ആൻഡ്രൂ: നാളത്തെ കാര്യം..??
ഷൈൻ: നാളെ പോണം.. എനിക്ക് അറിയണം.. ആരാണ് ഇതിന്റെ പിന്നിൽ എന്ന്…
ആൻഡ്രൂ: അതെ.. എന്തായാലും ഇത്രത്തോളം ആയി.. ഇനി വരുന്നിടത്ത് വച്ച് കാണാം…
ഷൈൻ: ഹും….
ഉറങ്ങാനായി കിടന്നെങ്കിലും ഏറെ നേരം ഷൈൻ എന്തൊക്കെയോ ആലോചിച്ച് കിടന്നു…
എന്നാലും ഈ ചുരുങ്ങിയ സമയം കൊണ്ട് എന്തൊക്കെയാണ് നടന്നത് എന്ന് ഷൈനിന് ചിന്തിക്കാവുന്നതിലും അപ്പുറം ആയിരുന്നു…
ആരായിരിക്കും ഇതിന് പിന്നിൽ.. എന്തായിരിക്കും ഇതിന്റെ ഒക്കെ അർത്ഥം..
അങ്ങനെ ഓരോന്ന് ആലോചിച്ച് കിടന്ന് ഷൈൻ എപ്പോഴോ ഉറങ്ങി പോയി…
🌀🌀🌀🌀🌀🌀🌀🌀🌀
പിറ്റേന്ന് രാവിലെ ആൻഡ്രൂ വിളിക്കുമ്പോൾ ആണ് ഷൈൻ എഴുന്നേൽക്കുന്നത്…
ആ പെൺകുട്ടിയുടെ വീട്ടിൽ പോകുക എന്നത് ഇപ്പൊൾ മറ്റാരേക്കാളും ഷൈനിന്റെ ആവശ്യം ആയത് കൊണ്ട് അവൻ പെട്ടെന്ന് തന്നെ പുറപ്പെട്ട് പോകാൻ തയ്യാറായി…
താഴേക്ക് ചെന്നതും എല്ലാവരും പോകാൻ തയ്യാറായിരുന്നു…
ഷൈൻ ആൻഡ്രൂ പപ്പ അമ്മച്ചി ചേച്ചി അളിയൻ അങ്ങനെ എല്ലാവരും കൂടി രണ്ടു വണ്ടികളിൽ ആയാണ് പോകുന്നത്..
ആ പെൺകുട്ടിയുടെ വീട്ടിൽ പോയി തന്റെ മകൻ ചെയ്ത തെറ്റിന് മാപ്പ് അപേക്ഷിക്കാനും പ്രായശ്ചിത്തം ചെയ്യാനുള്ള കാര്യങ്ങൾ സംസാരിക്കാനും ആണ് പപ്പ പോകുന്നത് എന്ന് ഷൈനിന് നന്നായി അറിയാമായിരുന്നു…
എന്നാൽ ആരാണ് ഇതിന് പിന്നിൽ എന്ന് കണ്ടുപിടിക്കുകയും അവരുടെ ഉദ്ദേശം എന്താണ് എന്ന് അറിയുകയും ആയിരുന്നു ഷൈനിന്റെ ലക്ഷ്യം…
അങ്ങനെ അവർ എല്ലാവരും ഷൈനിന്റെ ക്രൂരതക്ക് ഇരയാക്കപ്പെട്ടു എന്ന് വാദിക്കുന്ന പെൺകുട്ടിയുടെ വീട്ടിലേക്ക് തിരിച്ചു…
ഷൈനും ആൻഡ്രുവും ഒരു കാറിൽ പുറകിലും.. അവർക്ക് മുന്നേ മറ്റുള്ളവർ വേറെ ഒരു കാറിലും ആയിരുന്നു…
അധികം വൈകാതെ തന്നെ അവർ അവരുടെ ലക്ഷ്യ സ്ഥാനത്ത് എത്തി…
എല്ലാവരും കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി…
ഷൈനിന്റെ അത്ര വലുതല്ല എങ്കിൽ കൂടി അത്യാവശ്യം വലിയ ഒരു വീട് തന്നെ ആണ്.. മുറ്റത്ത് കാറുകളും കിടക്കുന്നുണ്ട്.. അത്യാവശ്യം ആഡംബരവും ഉണ്ട്…
അതെല്ലാം കണ്ടപ്പോൾ തന്നെ അവരുടെ ലക്ഷ്യം പണം ആകാൻ വഴിയില്ല എന്ന് ഷൈനിന് തോന്നി… പിന്നെ എന്തായിരിക്കും…??
കാറിൽ നിന്നും ഇറങ്ങിയ പപ്പ ഷൈനിനെ തന്നെ ഒന്ന് ഇരുത്തി നോക്കി…
ഈ സംഭവത്തിന് ശേഷം അമ്മച്ചിയോ ചേച്ചിയോ ഷൈനിനോട് മിണ്ടിയിട്ട് കൂടി ഇല്ല…
അവർ മുറ്റത്ത് തന്നെ നിൽക്കുകയായിരുന്നു…
പെട്ടന്നാണ് അകത്ത് നിന്നും ഒരാൾ ഉമ്മറത്തേക്ക് വന്നത്..
കാഴ്ചയിൽ മാന്യൻ എന്ന് തോന്നിക്കുന്ന ഒരാൾ…