ഞാൻ പുറത്തിറങ്ങി വന്നിട്ടും അവൾ നോക്കുന്നില്ല, അടുത്ത് ചെന്നിട്ട് ചോദിച്ചു, എന്താ അഞ്ജനേ ഇവിടിരിക്കുന്നേ, എന്നെ ഒന്ന് നോക്കിയിട്ട് വീണ്ടും നിലത്തു നോക്കി ഇരിക്കാൻ തുടങ്ങി. ഞാൻ അവിടെക്കിടന്ന കസേരയിൽ ഇരുന്നിട്ട് ചോദിച്ചു, എന്താ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ? മയമായിട്ടാണ് ഞാൻ ചോദിച്ചത്. ഒന്നും മിണ്ടിയില്ലെങ്കിലും അവൾക്കെന്തോ പറയാനുണ്ടെന്ന് തോന്നി, സമയം എടുക്കട്ടെ, വെയിറ്റ് ചെയ്യാമെന്ന് വെച്ചു.
ഒന്നും മിണ്ടാതെ കുറെ നേരമായപ്പോൾ ഞാൻ കോണിയുടെ അടുത്ത് ചെന്ന് കമലയെ വിളിച്ചു, ഒരു ചായ തരാൻ പറഞ്ഞു. അവളിപ്പം കൊണ്ടുവന്നേക്കാമെന്ന് വിളിച്ചു പറഞ്ഞു. തിരിച്ചു വന്ന് കസേരയിൽ ഇരുന്നിട്ടും അഞ്ജന ഒന്നും തന്നെ മിണ്ടുന്നില്ല. ഞാൻ കസേര അവൾക്കെതിരെ ഇട്ടിട്ട് അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. പെണ്ണേ നിനക്കെന്താ പറയാനുള്ളത് എന്തായാലും പറയ്, ഞാൻ കേട്ടോളാം.
അവൾ മുഖമുയർത്തി എന്നെ ഒന്ന് നോക്കിയിട്ട് എന്തോ പറയാനാഞ്ഞു. പിന്നെയും മിണ്ടാതെ ഇരുപ്പായി, ഞാൻ ഒന്ന് ചിരിച്ചിട്ട് അവളോട് പറഞ്ഞു, എന്തായാലും നീ പറ പെണ്ണേ, ഞാൻ ഇരുന്ന് കേട്ടോളാം, നീ എന്ത് പറഞ്ഞാലും കുഴപ്പമില്ല. അല്പമൊരു ധൈര്യം വന്നെന്ന് തോന്നി, അവൾ പറഞ്ഞു, ഹരിയേട്ടാ, ഞാൻ പറഞ്ഞു തീരുന്ന വരെ ഒന്നും പറയരുത്, അങ്ങിനെ ആണേ പറയാം. ഞാൻ സമ്മതിച്ചു, എന്നിട്ട് കസേരയിലേക്ക് ചാഞ്ഞിരുന്നു.
അവൾ പറഞ്ഞു തുടങ്ങി, ഹരിയേട്ടാ, എന്നോടെന്തിനാ മിണ്ടാതിരിക്കുന്നെ എന്നെനിക്കറിയില്ല, എനിക്കിഷ്ടമാ ഹരിയേട്ടനെ, പക്ഷെ എനിക്കറിയാം ഇനി അത് പറഞ്ഞിട്ട് കാര്യമില്ലെന്ന്, അത് കൊണ്ട് ഞാൻ ഒരുപാട് പുറകെ നടക്കാൻ വരില്ല, എന്നാലും മിണ്ടീo പറഞ്ഞും ഇരുന്നൂടെ, ഞാൻ ഇവിടെ ഉള്ളിടത്തോളം കാലം എനിക്ക് ഹരിയേട്ടൻ്റെ കൂടെ സന്തോഷമായിട്ട് ഇരിക്കണം. അവൾ നിർത്തിയിട്ട് എന്നെ നോക്കി.
ഞാൻ ഒന്നും മിണ്ടാൻ പോയില്ല അവളെത്തന്നെ നോക്കി ഇരുന്നു കുറച്ചു നേരം. കമല കോണി കേറി വരുന്നത് കണ്ടു, കമല ചായ കൊണ്ട് വെച്ച് ഞങ്ങളെ രണ്ടു പേരെയും നോക്കി നിന്നിട്ട് ചോദിച്ചു, അഞ്ജനക്കൊച്ചിനെ ചേച്ചി അന്വേഷിക്കുന്നുണ്ട്. അപ്പോൾ അഞ്ജന പറഞ്ഞു, ഞാൻ ഇപ്പൊ വന്നേക്കാം എന്ന് പറഞ്ഞേക്ക് കമലച്ചേച്ചി. ശെരി എന്നും പറഞ്ഞ് കമല തിരിഞ്ഞു നടന്നു, ഒന്ന് തിരിഞ്ഞു നിന്നിട്ട് പറഞ്ഞു, മാഷെ, ദോശയൊക്കെ തണുത്തു പോയി, പെട്ടെന്നു വരുവാണേ ചൂടാക്കി തരാം. ഞാൻ പറഞ്ഞു, ഞാൻ വന്നേക്കാം ഇപ്പൊ. കമല താഴേക്ക് പോയി.
ഞാൻ ചായ ഒരു കവിൾ കുടിച്ചിട്ട് അവളോട് പറഞ്ഞു, പെണ്ണേ, എനിക്ക് നിന്നെ ഇഷ്ടമാ, പക്ഷെ ഞാൻ പറഞ്ഞില്ലേ അതിൽ ഒരു കാര്യവുമില്ല ഇനി. രണ്ടു മാസം കഴിഞ്ഞാ നിൻ്റെ കല്യാണമാണ്. നീ കൊറച്ചു കൂടുതൽ അടുത്തോ എന്നൊരു സംശയം, അതാ നിന്നെ കൊറച്ചു ദൂരെ നിർത്തിയെ, പേടിച്ചിട്ടാണെ, ഇപ്പൊ നിനക്കാ വീണ്ടുവിചാരം ഉള്ളത് കൊണ്ട് ഞാൻ ഇനി മിണ്ടാതിരിക്കുന്നില്ല. നമുക്ക് ഫ്രണ്ട്‌സ് ആയിരിക്കാം എന്ത് പറയുന്നു.
അത് മതി, എന്ന ഹരിയേട്ടൻ വാ, ദോശ കഴിക്കാം, അവളുടെ മുഖം തെളിഞ്ഞിരിക്കുന്നു, ചായയുടെ ഗ്ലാസും എടുത്ത് അവൾ താഴേക്ക് നടന്നു, ഞാൻ പുറകെയും. അവളാണ് ദോശ ചൂടാക്കിത്തന്നത്, ചേച്ചിയും കമലയും ഒന്നും മിണ്ടാതെ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ചേച്ചി ചോദിച്ചു, നിങ്ങളുടെ വഴക്കൊക്കെ തീർന്നോ, അഞ്ജനയാണ് മറുപടി പറഞ്ഞത്, അതിനു വഴക്കൊന്നും ഇല്ലായിരുന്നല്ലോ അമ്മായീ, ചെറിയ ഒരു ആശയക്കുഴപ്പം, അത് തീർന്നു. അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു. എനിക്ക് കിട്ടാൻ വയ്യാത്ത ആ സുന്ദരിക്കുട്ടിയെ ഞാനും ഒന്ന് ചിരിച്ചു കാണിച്ചു.