ചായ കുടിച്ച് പുറത്തിറങ്ങിയതും അവൾ പറഞ്ഞു, നാളെ രാവിലെ എന്നെ അമ്പലത്തിൽ കൊണ്ട് പോകുവോ ഹരിയേട്ടാ. ചാടിക്കേറി സമ്മതിക്കുന്നതിനു മുമ്പ് വസുമതി ടീച്ചറിൻ്റെ അടുത്ത് പോകുന്ന കാര്യം ഓർത്തു. ഞാൻ അവളോട് പറഞ്ഞു, പെണ്ണെ, രാവിലെ പറ്റില്ല, ഇന്നെനിക്കൊരിടം വരെ പോകാനുണ്ട്, നാളെ രാവിലെയേ ഞാൻ തിരിച്ചെത്തൂ, അപ്പോപ്പിന്നെ വൈകിട്ട് കൊണ്ട് പോയാ മതിയോ, അവൾക്ക് സന്തോഷം. അമ്പലത്തിൽ പോകുന്നതിനേക്കാൾ എൻ്റെ കൂടെ പോകാനാണ് അവൾക്ക് കാര്യം എന്ന് തോന്നുന്നു.
അവൾ എൻ്റെ കൂടെ മുകളിലേക്ക് പൊന്നു. ഒരാഴ്ച മിണ്ടാതിരുന്നത് മുഴുവനും പലിശ ചേർത്തവൾ തീർക്കുന്നുണ്ടെന്ന് തോന്നി, എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഞാൻ അവൾ പറഞ്ഞത് പകുതിയും കേട്ടില്ലെങ്കിലും അവളെത്തന്നെ നോക്കിയിരുന്നു, നോക്കുന്തോറും അവളൂടെ എനിക്ക് ഇഷ്ടം കൂടി വരുന്നത് എനിക്ക് ഫീൽ ചെയ്യുന്നുണ്ടായിരുന്നു. എന്തായാലും അവളുടെ കൂടെ സമയം പോകുന്നതറിഞ്ഞില്ല, ഇടക്ക് താഴെപ്പോയി ഞങ്ങൾ രണ്ടു പേരും ഉണ്ടു. തിരിച്ചു വന്നൊന്ന് കിടന്നുറങ്ങി.
എഴുന്നേറ്റപ്പോൾ ആറു മണിയായി. റെഡിയായി താഴെ ഇറങ്ങിച്ചെന്നു, എന്നെ കണ്ടതും അഞ്ജന ചായയെടുക്കാമെന്നും പറഞ്ഞ് അകത്തേക്ക് പോയി. ചേച്ചി ഒന്ന് ചിരിച്ചിട്ട് ചോദിച്ചു, നീ എന്ത് മാജിക്കാടാ ചെയ്തേ, ഒരാഴ്ചയായിട്ട് മിണ്ടാട്ടമില്ലാതിരുന്ന കൊച്ചാ, ദേ ഇപ്പൊ പിന്നേം ഉഷാറായിരിക്കുന്നു. ഞാൻ വെറുതെ ചിരിച്ചു, എന്നിട്ട് ചോദിച്ചു, അവൾ നല്ല കൊച്ചാ അല്ലേ ചേച്ചിയെ, ചേച്ചി എൻ്റെ തലയിൽ ഒന്ന് തട്ടിയിട്ട് പറഞ്ഞു, കണ്ണാ നിനക്ക് നല്ല ചേർച്ചയാണവൾ, പക്ഷെ എന്ത് ചെയ്യാനാ, നീ കാണുന്നതിന് മുമ്പേ അവളുടെ കല്യാണം ഉറപ്പിച്ചു പോയില്ലേ, സാരമില്ല, നിനക്ക് വിഷമമൊന്നും ഇല്ലല്ലോ അല്ലേ. ചേച്ചിക്കറിയാം നിനക്കവളെ ഇഷ്ടമാണെന്നു. ഞാൻ ഒന്നും മിണ്ടാൻ പോയില്ല, വെറുതെ ചിരിച്ചു.
അഞ്ജന ചായ കൊണ്ട് വന്നു, അതും കുടിച്ച് വൈകിട്ട് ഉണ്ടാവില്ലെന്നും പറഞ്ഞ് സ്കൂട്ടർ എടുത്തിറങ്ങി.
വസുമതി ടീച്ചറിൻ്റെ അടുത്തേക്ക്, ഇന്നൊരുപാട് കുടിക്കേണ്ട എന്ന് മനസ്സിൽ പറഞ്ഞു, പോകുന്നവഴി കോയക്കുട്ടിടെ കടയിൽ കയറി. വിൽസ് വെക്കാൻ തുടങ്ങിയിരിക്കുന്നു, ഒരു പാക്കറ്റ് വാങ്ങിച്ചു, ഒന്നിന് തീ കൊടുത്ത് അവിടിരുന്നു വലിച്ചു.
ടൌൺ ചുറ്റിയാണ് പോയത്, പോകുന്ന വഴി കള്ളുകടയിൽ ഒന്ന് കയറി, ജാക്ക് ഡാനിയേൽ ഉണ്ടോ എന്ന് ചോദിച്ചപ്പോ അയാൾ ചിരിക്കുന്നു, ഇവിടെ അതൊന്നും കിട്ടില്ല കൂട്ടുകാരാ, ഷിവാസ് റീഗൽ ഒരു കുപ്പിയുണ്ട്, വേണേ അത് തരാം. ഒള്ളതാകട്ടെ എന്ന് വിചാരിച്ച് അതും പൊതിഞ്ഞ് വണ്ടിയിൽ വെച്ചു.
ചെല്ലുമ്പോഴേക്കും ഏഴരയായി, സ്കൂട്ടർ കാറിനു പുറകിൽ ഒതുക്കി വരാന്തയിൽ കയറി കാളിങ് ബെൽ അടിച്ചു, അല്പം കഴിഞ്ഞു വാതിൽ തുറക്കാൻ. തുറന്നത് ടീച്ചറാണ്, നീ എന്താ ഇത്രയും വൈകിയേ, നേരത്തെ വരുമെന്ന് വിചാരിച്ചു ടീച്ചർ പറഞ്ഞിട്ട് എന്നെ അകത്തേക്ക് വിളിച്ചു. ഞാൻ ഒന്നുറങ്ങിപ്പോയി ടീച്ചറെ അതുകൊണ്ടാ ലേറ്റായത് എന്നും പറഞ്ഞ് ഞാനാ കുപ്പിയുടെ പൊതി ടീച്ചറിൻ്റെ കൈയിൽ കൊടുത്തു. ടീച്ചറിൻ്റെ ബ്രാൻ്റല്ല, എന്നാലും കട്ടക്ക് പിടിക്കാവുന്നതാ എന്നും കൂട്ടിച്ചേർത്തു.