“മാധവാ നീ വീട് വക്കാൻ വസ്തു നോക്കുന്നുണ്ടന്നു കേട്ടു.. എന്റെ വീട് ഇരിക്കുന്ന അഞ്ചുസെന്റ് ഇട്ടിട്ട് ബാക്കി റോഡ് സൈഡിലെ പത്തുസെൻറ് വിക്കാനാ.. നിനക്ക് വേണേൽ പറ.. നീയായത് കൊണ്ട് എന്തേലും തന്നാ മതി.. ആലോചിച്ചിട്ട് പറ” അതും പറഞ്ഞിട്ട് പുള്ളി എന്റെ അടുത്തേക്ക് വന്നു.
“ഞാൻ അമ്മുനെ കണ്ടാരുന്നു.. പക്ഷെ അവൾ കണ്ടപ്പോ അവക്കിഷ്ടപെടാത്ത കോലത്തിൽ ആയി പോയി ഞാൻ… പിണങ്ങിക്കാണും അമ്മൂട്ടി.. ഒന്നും മിണ്ടാതെയാ പോയെ.. ” തിരിച്ചു ഞാൻ എന്തേലും ചോദിക്കുന്നതിനു മുന്നേ അയാളവിടെ നിന്നും പോയിക്കഴിഞ്ഞിരുന്നു.
“അങ്ങേരു ആശുപത്രിയിൽ ആയിരുന്നോ? ” ഞാൻ മാധവേട്ടനോട് ചോതിച്ചു.
“ചോര ശർദിച്ച് വഴിയിൽ കിടക്കുവാരുന്നു. നാട്ടുകാർ പൊക്കിയെടുത്തു ആശുപത്രിയിൽ ആക്കി. കള്ളുകുടിയുടെ ആണെന്നാ ഡോക്ടർ പറഞ്ഞെ.. കരളൊന്നും ഇല്ലാ പോലും.. ഇനി കുടിച്ചാ തട്ടിപോകാനാ സാധ്യത… ഈ സ്ഥലം കൊടുക്കുന്നത് ഇനി എന്തിനാണോ എന്തോ” മാധവേട്ടൻ പറഞ്ഞു.
കള്ള് കുടിച്ചിട്ട് അവളുടെ അടുത്ത് ചെന്ന് കാണും, അവൾ മിണ്ടാതെ പോയതുകൊണ്ട് കള്ളുകുടി കൂട്ടി വയ്യാതായത് ആവും.. ഞാൻ മനസ്സിൽ ഓർത്തു..
പ്ലസ് വൺ അഡിമിഷൻ ആയി.. ഞങ്ങൾ പഠിച്ചിരുന്ന സ്കൂളിൽ തന്നെ. കൂടെ പഠിച്ച മിക്ക കുട്ടികളും സയൻസും കോമേഴ്സും എടുത്തിരുന്നത് കൊണ്ട് ഞങ്ങളുടെ കൂടെ പഴയ ആൾകാർ വളരെ കുറവായിരുന്നു. മറ്റ് ഡിവിഷനുകളിൽ നിന്നും ചേർന്ന 5 ബോയ്സ് മാത്രം ആണ് അറിയുന്നവരായി ഒള്ളൂ. ആദ്യ ദിവസം എല്ലാവർക്കുമായി ചെറിയ മീറ്റിംഗ് ഉള്ളായിരുന്നു. അതു കഴിഞ്ഞ് അതാത് ക്ലാസ്സിൽ വന്നിരുന്ന ഞങ്ങളുടെ ക്ലാസ്സിലേക്ക് കുര്യാക്കോസ് സർ കേറി വന്നു. പേര് പഴഞ്ചൻ ആണേലും പുള്ളിക്ക് ഇരുപത്തേഴോ ഇരുപത്തെട്ടോ വയസേ ഒള്ളൂ. ഞങ്ങടെ സ്കൂളിൽ നേരത്തെ പഠിച്ചതാണ്. പെൺപിള്ളേരെല്ലാം പുള്ളിടെ ഫാൻസ് ആണെന്ന് ഹൈ സ്കൂളിൽ നിന്നേ കേട്ടിട്ടുണ്ട്. മുൻപ് പരിചയം ഇല്ലാത്തതു കൊണ്ട് എല്ലാരേം ആദ്യം മുതലേ പരിചയപ്പെടണം. ഞങ്ങളെയെല്ലാം പരിചയപ്പെട്ടിട്ട് കുര്യൻ സർ നാളെ മുതലേ റെഗുലർ ക്ലാസ്സ് കാണുകയൊള്ളു.. എല്ലാർക്കും വീട്ടിൽ പോകാം എന്ന് പറഞ്ഞു. പരിചയം ഉള്ളവരോടൊക്കെ സംസാരിച്ചും മറ്റ് ഡിവിഷനുകളിൽ ഉള്ള കൂട്ടുകാരെ കണ്ടും പറഞ്ഞും കുറേ കഴിഞ്ഞിട്ടാണ് ഞങ്ങൾ വീട്ടിലേക്ക് പോന്നത്.
രണ്ടും മൂന്നും അലോട്മെന്റ് ഉള്ളതുകൊണ്ട് കുട്ടികൾ ക്ലാസ്സ് തുടങ്ങിയിട്ടും വരാൻ ഉണ്ടായിരുന്നു.. രണ്ടാം അലോട്മെന്റിൽ കുറച്ച് ആളുകൾ കൂടെ വന്നു.. വരുന്നവർ വരുന്നവർ പിറകിലെ ബഞ്ചിൽ ഇരിക്കാനായി ആവേശമാണ്. ഞാനും അനീഷും മുന്നിൽ നിന്ന് രണ്ടാമത്തെ ബഞ്ചിൽ സ്ഥാനം പിടിച്ചു. ഇതാകുമ്പോ സേഫ് ആണ്. മുന്നിലും അല്ല പിറകിലും അല്ല.. ഞങ്ങൾക്ക് അപ്പുറത് ഇരിക്കേണ്ട ആകാശ് വേറെ സ്കൂളിൽ പോയത് മാത്രം ആണ് ഒരുസങ്കടം ഉള്ളത്. ഞങ്ങളിൽ ആരെങ്കിലും ആയിരിക്കും ബഞ്ചിൽ ആദ്യം ഇരിക്കുന്നത്.
തിങ്കളാഴ്ച ദിവസം ഐശ്വര്യം ആയി സ്കൂളിലേക്ക് എത്തിയ ഞങ്ങൾ ആദ്യം ഷീല ചേച്ചിടെ കടയിൽ പോയി.. ചേച്ചിയും പുതിയ ട്രെൻഡിനൊപ്പം ആയി.. പഴയ നാരങ്ങ വെള്ളത്തിൽ നിന്നും ഇപ്പൊ ഷാർജ ജ്യൂസിനാണ് അവിടെ പ്രിയം.. പക്ഷേ ചേച്ചിടെ വയറിന്റെ തുള്ളിച്ചാട്ടം അപ്പോൾ അന്യം നിന്നു. പൈസ കൊടുക്കാൻ ഞാൻ നിന്നപ്പോളേക്കും അനീഷ് ബാഗും എടുത്ത് നടന്നിരുന്നു. ഓടിട്ട ഹൈ സ്കൂളിൽ നിന്നും ഇപ്പൊ കോൺക്രീറ്റ് കെട്ടിടത്തിലേക്ക് ആയി ഞങ്ങൾ അപ്പോൾ. പൈസ കൊടുത്തിട്ട് നടന്നു ചെന്ന ഞാൻ കണ്ടത് എന്റെ അടുത്തേക്ക് ഓടി വരുന്ന അവനെ ആണ്..