കുറച്ചുനേരം ഞാനങ്ങനെ ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാൽപാദം എന്നെ ലക്ഷ്യമാക്കി മുകളിൽ നിന്ന് ഇറങ്ങി വരുന്നത് ഞാൻ കേട്ടു , അത് അവൾ തന്നെയെന്ന് എനിക്ക് മനസ്സിലായി.
അവൾ ഞാനിരുന്ന പടിയിൽ അൽപം നീങ്ങി ഇരുന്നു , കണ്ണുകൾ ദൂരത്തേക്ക് നോക്കികൊണ്ട് അവൾ എന്നോട് ചോദിച്ചു.
“എന്താ അരുണേ എന്നോട് പറയാനുള്ളത് ”
എന്റെ മറുപടി ഒരു ചിരിയായിരുന്നു.
” എനിക്ക് അല്ല തനിക്കല്ലേ എന്നോട് എന്തോ പറയാനുള്ളത്.” ഞാൻ മറുപടി പറഞ്ഞു.
“എനിക്കോ ? എനികൊന്നും പറയാനില്ല ” . അവളുടെ നാണിച്ച ആ ഉത്തരം എന്നിൽ വീണ്ടും ചിരി ഉണർത്തി.
” ഒന്നും പറയാനില്ലാഞ്ഞിട്ടാണോ താൻ ഇന്നെന്റെ
ഷർട്ടിൽ പിടിച്ചതും കഴിഞ്ഞ മൂന്നു ദിവസം ഞാനിരുന്ന സീറ്റിലേക്ക് നോക്കി ഇരുന്നതും എന്നെ കുറിച്ച് തിരക്കിയതും ?”.
എന്റെ ചോദ്യങ്ങൾ കേട്ട് നാണിച്ച് തലതാഴ്ത്തി ഇരിക്കുന്ന രേവതിയെ ആണ് ഞാൻ കണ്ടത്. ഞാൻ അവളെ ഒരു നിമിഷം നോക്കി നിന്നു .
“അത് ” അവർ പറഞ്ഞു നിർത്തി.
“ബാക്കി പറ ” ഞാൻ തമാശ രൂപേണ ആവശ്യപ്പെട്ടു.
“എനിക്ക് നിന്നെ ഇഷ്ടമാണ് ” . അവൾ തല ഉയർത്തി ഉറച്ച ശബ്ദത്തിൽ എന്റെ കണ്ണുകളിൽ നോക്കി അത് പറഞ്ഞു.