നേരെ ഓഫീസിൽ… അവിടുന്ന് റെയിൽവേ സ്റ്റേഷനിലേക്ക്…..
കൃത്യം പത്തു മിനിറ്റ് ബാക്കി നിൽക്കെ… അദ്ദേഹം എന്നെ അവിടെ എത്തിച്ചു…
കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കണമെന്നു തോന്നിയതാ… അതിനു സമയമില്ലാത്തതിനാൽ ചോദിച്ചതിനെക്കാളും അധികം പൈസ അദ്ദേഹത്തിനു നൽകി…
ഞാൻ ബാഗും കൊണ്ട് സി എസ് ടി റെയിൽവേ സ്റ്റേഷനുള്ളിലേക്ക് ഓടി….
ട്രെയിൻ എന്നെയും കാത്തു കിടന്നപോലെ…
ഞാൻ ചെന്നു കയറിയതും കേരളം ലക്ഷ്യമാക്കി അതു യാത്ര തുടങ്ങി…..
ഞാൻ എന്റെ സീറ്റിലമർന്നു…..
ഒന്ന് ശ്വാസം നേരെ വിട്ടു…..
ഇന്ന് നടന്ന കാര്യങ്ങൾ മനസ്സിലേക്കൊടി വന്നു…. അതിൽ അവളുടെ മുഖം തെളിഞ്ഞു…റിസപ്ഷനിലെ കമ്പ്യൂട്ടർ പെൺകൊടി…….
***** ****** ******
ഒരു വട്ടമേശക്ക് ചുറ്റും കൂടിയിരുന്നു കൊണ്ട് കയ്യിലിരിക്കുന്ന മദ്യ ഗ്ലാസ്സുകൾ ചേർത്ത് ഉച്ചത്തിൽ ചിയേർസ് പറയുകയായിരുന്നു ഞങ്ങൾ നാലഞ്ചു പേർ…
കൂടെയുള്ള ഫിലിപ്പൈൻകാരിയായ റോസ്‌ലിന്റെ ബെർത്ത് ഡേ ആഘോഷമാണ് നടക്കുന്നത്…
സൗഹൃദത്തിനു ഞാൻ കൊടുക്കുന്ന വിലയാണ് ഇവരുടെ കൂടെ ഇന്ന് ഇങ്ങനെയൊക്കെ ഇരുന്നു പാർട്ടികളിൽ പങ്കെടുക്കാൻ പറ്റുന്നത്.
റോസ്‌ലിൻ പൊതുവെ ആരുമായും കൂട്ടുകൂടുന്ന പ്രകൃതമല്ല….
എന്നാലും ഞാനും അവളും ഭയങ്കര സൗഹൃദത്തിലാണ് ….
കളങ്കമില്ലാത്ത സൗഹൃദം..
പിന്നെ ഞങ്ങളുടെ കൂടെയുള്ളവർ എന്ന് പറഞ്ഞാൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ….
അവരൊന്നും ഇതിൽ പ്രാധാന്യം ഇല്ലാത്തതുകൊണ്ട് അവരെ ഇവിടെ പരാമർശിക്കുന്നില്ല…..
എന്നാൽ ഇക്കൂട്ടത്തിൽ മറ്റൊരു ഇൻഡ്യാകാരനും ഉണ്ട്…
ക്കാരൻ അല്ല… ക്കാരി… ഇന്ത്യാക്കാരി…
അങ്ങ് നോർത്ത് ഇന്ത്യയിൽ ജനിച്ചു വളർന്ന ഒരു മലയാളിപെൺകൊടി അരുണിമ…
ഇപ്പോഴും ആർക്കും പശ്ചാത്തലം മനസ്സിലായിട്ടില്ല അല്ലേ…
ഒരു ബ്രിട്ടീഷ് ആഡംബര കപ്പൽ…. അച്ഛനെയും അമ്മയെയും ഒഴികെ വേറെന്തും ലഭിക്കുന്ന ഒരു അത്യാധുനിക ആഡംബര കപ്പൽ.
അതിലെ വിവിധ ഡിപ്പാർട്മെന്റ് കളിൽ ജോലി ചെയ്യുന്നവരാണ് ഞങ്ങളെല്ലാം..
അന്നവിടെ… 2013ൽ മുംബൈയിൽ നിന്നും പേപ്പറുകളെല്ലാം ശെരിയാക്കി….
ഏഴുവർഷത്തിനിപ്പുറവും അതെ കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നു…
കുറെയധികം രാജ്യങ്ങളിൽ പോയി…
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ കണ്ടു…
ആഗ്രഹിച്ചപോലെ എല്ലാം നടക്കുന്നു..