“അരുൺ അല്ലേ ”
” അതെ സർ ”
” ബൈക്കിൽ നിന്ന് വീണതാണല്ലേ?”
അയാളുടെ ആ ചോദ്യം എന്നെ നടുക്കി.
“അല്ല സർ എന്നെ തല്ലിയതാണ് ” . ഞാൻ പറഞ്ഞു.
” അതെങ്ങനെ ശരിയാകും അരുണേ …നീ ബൈക്കിൽ നിന്ന് വീണു നിനക്ക് പരാതിയില്ല എന്ന് എഴുതി തരണം. എന്തോ ഭാഗ്യത്തിനാണ് നീ ജീവിച്ചിരിക്കുന്നത്. നീ കേസിന് പോയാൽ അത് നിനക്ക് പണിയാകും. കേട്ടാ….” അയാളുടെ സ്വരം മാറി.
SI രേവതിയുടെ അച്ഛന്റെ ആളാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ പരാതി ഇല്ല എന്ന് എഴുതി കൊടുത്തു. അയാൾ എന്റെ തോളിൽ തട്ടി “good” എന്നും പറഞ്ഞ് പോയി.
“എന്താ മോനേ കേസില്ല എന്നു പറഞ്ഞത്. “പപ്പ എന്നോട് ചോദിച്ചു. ഞാൻ നടന്ന കാര്യങ്ങൾ പറഞ്ഞു.
” നടന്നതെല്ലാം മറക്കുക ”
പപ്പ അത്രമാത്രം പറഞ്ഞു. പക്ഷെ എനിക്ക് രേവതിയെ മറക്കാൻ പറ്റുമായിരുന്നില്ല.
രേവതിയെ കുറിച്ചുള്ള എന്റെ ചിന്തകൾ എന്റെ ഹൃദയത്തിൽ മുറിവേൽപിച്ചു കൊണ്ടിരുന്നു. അവളെ കുറിച്ച് ഒന്നും അറിയാൻ എനിക്ക് കഴിഞ്ഞില്ല.
പിറ്റേന്ന് ജിതൻ എന്നെ കാണാൻ വന്നു. അവന്റെ വാക്കുകൾ എന്നിൽ വേദന ഏൽപ്പിച്ചു.
“എടാ രേവതിയെ TC വാങ്ങിച്ച് കൊണ്ടുപോയി. അവളുടെ അച്ഛൻ ഭയങ്കര ദേഷ്യത്തിലായിരുന്നു. അവളെ വിദേശത്ത് അയച്ചെന്നാണ് അറിഞ്ഞത്. അവള് ആരും കാണാതെ ഒരു കത്ത് നിനക്ക് തരാൻ റിയയെ ഏൽപിച്ചരുന്നു. ദാ..”
ഇത്രയും പറഞ്ഞ് അവൻ ആ കത്ത് എനിക്ക് നേരെ നീട്ടി. എന്റെ ഹൃദയം നിന്ന പോലെ എനിക്ക് തോന്നി.
ഞാൻ ആ കത്ത് വിടർത്തി വായിച്ചു. അതിൽ അവളുടെ കണ്ണുനീരിന്റെ പാടുകൾ കാണാമായിരുന്നു.