വീട്ടിൽ ചെന്ന് കാളിങ് ബെൽ അടിച്ചു ചേച്ചി തുറക്കും എന്ന് പ്രതീക്ഷിച്ച വാതിൽ തുറന്നത് ലീലാന്റിയാണ്, പണ്ട് ഞാൻ കണ്ടപോലെ തന്നെ ഇരിക്കുന്നു, തല ചെറുതായി നരച്ചു എന്നതൊഴിച്ചാൽ യാതൊരു മാറ്റവും ഇല്ല
“ലീലാന്റീ.. ”
” ഡാ മൊട്ടേ ”
എന്നെ ലീലാന്റി മാത്രം വിളിക്കുന്ന പേരാണ് മൊട്ട, ഒരിക്കൽ തല മൊട്ട അടിച്ചു എന്നും പറഞ്ഞു അന്ന് മുതൽ അങ്ങനെ മാത്രേ വിളിക്കാറുള്ളു
“നീ ഇവളുടെ കോളേജിൽ ആണ് പടിക്കുന്നതെന്നു അവള് പറഞ്ഞു, ഇനീപ്പോ നീ ഹോസ്റ്റലിൽ ഒന്നും നിക്കണ്ടടാ നീ ഇങ്ങു പോരെ നിനക്കു ഇവിടെ നിക്കാല്ലോ”
ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടാണ് ചേച്ചി പുറത്തേക്കു വരുന്നത്
” എന്റെ അമ്മേ അവരെ ഒന്ന് അകത്തേക്ക് വിളിക്കു, അകത്തിരുന്നു സംസാരിക്കാല്ലോ ”
ചേച്ചി പറഞ്ഞപ്പോളാ ആന്റിയും അത് ഓർത്തത് എന്ന് തോന്നുന്നു
” അയ്യോ ഇവനെ കണ്ട സന്തോഷത്തിൽ അത് മറന്നു, കേറിവാടാ കേറിവാ മക്കളെ ”
ആന്റി എന്നെയും അവരെയും ഉള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയ് ചെറിയ വീട് ആണെങ്കിലും നല്ല അടുക്കും ചിട്ടയിൽ സൂക്ഷിച്ചിരിക്കുന്നു
,ചേച്ചിയുടെ പണിയാകാം ഷോകേസിൽ കുറച്ചു ബോട്ടിൽ ആർട്ട് ഒക്കെ ഇരിപ്പുണ്ട്
വീടും നോക്കി ഇരുന്ന എന്നോട് ആന്റി വീണ്ടും പറഞ്ഞു
“നീ വീടൊന്നും നോക്കേണ്ടടാ നിനക്ക് താമസിക്കാനുള്ള മുറിയൊക്കെ ഇവിടുണ്ട് നീ ഇങ്ങോട്ട് പോരെ, രാവിലെ ഇവളുടെ ഒപ്പം പോകാം ഒപ്പം തിരിച്ചും വരാം ”
” എന്റെ ആന്റി വീടിനടുത്തു മുട്ടത്തു കോളേജ് ഉണ്ടായിട്ടും അവിടെ ആപ്ലിക്കേഷൻ കൊടുക്കാതെ ഇത്രേം ദൂരെ വന്നു പഠിക്കുന്നത് ഹോസ്റ്റലിൽ നിക്കാൻ വേണ്ടി മാത്രമാണ്, ഞാൻ ഇടയ്ക്കിടയ്ക്ക് ഇതുപോലെ വരാം അതുപോരെ ”
“ആ ഇനീപ്പോ ഞാൻ എന്ത് പറയാനാ, നിന്റെ ഇഷ്ടം പോലെ ചെയ്യ് ”
” പിന്നെ എന്നോട് ഇങ്ങനെ ചോദിച്ചൂന്നും ഞാൻ ഇങ്ങനെ പറഞ്ഞൂന്നും അമ്മേനെ വിളിച്ചു പറയല്ലട്ടോ, എന്നോട് പെട്ടീം കിടക്കേം എടുത്തോണ്ട് ഇപ്പൊ തന്നെ ഇങ്ങു പോരാൻ പറയും ആള് ”
“ഹ്മ്മ് ശരി ശരി ഞാൻ പറയുന്നില്ല ”
താങ്ക്സ് ആന്റി എന്നും പറഞ്ഞു കവിളിൽ ഒരുമ്മയും കൊടുത്തു ഞാൻ അടുക്കളയിലേക്കു പോയി, അവന്മാറ് അപ്പോഴും ലീലാന്റി യുടെ അടുത്തുണ്ട് അവർ തമ്മിൽ എന്തോ സംസാരിക്കുന്നുണ്ട്