എല്ലാ കാര്യവും അവൾ അച്ഛനോട് പറഞ്ഞിട്ടുണ്ട്. അങ്ങേര് പറഞ്ഞത് അനുസരിച്ചാണ് അന്നങ്ങനെ പറഞ്ഞെ. പിന്നെ പ്രധാന കാര്യം അശ്വതി എന്ന് ഞങ്ങൾ അറിയുന്ന അവൾ അവളുടെ അച്ഛന്റെ അമ്മു ആണ്.
“ശരി അങ്കിളേ, ഇതെല്ലടത്തും കൊടുക്കണം. ക്യാമ്പിൽ വരണേ..” ഞങ്ങൾ പതിയെ സ്കൂട്ട് ആകാൻ വേണ്ടി പറഞ്ഞു പുറത്തേക്കിറങ്ങി.
“കരളും ഹൃദയവും എല്ലാം പോയി. ഇനി കണ്ണ് മാത്രം എന്തിനാ, നിങ്ങൾ ചെല്ല് അപ്പൊ ശരി.” മൂലയ്ക്ക് ഇരുന്ന പയിന്റ് കുപ്പി എടുത്ത് പൊട്ടിച്ചു കൊണ്ട് വാതിൽക്കൽ ചാരി നിന്ന് പുള്ളി പറഞ്ഞു. ഞങ്ങളൊന്നും പറയാതെ തിരിഞ്ഞ് നടന്നു.
“ടാ” പുറകിൽ നിന്ന് വീണ്ടും വിളി വന്നു. തിരിഞ്ഞു നോക്കിയപ്പോൾ പുള്ളി ഒരു പുഞ്ചിരി ആയി നിക്കുന്നു.
“നന്നായി പഠിക്കണം. ചുമ്മാ കുഞ്ഞുകളിച്ച് നടക്കരുത് കേട്ടോ… പിന്നെ എന്റെ അമ്മുനെ കണ്ടാ ഞാൻ തിരക്കിന്നു ഒന്ന് പറഞ്ഞേക്ക്” അതും പറഞ്ഞു അയാൾ ആ കുപ്പി വായിലേക്ക് കമഴ്ത്തി. ഞങ്ങൾ തിരിഞ്ഞു നടക്കുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നത് ഞാൻ കണ്ടിരുന്നു.
പക്ഷെ പിന്നെ ഞങ്ങൾ അവളെ കണ്ടില്ല. ഇടക്ക് എപ്പോളൊക്കെയോ അവളുടെ അച്ഛനെ കണ്ടപ്പോ സംസാരിക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല അയാൾ. ഒന്നെങ്കിൽ ആരോടും മിണ്ടാതെ വേഗത്തിൽ നടന്നു പോകുന്നത് കാണാം. അല്ലങ്കിൽ എല്ലാരോടും സംസാരിച്ചു മദ്യപിച്ചു തീരെ ബോധം ഇല്ലാതെയും. രണ്ടാമത്തെ പോലെയാണ് മിക്കപ്പോളും. അയാൾ ഞങ്ങളെ കണ്ട ഭാവം കാണിച്ചിട്ടുമില്ല. വീട്ടിലേക്ക് പോകാൻ പിന്നെ തോന്നിയില്ല.
ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും കടന്ന് പോയി. SSLC പരീക്ഷ കഴിഞ്ഞു. ഭലം വന്നപ്പോ ഞങ്ങൾക്ക് നല്ല മാർക്ക് തന്നെ ഉണ്ട്. ഇംഗ്ലീഷ് അദ്യാപകൻ ആകണം എന്നാണ് അനീഷിന്റെ ആഗ്രഹം. ജേർണലിസം പഠിക്കണം എന്നാണ് എനിക്ക്. ഞങ്ങൾ അനീഷിന്റെ അച്ഛനായ വേണുമാഷിനോട് ആ കാര്യം പറഞ്ഞു. നിങ്ങൾക് എന്താണോ ആഗ്രഹം അത് ചെയ്യാനാണ് പുള്ളി പറഞ്ഞത്. അതുപ്രകാരം ഞങൾ ഹ്യുമാനിറ്റീസ് എടുത്തു പഠിക്കാൻ തീരുമാനിച്ചു. വീട്ടിൽ പറഞ്ഞപ്പോ ആദ്യം കുറച്ച് പ്രശ്നം ഉണ്ടാരുന്നു. അമ്മക്ക് എന്നെ മെഡിക്കൽ ഫീൽഡിൽ വിടണം എന്നായിരുന്നു ആഗ്രഹം. പിന്നെ ഹ്യുമാനിറ്റീസ് കഴിഞ്ഞ് ആർട്സ് ഡിഗ്രി എടുത്ത് ജേർണലിസം പഠിക്കാൻ പോണം എന്ന് ഞാൻ ഉറച്ചു നിന്നപ്പോ പിന്നെ അവരും സമ്മതിച്ചു. ഇതിനിടയിൽ ഇക്കാര്യം അച്ഛൻ വേണു മാഷിനോട് സംസാരിച്ചെന്നും മാഷാണ് അച്ഛനേം അമ്മയെയും കൺവിൻസ് ചെയ്തത് എന്നും പിന്നീട് അനീഷ് പറഞ്ഞപ്പോളാണ് ഞാൻ അറിഞ്ഞത്. എന്തായാലും അത് നന്നായി.
പ്ലസ് വൺ ആപ്പിളിക്കേഷൻ ഒക്കെ കൊടുത്ത് കഴിഞ്ഞ് ഒരു ദിവസം ലൈബ്രറിയിൽ ഇരിക്കുമ്പോളാണ് അശ്വതിയുടെ അച്ഛൻ അങ്ങോട്ട് കയറി വന്നത്. വേഗത്തിൽ കയറി വന്നപ്പോ ഞങ്ങൾ രണ്ടും എണിറ്റു നിന്നു.
“മാധവൻ ഇല്ലേ? ” ആ ചോദ്യത്തിന് പഴയ ഗാംഭീര്യം ഉണ്ടായിരുന്നില്ല.
ഷെൽഫിൽ പുസ്തകങ്ങൾ അടുക്കുകയാരുന്ന മാധവേട്ടനെ അനീഷ് വിളിച്ചു.
“എന്താ ബാലേട്ടാ, എന്നാ ആശുപത്രീന് വന്നേ? ” പുള്ളിയെ കണ്ടപ്പോ മാധവേട്ടൻ ചോദിച്ചു.