അവൾ പിന്നെ ഒന്നും പറയാതെ ക്ലാസ്സിലേക്ക് പോയി, ഞാൻ കുറച്ചു നേരം അവള് പോണതും നോക്കിക്കൊണ്ടു നിന്നിട്ട് ക്ലാസ്സിലേക്ക് തന്നെ പോയി
” നീ ഞങ്ങളെക്കാൾ മുന്പേ ക്യാന്റീനിൽ നിന്നും പോന്നതല്ലേ പിന്നെ എവിടെപ്പോയി ”
ആഷിക്കിന്റെ വകയാണ് ഈ പ്രാവശ്യം
” ഞാൻ ഒന്ന് ലൈബ്രറി വരെ പോയി ”
പെട്ടന്ന് വായിൽ വന്ന നുണ തട്ടി വീണു
” നീ ലൈബ്രറിയിൽ പോയി ഇത് ഞങ്ങൾ വിശ്വസിക്കണം, നിന്നെ ഞാൻ കാണാൻ തുടങ്ങിയിട്ട് കൊല്ലം ആറാകുന്നു, ആ എന്നോടാണോ നീ പറയുന്നത്, സത്യം പറയടാ നീ എവിടെ പോയതാ ”
അടുത്തത് വിഷ്ണു വക
” സത്യമായിട്ടും ഞാൻ ലൈബ്രറി യിൽ ആയിരുന്നു ”
” ശരി നീ അവിടെ ഏതു ബുക്ക് ആണ് വായിച്ചത് ”
” റസാഖിന്റെ ഇതിഹാസം ”
” ഡാ നാറി ഇവിടുത്തെ ലൈബ്രറിയിൽ ആകെ ഇവിടുത്തെ സബ്ജെക്ട് ബുക്സ് മാത്രേ ഉള്ളു, നുണ പറയുമ്പോൾ വിശ്വസിക്കാൻ പറ്റുന്ന നുണ പറയണ്ടേ, പിന്നെ റസാഖിന്റെ അല്ല ഖസാക്കിന്റ ഇതിഹാസം ആണ് ”
വീണ്ടും 3g, ഞാൻ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ
” അപ്പൊ ഉള്ളതൊക്കെ ഉള്ളപോലെ പോരട്ടെ, ഇനി കൂടുതൽ നുണപറയാൻ നിക്കണ്ട നീ ആ പെണ്ണിന്റെ കൂടെ നിൽക്കുന്നതു ഞങ്ങൾ കണ്ടതാ”
അപ്പൊ തെണ്ടികൾ എല്ലാം കണ്ടിട്ടാണ് ഒന്നും അറിയാത്ത പോലെ സംസാരിച്ചത്
“ഏതു പെണ്ണിനോട്, ഓഹ് ലക്ഷ്മിയാണോ അവളെ ഞാൻ ക്ലാസ്സിലേക്ക് വരുന്ന വഴിക്കു കണ്ടപ്പോ ജസ്റ്റ് ഒന്ന് മിണ്ടീന്നെ ഉള്ളു”
“അങ്ങനെ ആണേൽ കൊള്ളാം, മോനെ അവള് സീനിയർ ആണ് പോരാത്തതിന് ഇലക്ടോണിക്‌സും, അവന്മാർ ആരെങ്കിലും അറിഞ്ഞാൽ അടുത്ത അടിക്കുള്ള വകയാകും ”
ഇവന്മാരോട് സത്യം പറയുന്നതാണ് നല്ലതു എന്ന് തോന്നിയത് കൊണ്ട് പറയാൻ തീരുമാനിച്ചു
“എടാ നിങ്ങളോട് ഞാനൊരു കാര്യം പറയാം കേൾക്കുമ്പോൾ ദേഷ്യപ്പെടരുത് കൂടെ നിക്കണം”
അവർ ഒന്നും മിണ്ടാത്തത് കൊണ്ട് ഞാൻ തുടർന്നു
” എനിക്ക് അവളെ ഇഷ്ടായി”
“ആരെ ലക്ഷ്മിയെയോ”
അവർ ഒന്ന് ഞെട്ടി
“അതെ”
“എടാ അവള് നമ്മുടെ സീനിയർ ആണ് നിന്നെക്കാൾ ഒരു വയസിനു മൂത്തതും ആണ് ”