നിശ 2 [Maradona]

Posted by

പക്ഷെ മരണ ശേഷം അവളുടെ അച്ഛൻ ആ സ്ഥലം പഞ്ചായത്തിന് അംഗനവാടി തുടങ്ങാൻ എഴുതി വച്ചിരിക്കുകയാ എന്ന് മാധവേട്ടൻ പറഞ്ഞു. തന്നെയല്ല വിറ്റ സ്ഥലത്തിന്റെ പണവും ഇൻഷുറൻസ് നോമിനീ അശ്വതി ആണെന്നും പറഞ്ഞു മാധവേട്ടൻ പേപ്പറും കുറേ പണവും അവളുടെ കൈയിൽ കൊടുത്തു. പിന്നെ ഏതോ സ്ഥലത്തിന്റെ മുദ്ര പത്രവും. അവളുടെ കാലശേഷം അവൾ പറയുന്ന ആൾക്ക് മാത്രമേ അതിനൊക്കെ അവകാശം ഒള്ളൂ എന്ന് അയാളെഴുതി വച്ചിട്ടുണ്ട്. അശ്വതിയെ നോക്കാൻ ആണ് അങ്ങനെ എഴുതിയെ എന്നാ എല്ലാരും പറയുന്നേ. അവൾ സ്വമേധയാ കൊടുത്തില്ലേ അതു സർക്കാരിന് പോകും എന്ന് വ്യവസ്ഥ വച്ച് രജിസ്റ്റർ ചെയ്തു. അതൊക്കെ അറിഞ്ഞപ്പോ അവളുടെ അമ്മ അവളെ രാത്രി തന്നെ കൊണ്ടുപോയി. പാവം അവൾ ആകെ തളർന്നിരിക്കുയാ.” അവന്റെ വാക്കുകൾ എല്ലാം കേട്ടിരുന്നു. കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ട്. ഒരുനോക്ക് കാണാൻ പോലും പറ്റിയില്ല.

“എന്നോട് ആരും പറഞ്ഞില്ല” ഞാൻ വിറക്കുന്ന സ്വരത്തിൽ പറഞ്ഞു.

“ടാ അത് പിന്നെ, നിങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് നാട്ടിൽ ചെറിയ സംസാരം ഉണ്ട്. സ്കൂളിലെ പിള്ളാര് ആരോ പറഞ്ഞതാ. നിന്റെ വീട്ടിലും അറിഞ്ഞു കാണും. അതാ നിന്നെ നേരത്തേ ഇങ്ങ് കൊണ്ടുവന്നേ. രാത്രിയിൽ നിന്നെ വന്നു കാണണ്ടാ എന്ന് എനിക്കും ഓർഡർ ഉണ്ടാരുന്നു.” അവൻ പറഞ്ഞപ്പോ മുഖം പൊത്തി കരഞ്ഞുപോയ്‌ ഞാൻ. വീട്ടുകാരേം കുറ്റം പറയാൻ പറ്റില്ല. വെറും പ്ലസ് ടു മാത്രം കഴിഞ്ഞ ഞാൻ. അവളുടെ സാഹചര്യങ്ങളും. അവരുടെ വശത്തുനിന്ന് ചിന്തിച്ചാൽ അതാരുന്നു ശരി.

“ടാ ഇത് അവൾ തരാൻ പറഞ്ഞു” അവൻ കയ്യിലിരുന്ന ബുക്ക്‌ എന്നിക്ക് തന്നു. പഴയ സ്കൂൾ മാഗസിൻ ആണ്. ഞാൻ പേജ് മറിച്ചു നോക്കി.. ഒരു പേജ് മാത്രം മടക്കി വച്ചിരുന്നാൽ അത് തുറന്ന് നോക്കി…

“കാർ മുകിൽ മറച്ചൊരാ പൂർണചന്ദ്രനെ കാത്ത് താഴെ ഭൂമിയിൽ ആ കുഞ്ഞ് ആമ്പൽ പൂവ് കാത്തിരുന്നു. സൂര്യന്റെ താപമേറ്റ് തളർന്ന് വീഴുംമുൻപ് അവളാ രതിയോട് പറഞ്ഞു. അല്ലയോ പ്രിയ നിശാ ദേവതേ, വീണ്ടും പുനർജ്ജനിക്കും ഞാൻ അവനായി.. അവിടുത്തെ മകനെ കാണുവാൻ, തളിഞ്ഞ പ്രഭ പൊഴിക്കുന്ന പുർണ ചന്ദ്രനെ കാണുവാൻ, എന്റെ പ്രണയം പകരുവാൻ.. എനിക്കായ് അവനെയിത് അറിയിച്ചാലും…”

ചുമന്ന മഷികൊണ്ട് അടിവരയിട്ട വരികൾ. അന്ന് കലോത്സവത്തിന് കഥാ മത്സരത്തിൽ പങ്കെടുത്തപ്പോൾ ഞാൻ എഴുതിയ കഥയാണ്. തെരഞ്ഞെടുത്തവ സ്കൂൾ മാഗസിൻ കൊടുത്തപ്പോൾ ഇതും പ്രസിദ്ധീകരിച്ചു. ഫസ്റ്റ് കിട്ടിയില്ലങ്കിലും പൈങ്കിളി വരികൾ അന്ന് സ്കൂൾ തരംഗം ആയിരുന്നു.

ഞാൻ അത് അനീഷിനെ കാണിച്ചു.

“അവൾക്കും ഇഷ്ടം ആയിരുന്നു അല്ലേ.. ” അവൻ അത് വായിച്ചിട്ടു ചോദിച്ചു.

“ഹ്മ്മ്…ഞാൻ ആയിരിക്കും.” ഞാൻ ആ താളുകൾ നെഞ്ചോടു ചേർത്ത് കട്ടിലിലേക്ക് കിടന്നു.

അടുത്ത ദിവസങ്ങളിൽ അനീഷ്‌ എന്റെ ഒപ്പം തന്നെ ഉണ്ടാരുന്നു. അവളെ കാണണം എങ്കിൽ അവളുടെ വീട്ടിൽ പോയാലെ നടക്കുകയൊള്ളു. അത് എവിടെ ആണെന്ന് അറിയില്ല. വീടിനെ കുറിച്ച് അധികം സംസാരിക്കാറില്ല അവൾ. ആരോടെങ്കിലും ചോദിക്കാമെന്ന് കരുതിയാൽ ഇപ്പോ തന്നെ ഞാൻ അവളുമായി വർഷങ്ങളായി പ്രേമത്തിൽ ആയിരുന്നു എന്നാ നാട്ടിൽ സംസാരം. എന്തോ വീട്ടിൽ ഏതായാലും അതേ കുറിച്ച് ഒന്നും ചോദിച്ചില്ല. അവളെ കാണാൻ പോകുന്നതിൽ പരിധി ഉണ്ടന്ന് അറിയാവുന്നത് കൊണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *