പെട്ടന്ന് വാടാ…. എന്റെ കൈയിൽ പിടിച്ചു അവൻ വീണ്ടും തിരികെ ക്ലാസ്സിലേക്ക് ഓടി… ക്ലാസ്സിന്റെ വാതിലിന് മുൻപിലുള്ള ജനലിനു അടുത്തെത്തിയപ്പോ ഞാൻ തുള്ളിച്ചാടി പോയി.. ഞാൻ അവനെ കെട്ടി പിടിച്ചു.. അവന്റെ നല്ല അസൽ കടി തോളത്തു കിട്ടിയപ്പോളാണ് ഞാൻ വിട്ടത്.
ജനലരികിൽ പേടിച്ച കണ്ണുകളുമായി ആൾകൂട്ടത്തിൽ തനിയെ എന്നപോലെ ഇരിക്കുന്ന ആളിനെ മനസിലാക്കാൻ എനിക്ക് ഒറ്റ നിമിഷം ധാരാളം ആയിരുന്നു.
“അശ്വതി…”ജനലിന്റെ അരികിൽ നിന്ന് ഞാൻ വിളിച്ചു. പെട്ടന്ന് പരിചിത ശബ്ദം കേട്ട് നോക്കിയ അവൾക്ക് ഞങ്ങളെ കണ്ടപ്പോ ശരിക്കും ആശ്വാസമായി എന്ന് വേണേ പറയാം.. ആ ക്ലാസ്സിൽ അവൾക്ക് പരിചയം ഉള്ള മറ്റാരും ഇല്ലാരുന്നു. വിളറിയ മുഖത്തേക്ക് രക്തം വന്നു.. ആ പഴയ പുഞ്ചിരി വീണ്ടും മുഖത്തേക്ക് തിരികെ വന്നു.
ഞങ്ങൾ അകത്തേക്ക് കയറിയതും അവൾ ഞങ്ങൾക്ക് അടുത്തേക്ക് വന്നു.
“എനിക്കിപ്പോളാ അഡ്മിഷൻ ആയെ.. പക്ഷെ ക്ലാസ്സിൽ നമ്മുടെകൂടെ ഉണ്ടാരുന്ന ആരെയും കാണാഞ്ഞിട്ട് ആകെ എന്തോ പോലെ ആയി.. “അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അതിന് ഞങ്ങൾ ഇവിടല്ലല്ലോ, ഞങ്ങൾ സയൻസ് എടുത്തു” അനീഷ് പറഞ്ഞു.
അവൻ അത് പറഞ്ഞു കഴിഞ്ഞപ്പോ നിറഞ്ഞ ചിരി പതിയെ മാഞ്ഞ് കണ്ണുകൾ നിറയാൻ തുടങ്ങിയതും അവൻ തന്നെ സമാധാനിപ്പിച്ചു അവളെ..
“അയ്യോ പൊന്നു കുഞ്ഞേ ചുമ്മാ പറഞ്ഞതാ.. ഞങ്ങൾ രണ്ടും ഉണ്ട് ഇവിടെ.. ”
അത് കേട്ടതും അവൾ അനീഷിന്റെ കൈയിൽ അടിച്ചു.
“അല്ല നീയെന്താ ആരോടും പറയാതെ ടിസി വാങ്ങി പോയെ?, അവസാനം ഇവിടെ തന്നെ വന്നില്ലേ” ഞാൻ ചോതിച്ചു.
“അതൊന്നും പറയണ്ട. ഞങ്ങൾ താമസം മാറിയത് പെട്ടെന്നാരുന്നു. അപ്പൊ പിന്നെ സ്കൂൾ ഒക്കെ മാറി. എല്ലാരേം അറിയിക്കണ്ടല്ലോ എന്നോർത്താ പറയാഞ്ഞേ. ഞാൻ ഇങ്ങ് വന്നില്ലേ.. പക്ഷേ പെൺകുട്ടികൾ ആരേലും കാണും എന്നാ കരുതിയെ പക്ഷെ ആരും ഇല്ലാലോ..” അവൾ പറഞ്ഞു.
“അതിനെന്താ ഞങ്ങൾ ഇല്ലേ നിനക്ക്” പെട്ടന്ന് തന്നെ ഞാൻ പറഞ്ഞ് കഴിഞ്ഞപ്പോ പുറത്ത് ആരോ തട്ടിയത്. അനീഷ് അല്ലാതെ വേറെ ആര്.
അപ്പോളാണ് കുര്യൻ സർ കേറി വന്നത്.
“എന്താടോ തുടങ്ങിയപ്പോ തന്നെ ഗേൾസിന്റെ സൈഡിൽ ആണോ? ”
ഞങ്ങൾ അവിടെനിൽക്കുന്നത് കണ്ട് സർ ചോതിച്ചു.
“ഞങ്ങളുടെ കൂടെ പഠിച്ച കുട്ടിയാ സാറെ, ഇന്നാ ക്ലാസ്സിൽ വന്നത്..അതാ” ഞാൻ പറഞ്ഞിട്ട് നേരെ ബഞ്ചിൽ പോയി ഇരുന്നു. ഇന്ന് മുതൽ ബഞ്ചിൽ അറ്റത്ത് ആദ്യം ഞാൻ ഇരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് ഞാൻ ആദ്യം ഇരുന്നു.
പിന്നെ അങ്ങോട്ട് നല്ല ഉത്സാഹം ആരുന്നു എല്ലാ ദിവസവും എനിക്ക്. ഇന്റർവെൽ സമയത്തും കൂടുതൽ ഞങ്ങൾ മൂന്നും സംസാരിക്കാറ് പതിവായി. ഒരുമിച്ച് പഠിച്ചവർ ആയത്കൊണ്ട് മറ്റുള്ളവർക്ക് മറ്റ് സംശയം ഒന്നും ഇല്ലാരുന്നു. പക്ഷെ ചിലപ്പോ എന്തോ ആലോചിച്ച് ഇരിക്കുന്ന അവളോട് കാര്യം തിരക്കിയാൽ ഒന്നുമില്ല എന്നെ മറുപടി ആവർത്തിച്ചു. വീട്ടിലെ പ്രശ്നങ്ങളോ അല്ലങ്കിൽ അച്ഛനെ കുറിച്ചോ ആരിക്കും ആലോചന എന്ന് എനിക്ക് ഊഹിക്കാമെങ്കിലും ഞാൻ അത് ചോദിച്ചില്ല. ഇത് വരെ അവളെ കുറിച്ച് അറിയാം എന്ന് ഞങ്ങൾ അവളോട് പറഞ്ഞില്ല. അവളും വീട്ടുകാര്യം പറയാറില്ല. അതിന്റെ കാര്യം വന്നാൽ എങ്ങനെയെങ്കിലും ഒഴിയാറാണ് പതിവ്.