“നിശ എന്ന അക്കൗണ്ടിൽ കുറേ കഥകൾ ഒക്കെ വന്നിട്ടുണ്ട്. പക്ഷെ അതിൽ കഥ അല്ലാതെ ചില വരികൾ മാത്രം പോസ്റ്റ് ചെയ്തേക്കുന്നത് അപൂർവം ആണ്, അതിൽ ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാം അച്ഛനും മക്കളും അല്ലങ്കിൽ തിരിച്ചും ഒള്ള സ്നേഹം വരുന്ന വാചകങ്ങൾ ആണ്. പക്ഷെ ഈ ഒരെണ്ണം മാത്രം അങ്ങനെ അല്ല.” അവൻ വീണ്ടും ഫോൺ കാണിച്ചു.
അവൾ അത് വായിച്ചിട്ട് കൈയിൽ ഇരുന്ന മാഗസിൻ നോക്കി. എന്നിട്ട് ഞങ്ങളെയും.
“അതെ അതേ വരികൾ തന്നെ… പിന്നെ അതിന് വേറെ ഒരു പ്രത്യേക കൂടി ഉണ്ട്. ഈ പോസ്റ്റ് ഇട്ടിരിക്കുന്ന ദിവസം ആണ് ഇവൻ ചാനലിൽ കയറിയിട്ട് ആദ്യം ആയി ക്യാമറക്ക് മുന്നിൽ വരുന്നത്. എന്ന് വച്ചാ ഇവനെ ചാനലിലൂടെ ആദ്യം ലോകം കണ്ട ദിവസം. അതായത് ഇവനെ വർഷങ്ങൾക്ക് ശേഷം കണ്ടിട്ട് ആകാം അവൾ ഇത് പോസ്റ്റ് ചെയ്തത്” അവൻ പറയുന്നത് കേട്ട് ഞാൻ സോഫയിൽ മലർന്ന് കണ്ണടച്ചു കിടന്നു. മനസ്സിൽ അശ്വതിയും. ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു മാറ്റിയപ്പോളാണ് ഞാൻ കണ്ണ് തുറന്നത്. സ്മിത ആയിരുന്നു അത്. അവൾ എന്റെ കവിളിൽ ഒഴുകിയ കണ്ണുനീർ തുടച്ചു. എന്നിട്ട് രണ്ടു കവിളിലും കൈപ്പത്തി ചേർത്ത് വച്ചു.
“എന്റെ സ്വന്തം ചേട്ടൻ ആയാ ഞാൻ കാണുന്നെ, ആ ചേട്ടന് ചേട്ടന്റെ ജീവനെ കണ്ടുപിടിക്കാൻ ഞാൻ കൂടെ ഉണ്ടാകും” അത് പറഞ്ഞപ്പോൾ അവളുടെ കണ്ണും നിറഞ്ഞിരുന്നു.
രാത്രി രണ്ടും കൂടെ ബാൽക്കണി ഇരുന്ന് സംസാരിക്കുന്നത് കണ്ടിട്ടാണ് ഞാൻ റൂമിലേക്ക് പോയി കിടന്നത്. അല്പം കഴിഞ്ഞപ്പോ അവനും വന്നകിടന്നു. അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്ന് പോയി. പ്ലാൻ ചെയ്തത് പോലെ രണ്ട് ആഴ്ചയിൽ ഞാൻ ജോലി സംബന്ധമായ കാര്യങ്ങൾ എല്ലാം തീർത്തു. അനീഷും അപ്പോളേക്കും ഫ്രീ ആയി. സ്മിതയും അനീഷും പരസ്പരം കൂടുതൽ അടുത്തു. അവർക്കിടയിൽ അധികപാറ്റാകാതെ ഇരിക്കാൻ ഞാൻ പലപ്പോളും ഒഴിഞ്ഞു മാറുന്നത് കണ്ടു സ്മിത ആണ് എന്നെ തടഞ്ഞത്. മനഃപൂർവം ഒഴിഞ്ഞു മാറുകയാണേ പിന്നെ അനീഷിനോട് മിണ്ടില്ല എന്നു വരെ അവൾ പറഞ്ഞുകളഞ്ഞു.
അവൾക്ക് ഹോസ്പിറ്റലിൽ ജോലി ഉള്ളത് കൊണ്ട് ആദ്യ ആഴ്ചയിൽ അശ്വതിയെ തേടി അനീഷും ഞാനും മാത്രം ആണ് കറങ്ങിയത്. ഞങ്ങളുടെ നാട്ടിൽ നിന്ന് വന്ന് ഇവിടെ താമസിക്കുന്നവരെ കണ്ടെത്തി അവരോട് വിവരങ്ങൾ ചോതിക്കലായിരുന്നു ഞങ്ങടെ രീതി. പക്ഷേ അത് എങ്ങും എത്തിയില്ല.
“അല്ല നിങ്ങൾ എന്തിനാണ് ഇവിടെ മാത്രം അന്വേഷിക്കുന്നത്, ചിലപ്പോൾ അവർ വേറെ എവിടെ എങ്കിലും ആണ് താമസിക്കുന്നത് എങ്കിലോ, മുംബൈ പോയന്നല്ലേ അന്ന് അറിഞ്ഞത്” ഒരു ദിവസം സ്മിത ചോതിച്ചു.
“അവളുടെ ഫേസ്ബുക് ഫ്രണ്ട്‌സ് കുറേ ആളുകൾ ഉണ്ട്. പക്ഷെ അതെല്ലാം റാൻഡം ആണ്. അതായത് അവളുടെ കഥകൾ ഇഷ്ടപ്പെട്ടു വന്നവർ. പക്ഷെ അതിൽ ഒരാൾ മാത്രം ആണ് അവളെ ടാഗ് ചെയ്ത് ഫോട്ടോ ഇട്ടേക്കുന്നത്. പക്ഷെ ആ അക്കൗണ്ടിൽ മറ്റ് വിവരങ്ങൾ ഒന്നും തന്നെ ഇല്ല.ഒരു പൂവിന്റെ പടം പ്രൊഫൈൽ പിക്ചർ ഇട്ടിരിക്കുന്നേ. ടാഗ് ചെയ്ത ഫോട്ടോ ഏതോ ഒരു സ്ഥലത്തിന്റെയാ. അതിൽ ബാംഗളൂർ എന്ന് എഴുതിയിരിക്കുന്നത് കാണാം.., ഫോട്ടോയുടെ ക്യാപ്ഷൻ ട്രാൻസ്ലേറ്റ് ചെയ്തപ്പോ അത് – ചേച്ചി ഓരോ തവണയും ഇവിടെ വച്ചു നിങ്ങളെ കാണുമ്പോൾ ഞാനും പ്രാർത്ഥിക്കുന്നുണ്ട്, ചേച്ചിയുടെ ആഗ്രഹങ്ങൾ സാധിക്കട്ടെ. – എന്നാണ്.” ഞാൻ പറഞ്ഞത് കേട്ടിട്ട് എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി അവൾ ഫോട്ടോ നോക്കി. എന്തോ സംശയത്തോടെ ആലോചിച്ചിട്ട് തിരികെ ഫോൺ തന്നു.