“ok. നാളെ പറയാം”.
നാളെ ഞായറാഴ്ച. ഒരുപക്ഷേ അവസാനമായിട്ടായിരിക്കും അവളെ കാണുക. എന്നാലും സാരമില്ല. അവള്‍ എന്നോടു സത്യം അല്ലേ പറഞ്ഞുള്ളൂ. ഒരിയ്ക്കലും എന്നോട് ഐ ലവ് യു എന്നു പറഞ്ഞിട്ടും ഇല്ല. അവളുടെ ഭാഗത്ത് നിന്നു നോക്കുമ്പോള്‍ അത് തന്നെ ആണ് ശരിയും. അവള്‍ വരേണ്ട എന്നു പറഞ്ഞാലും നാളെ ഞാന്‍ പോകും. പക്ഷേ എവിടെ ആണ് കല്യാണം എന്നു പോലും അറിയില്ല എന്നത് വേറെ സത്യം.
എന്തായാലും രാവിലെ എഴുന്നേറ്റ് കുളിച്ചു നേരെ ബസ് കയറി. ബസ്സ്റ്റാന്‍റില്‍ വെയിറ്റ് ചെയ്തു. എന്റെ ഒരു ഊഹം ശരി ആണെങ്കില്‍ ബസ്സ്റ്റാന്‍റില്‍ വന്നിട്ടായിരിക്കും കല്യാണത്തിന് പോകേണ്ടത്. അങ്ങിനെ പോയി നിന്നതാ. ഇതുവരെ ഗുഡ്മോര്‍ണിംഗ് മെസേജ് പോലും വന്നില്ല.
ഇനി അവള്‍ വിളിക്കില്ലേ. വിളിക്കുമായിരിക്കും. വിളിക്കാതിരിക്കാന്‍ സാധ്യത ഇല്ല.
അങ്ങിനെ ആലോചിച്ചു ഇരിക്കുമ്പോള്‍ അവളുടെ ഫോണ്‍ വന്നു.
“എവിടെയാ?”
“ഞാനിവിടെ ബസ് സ്റ്റാന്‍റില്‍ ഉണ്ട്”
“ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങിയതെ ഉള്ളൂ. ഒരു അര മണിക്കൂര്‍
എടുക്കും അവിടെ എത്താന്‍.”
“ഞാന്‍ ഇവിടെ നിന്നോളാം”
സത്യം പറഞ്ഞാല്‍ ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ആണ് രണ്ടുമണിക്കൂറോളം യാത്ര ചെയ്തു ഇവിടെ എത്തിയത്. നന്നായി വിശക്കുന്നുണ്ടായിരുന്നു. അരമണിക്കൂര്‍ എടുക്കും എന്നറിഞ്ഞതോടെ ഹോട്ടലില്‍ കയറി ബ്രേക്ഫാസ്റ്റ് കഴിച്ചു.
ബ്രേക് ഫാസ്റ്റ് ഒക്കെ കഴിഞ്ഞു പത്തു മിനിറ്റ് കൂടി കഴിഞ്ഞപ്പോ അവള്‍ വീണ്ടും വിളിച്ചു. ബസ്ഇറങ്ങി എന്നു പറഞ്ഞു. എന്‍റെ ഹൃദയം മിടിക്കാന്‍ തുടങ്ങി.