മാസങ്ങള്‍ക്ക് ശേഷം എന്‍റെ മായയെ നേരിട്ടു കാണാന്‍ പോകുന്നു. ഞാന്‍ അവള്‍ പറഞ്ഞ സ്ഥലത്തേക്ക് വേഗം നടന്നു.
ദൂരെ നിന്നെ ഞാന്‍ അവളെ കണ്ടു. അവള്‍ എന്നെയും. ഇനി നീരജ് ഉണ്ടാകുമോ ഇവിടെ? അവനും വന്നിട്ടുണ്ടാകുമോ? ഞാന്‍ ചുറ്റും നോക്കി. പക്ഷേ അവനെ എനിക്കറിയില്ലല്ലോ. നേരിട്ടു ഇതുവരെ കണ്ടിട്ടില്ലാത്ത അവനെ എങ്ങിനെ ഞാന്‍ കണ്ടുപിടിക്കാനാ.
നടന്നു മായയുടെ അടുത്തെത്തി.
പച്ചയില്‍ പൂക്കള്‍ ഉള്ള ഒരു ചുരിദാര്‍ ആയിരുന്നു അവള്‍ ഇട്ടിരുന്നത്. കഴുത്തിലൂടെ ഒരു ഷാലും ഇട്ടിട്ടുണ്ട്. അവസാനം കണ്ടതിനെക്കാള്‍ സൌന്ദര്യം കൂടിയിരിക്കുന്നു. മുഖത്തും സന്തോഷം തെളിഞ്ഞു കാണുന്നുണ്ട്. എന്നെ കണ്ടത് കൊണ്ടാണോ അതോ നീരജിനെ കാണാന്‍ പോകുന്നതിന്റെ ആണോ ആ സന്തോഷം എന്നു എനിക്കു മനസിലാക്കാന്‍ കഴിഞ്ഞില്ല അപ്പോഴും.
“കുറേ നേരമായോ വന്നിട്ട്”
“ആ. .. കുറച്ചു നേരമായി”
“എനിക്കറിയാമായിരുന്നു വരും എന്നു”
“ആണോ?”
“അതെ.”
“കല്യാണം എവിടെയാ?”
“ഇവിടുന്നു കുറച്ചു ദൂരം പോകാനുണ്ട്. ബസില്‍ പോകണം.”
“അതെയോ?”
“ദാ ആ ബസ് ആ വഴി ആണ്. നമുക്കതില്‍ പോകാം.”
“ആയിക്കോട്ടെ.”
“പരിചയക്കാര്‍ കാണും ഇവിടെ. നിങ്ങള്‍ പുറകിലൂടെ കയറിക്കോളൂ.”