ്റ് ചെയ്തിട്ടുണ്ട്. വണ്ടി നിർത്തിയപ്പോ അവൾ എന്നെ വിളിച്ച് ബാസ്കറ്റിന്റെ പിന്നിലെ ഫോട്ടോ കാണിച്ചപ്പോൾ ആണ് എനിക്ക് അവൾ വണ്ടി തടഞ്ഞു നിർത്തിയത് എന്തിനാണെന്ന് മനസിലായത്.
അശ്വതിയുടെ ഫ്രണ്ട്‌സ് ലിസ്റ്റിൽ അവളെ ടാഗ് ചെയ്ത ഫോട്ടോ ഇട്ട അകൗണ്ട് പ്രൊഫൈൽ പിക്ചർ ആ ബാസ്കറ്റിന് പിന്നിലെ പൂക്കളുടെ ഫോട്ടോ തന്നെയാണ്.
അശ്വതിയെ അറിയാമോ എന്നും അവളുടെ ഫേസ്ബുക് അക്കൗണ്ടിനെ പറ്റിയും പ്രൊഫൈലിനെ കുറിച്ചും ഒക്കെ ഞാൻ ആ പയ്യനോട് വികാര ഭരിതമായി ചോദിച്ചുകൊണ്ടേ ഇരുന്നു. അവൻ ആണേൽ പൊട്ടൻ ആട്ടം കാണുന്ന പോലെ എന്റെ ചെയ്തികൾ കണ്ട് നോക്കി നിൽക്കുന്നതെ ഒള്ളൂ. എന്റെ ആവേശം കണ്ടപ്പോ ഞാൻ മലയാളത്തിൽ പറഞ്ഞത് സ്മിത അവനോട് കന്നടയിൽ ചോദിച്ചു. അവൻ എന്തൊക്കെയോ മറുപടിയും പറയുന്നുണ്ട്. എന്നെ നോക്കി അവൻ എന്തോ പറഞ്ഞിട്ട് കൈയിൽ ഒക്കെ പിടിച്ചു ഷേക്ക് ഹാൻഡ് തരുന്നു. അവൻ പറഞ്ഞതിൽ എന്റെ പേര് പറഞ്ഞത് മാത്രമേ എനിക്ക് മനസിലായുള്ളു. ഞാൻ സ്മിതയെ നോക്കി.
“ആ അക്കൗണ്ട് ഇവന്റെ അല്ല, ഇവന്റെ ചേച്ചിടെയാ. പക്ഷെ അശ്വതിയെ ഇവന് അറിയാം ഇവരുടെ വീടിന് അടുത്ത് ആരുന്നു അവർ താമസിച്ചത്. നിങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്. ഇപ്പൊ അവൾ ഇവരുടെ അടുത്ത് അല്ല താമസിക്കുന്നത് പക്ഷെ റെയിൽവേ സ്റ്റേഷനിൽ വച്ച് മിക്കവാറും അവളെ കാണും. ഇവർ എന്നും ഇതുവഴി പോകുന്നതാ. ഇവരുടെ കൈയിൽ നിന്ന് പൂ വാങ്ങി ചേച്ചി അമ്പലത്തിൽ കൊടുക്കും. പക്ഷേ പ്രശ്നം എന്താണ് എന്നുവച്ചാ ഇന്നലെ അശ്വതി ചേച്ചിക്ക് പുതിയ സ്ഥലത്തേക്ക് ജോലി സ്ഥലം മാറ്റം ആയി ഇന്നലെ ചെന്നൈലേക്ക് പോയി. ഇനി എന്താ ചെയ്യുക” സ്മിത കുറച്ചു നിരാശയോടെ അവൻ പറഞ്ഞത് എന്നോട് പറഞ്ഞു.
പക്ഷെ ഞാൻ ഹപ്പി ആരുന്നു. ഇപ്പൊ അവളെകുറിച്ച് കൂടുതൽ അറിയാം. കണ്ടെത്താൻ കുറച്ചു കൂടെ വഴികൾ ഉണ്ട്.
പയ്യൻ പിന്നേം എന്തൊക്കെയോ പറഞ്ഞപ്പോ സ്മിത ഫോൺ എടുത്ത് ഡയൽ ചെയ്തു.
“ചേട്ടാ നമ്പർ ഉണ്ട്. പക്ഷേ വിളിച്ചാൽ എടുക്കാറില്ല എന്നാ ഇവൻ പറയുന്നേ. വിളിച്ചിട്ട് ബെൽ ഉണ്ട്. എടുക്കുന്നില്ല. പിന്നെ സ്ഥലം മാറ്റം പെട്ടന്ന് ആയതുകൊണ്ട് അത്യാവശ്യം സാധനങ്ങൾ ഒക്കെയെ എടുത്തുട്ടുള്ളു. അവിടുത്തെ സാഹചര്യം അനുസരിച്ചു ഇവിടെ വന്ന് ബാക്കി സാധനങ്ങൾ എടുക്കും എന്നാ പറഞ്ഞേക്കുന്നെ. അപ്പോ എന്നേലും തിരിച്ചു വരും” സ്മിത പറഞ്ഞപ്പോ ഞാൻ വീണ്ടും ഹാപ്പി ആയി. അനീഷ് അപ്പോളേക്കും വന്നപ്പോ കാര്യങ്ങൾ അവനോട് പറഞ്ഞു.
“ഇനി എന്താ ചെയുക.. ചെന്നൈക്ക് പോയാലോ? അല്ലേൽ അവൾ തിരിച്ചു വരുന്ന വരെ ഇവിടെ നിൽക്കുന്നോ? പക്ഷെ അത് എന്നാണെന്ന് അറിയില്ലലോ” അനീഷ് ചോദിച്ചു.
“ബൈ പ്രൊഫൈൽ ഞാൻ ഒരു tv ന്യൂസ് റിപ്പോർട്ടർ ആണല്ലോ.. അപ്പൊ പിന്നെ അത്യാവശ്യം കോൺടാക്ട്സ് ഒക്കെ ഉണ്ട്. ഇനി അവളെ കണ്ടുപിടിക്കാൻ വല്യ പാടില്ല.” ഞാൻ പിന്നിലേക്ക് കൈ നിവർത്തി സ്‌ട്രെച് ചെയ്ത് നെടുവീർപ്പിട്ട് പറഞ്ഞു. സ്മിതയുടെ കൈയിൽ നിന്ന് അവളുടെ നമ്പർ വാങ്ങി. അപ്പോളേക്ക് പയ്യൻ എന്തേലും ഉണ്ടങ്കിൽ വിളിച്ചാ മതി എന്ന് പറഞ്ഞ് നമ്പർ തന്നിട്ട് പോയി.
“നിങ്ങൾ നിൽക്കുന്നോ പൊന്നോ?” മൊബൈലിൽ സംസാരിച്ചിട്ട് ഞാൻ അവരോട് ചോതിച്ചു.
“അപ്പൊ നീ എവിടെ പോവാ?, അവളെ തിരക്കി പോകാൻ ആണേ ഞാനും വരുന്നുണ്ട്” അനീഷ് പറഞ്ഞു. എന്റെ മുഖത്തെ പ്രസന്നത കണ്ടാണ് അവൻ പറഞ്ഞത്. ഞാൻ അവരെ രണ്ടിനെയും ചേർത്ത് നിർത്തി.