കെറുവിച്ചു തന്നെയാണ്, ഞാൻ അവളുടെ അടുത്ത ചെന്ന് പറഞ്ഞു, എടീ പെണ്ണെ, ഞാൻ പറഞ്ഞിട്ടില്ലേ, നീ എന്ത് പറഞ്ഞാലും ഞാൻ കേട്ടോളാമെന്ന്, അപ്പൊ പിന്നെ മുഖം വീർപ്പിക്കുന്നതെന്തിനാ, നാളെ പോകാം നമുക്ക്. ആ മുഖം തെളിഞ്ഞു വന്നൊതൊന്നു കാണേണ്ടത് തന്നെയായിരുന്നു. എന്തായാലൂം പിണക്കമൊക്കെ മാറിയല്ലോ. ഞാൻ മുകളിലേക്ക് പോന്നു.
പിറ്റേന്ന് ഉച്ചയോടെ അഞ്ജനയെയും കൂട്ടി ടൗണിൽ പോയി, തുണിക്കടയിലും ലേഡീസ് ഷോപ്പിലുമൊക്കെ കയറി അവൾക്കു വാങ്ങാനുള്ളതൊക്കെ വാങ്ങി. തിരിച്ചിറങ്ങുമ്പോൾ അവിടെ അടുത്തുള്ള സ്വര്ണക്കടയുടെ മുമ്പിൽ ഞാൻ സ്കൂട്ടർ നിർത്തി, എന്താ ഹരിയേട്ടാ ഇവിടെ, സ്വർണ്ണമൊന്നും വാങ്ങാൻ എൻ്റെ കൈയിൽ കാശില്ല കേട്ടോ, അവൾ തമാശയായി പറഞ്ഞു.
നീ വാടീ പെണ്ണെ, എന്നും പറഞ്ഞ് അവളെയും കൂട്ടി കടയിലേക്ക് കയറി. എനിക്കൊരു വള വാങ്ങിക്കണം, ഒരാൾക്ക് കൊടുക്കാനുള്ളതാ, നിൻ്റെ കൈയളവൊന്നു നോക്കി വാങ്ങാമല്ലോ. അവൾ ഒന്നും പറഞ്ഞില്ല. അത്യാവശ്യം തൂക്കമുള്ള പുതിയ ഡിസൈനിലുള്ള ഒരു വള നോക്കി വാങ്ങി, കാശും കൊടുത്തു ഇറങ്ങി. ആർക്കുള്ളതാ ഹരിയേട്ടാ അവൾക്ക് അറിയാഞ്ഞിട്ട് ഇരിക്കപ്പൊറുതിയില്ലാത്ത പോലെ.
അതൊന്നും നീ അറിയണ്ട, നിനിക്കിഷ്ടപ്പെട്ടോ വള, അവൾ തലയാട്ടി. എന്ന അത്രേമൊക്കെ അറിഞ്ഞാ മതി. ഞാൻ വള അവളുടെ കൈയിലുള്ള ഒരു ബാഗിലേക്കു വെച്ചു. പോരുന്ന വഴി ഒരു കോഫി ഷോപ്പിൽ നിർത്തി ഞങ്ങൾ ഓരോ ഐസ് ക്രീം കഴിച്ചു. അവളെത്തന്നെ നോക്കിയിരിക്കാൻ എന്തോ ഒരു മനസുഖം. ഇടക്കവളെന്നെ നോക്കുന്നുണ്ട്, ഹരിയേട്ടനെന്നാ നോക്കുന്നെ എന്നവൾ. ഞാൻ വെറുതെ എന്നും പറഞ്ഞ് എൻ്റെ ഐസ് ക്രീം തീർക്കാൻ നോക്കി.
വൈകിട്ടാണ് വീട്ടിലെത്തിയത്, ചെന്ന വഴി അവൾ വാങ്ങിയതൊക്കെ നിർമല ചേച്ചിയെ കാണിച്ചു, കൂടെ ഞാൻ വാങ്ങിയ വളയും, ചേച്ചിയും ചോദിച്ചു, ഇതാർക്കാ കണ്ണാ, ഞാൻ ഒന്നും പറയാൻ പോയില്ല. അല്ലേലും ഒരാവേശത്തിനു വാങ്ങിയതാ, അഞ്ജനക്കു തന്നെ വേണ്ടി വാങ്ങിയതും. പക്ഷെ എങ്ങിനെ കൊടുക്കുമെന്നോർത്തു ഒരു വിഷമം. അത് പിന്നെ പറയാം ചേച്ചീ, ഞാൻ ഒഴിഞ്ഞു മാറി, ഇത് ചേച്ചി തന്നെ വെച്ചോ, ഞാൻ ചോദിക്കുമ്പോ തന്ന മതി എന്നും പറഞ്ഞ് വളയുടെ പൊതി ചേച്ചിയെ തന്നെ ഏൽപ്പിച്ചു.
അപ്പോഴാണ് ഓർത്തത്, ഇന്ന് വസുമതി ടീച്ചർ വിളിച്ചിട്ടുണ്ടല്ലോ അത്താഴത്തിനു, ഇന്ന് ഭക്ഷണം പുറത്തു നിന്നാണെന്നു ചേച്ചിയോട് പറഞ്ഞു, എങ്ങോട്ടാ എന്ന് ചോദിച്ചപ്പോൾ വസുമതി ടീച്ചറിൻ്റെ അടുത്തേക്കാണെന്നു പറഞ്ഞില്ല, ഒന്ന് രണ്ട് സുഹൃത്തുക്കൾ ടൗണിൽ വരും, അവരുടെ കൂടെ ഒന്ന് കൂടണം. വൈകാതെ വന്നേക്കാം എന്ന് പറഞ്ഞ് മുകളിലേക്ക് പൊന്നു. ഇനി വസുമതി ടീച്ചറിൻ്റെ അടുത്തേക്കാണെന്നു പറഞ്ഞാൽ എന്തെങ്കിലും പറഞ്ഞാലോ, ചേച്ചിക്കണേ അവരെ ഇഷ്ടമല്ല താനും.
എന്തായാലും ആറു മണി കഴിഞ്ഞപ്പോൾ ഇറങ്ങി, പോകുന്ന വഴി മാത്യൂസിൻ്റെ കടയിൽ നിന്നും ഒരു കേക്കും വാങ്ങി, ആലീസിനെ നോക്കിയിട്ട് കണ്ടില്ല, സ്കൂൾ അവധിയല്ലേ, കച്ചവടം കുറവായതു കാരണം വന്നിട്ടുണ്ടാകില്ല. ടീച്ചറിൻ്റെ വീടൊരു ഉദ്ദേശം വെച്ചേ അറിയൂ, നല്ല ദൂരമുണ്ട്, ടീച്ചർ കാറിലാണ് വരുന്നത്, സ്കൂളിൽ അകെ വരുന്ന ഒരു കാർ അവരുടേതു തന്നെയാണ്.