“ഷോൺ… ഇറങ്ങി വാ..”
എന്തൊക്കെയോ ആലോചിച്ച് ഹോസ്പിറ്റൽ എത്തിയത് പോലും ഞാൻ അറിഞ്ഞിരുന്നില്ല…
ഞാൻ ചേട്ടത്തിയുടെ കൂടെ ഉള്ളിലേക്ക് നടന്നു.. വാർഡ് അടുക്കും തോറും എന്റെ ഉള്ളിലെ ഭയവും അധികരിച്ച് കൊണ്ടിരുന്നു.. എങ്ങനെ ഞാൻ അവരെ എല്ലാം ഫേസ് ചെയ്യും.. അതെല്ലാം പോട്ടെ.. ജൂലിയോട് ഞാൻ എന്ത് പറയും..??
ചേട്ടത്തി ലിഫ്റ്റിൽ കയറി മൂന്നാമത്തെ ഫ്ലോറിൽ പ്രസ്സ് ചെയ്തു.. ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല..
ലിഫ്റ്റ് ഇറങ്ങി ഞങ്ങൾ നടന്നു.. വാർഡ് നമ്പർ 102 ല് ആണ് അവൾ.. വരാന്തയിൽ എത്തിയപ്പോൾ തന്നെ വാർഡിന് മുന്നിൽ കസേരയിൽ ഇരിക്കുന്ന അവളുടെ അച്ഛനെയും ജീവനെയും കണ്ടു..
ഞാൻ ജീവന്റെ അടുത്തേക്ക് ചെന്നു..
അവൻ എന്നെ കണ്ടതും മുഖം വെട്ടിച്ചു..
പറയാൻ എന്റെ കയ്യിൽ വാക്കുകൾ ഒന്നും ഇല്ലാത്തതിനാൽ ഒന്നും മിണ്ടിയില്ല…
അങ്കിളിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞ് മുറുകിയിട്ടുണ്ട്.. എന്റെ മുഖത്തേക്ക് നോക്കുന്നത് പോലും ഇല്ല..
അറിഞ്ഞുകൊണ്ട് അല്ലെങ്കിലുംഅവരുടെ മകളുടെ ഈ അവസ്ഥക്ക് ഞാനും കാരണക്കാരൻ ആണല്ലോ…
ചേട്ടത്തി എന്നെയും കൂട്ടി വാതിൽ തുറന്നു മുറിക്കുള്ളിലേക്ക് കയറി.. അവിടെ ബെഡിൽ മയങ്ങുകയായിരുന്നു ജൂലി..
അവളുടെ അമ്മ അവളുടെ അടുത്ത് തന്നെ ചെയറിൽ ഇരിക്കുന്നുണ്ടായിരുന്നു.
എന്നെ കണ്ടതും അവർ വേഗം എണീറ്റു.. ആന്റിയുടെ മുഖത്തും ഞാൻ കണ്ട ഭാവം ദേഷ്യം മാത്രം ആയിരുന്നു..
മറ്റൊന്നും നേടിയില്ലെങ്കിലും എല്ലാവരുടെയും വെറുപ്പ് സമ്പാദിക്കാൻ എനിക്കായി എന്ന് മനസ്സിലായി..
ചേട്ടത്തി പതുക്കെ ആന്റിയുടെ അടുക്കലേക്ക് ചെന്നു എന്നിട്ട് പറഞ്ഞു..
“ആന്റി വാ.. അവൻ അവളോട് സംസാരിക്കട്ടെ…”
ആദ്യം ഒന്ന് മടിച്ചെങ്കിലും ചേട്ടത്തി നിർബന്ധിച്ചപ്പോൾ ആന്റി സമ്മതിച്ചു..
ആന്റിയെയും കൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോൾ ഏട്ടത്തി എന്നെ നോക്കി എല്ലാം ശരിയാകും എന്ന രീതിയിൽ രണ്ടു കണ്ണുകളും അടച്ച് കാണിച്ചു..
ഞാൻ പതിയെ ചെന്ന് കസേരയിൽ ഇരുന്നു…
ജൂലി നല്ല മയക്കം ആണ്.. അവളുടെ കയ്യിലെ മുറിവ് കെട്ടിയിട്ടുണ്ട്.. ഡ്രിപ്പ് ഇട്ട് ഗ്ലൂക്കോസ് കയറ്റുന്നുണ്ട്…
ഞാൻ പതിയെ എന്റെ കൈ കൊണ്ട് അവളുടെ കയ്യിൽ സ്പർശിച്ചു.. എന്നിട്ട് അവളുടെ മുഖത്തോട് മുഖം അടുപ്പിച്ച് പിടിച്ച് പതിയെ വിളിച്ചു..
“ജൂലി…”