ആദിത്യനും അവന്റെ കൂട്ടുകാരും നടന്ന വരുന്നതിന്റെ ബഹളമാണ് അവർ കേട്ടത്.
അവനെ കണ്ട ഉടനെ തന്നെ രമ്യ സംഗീതയുടെ അടുത്ത് നിന്നും പിൻവലിഞ്ഞു.
ക്ലാസ്സിലേക്ക് കയറിയ ആദിത്യൻ കൈ കുടഞ്ഞ് കൊണ്ട് ഗൗരവത്തിൽ സംസാരിക്കുന്നതിനിടയിൽ ആണ് തന്നെ തുറിച്ച് നോക്കി ഇരിക്കുന്ന സംഗീതയെ ശ്രദ്ധിക്കുന്നത്.
“അളിയാ, പണി കിട്ടി എന്നാണ് തോന്നുന്നത്.. അമ്മു എന്തോ അറിഞ്ഞിട്ടുണ്ട്.”
പ്രശാന്ത് സംഗീതയെ നോക്കിയപ്പോൾ അവൾ തുറിച്ച് നോക്കികൊണ്ട് ഇരിക്കുകയാണ്. ദേഷ്യത്തിൽ അവളുടെ കവിളുകൾ രണ്ടും ചുവന്നിട്ടുണ്ട്.
പ്രശാന്തിന്റെ മുഖത്ത് ചെറുതായി ചിരി പരന്നു.
ആദിത്യന്റെ സ്വഭാവത്തെ കുറിച്ച് എല്ലാപേർക്കും അറിയാവുന്നതാണ്.എല്ലാരോടും പെട്ടെന്ന് സൗഹൃതത്തിലാകും. എന്നാൽ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതവും. മനസിലുള്ളത് ആരുടെ മുഖത്ത് നോക്കിയും വെട്ടി തുറന്ന് പറയും.ആരുടെ മുന്നിലും താഴ്ന്ന് കൊടുക്കാറില്ല. സംഗീതയുടെ മുന്നിലൊഴികെ.
ഒരു ചിരിയോടെ പ്രശാന്ത് പറഞ്ഞു.
“കഴിഞ്ഞ പ്രവിശ്യത്തത്ര കലിപ്പിലല്ല. എന്തായാലും നീ അങ്ങോട്ട് ചെല്ല്. അല്ലെങ്കിൽ അവൾ നിന്നെ നോക്കി ദഹിപ്പിക്കും.”
പ്രശാന്തിന് ഒരു ചിരി മറുപടി ആയിനൽകികൊണ്ട് ആദിത്യൻ സംഗീതയുടെ അടുത്തിരിക്കുന്ന തന്റെ ബാഗിനടുത്തേക്ക് നടന്നു.
ബാഗിന്റെ സിപ് തുറക്കുന്നതിനിടയിൽ അവൻ സംഗീതയോടു ചോദിച്ചു.
“നീയെന്തിനാ ഇങ്ങനെ തുറിച്ച് നോക്കുന്നത്?”
അപ്പോഴും രൂക്ഷമായ ഒരു നോട്ടം തന്നെയായിരുന്നു അവളുടെ മറുപടി.
“നീ കഴിച്ചായിരുന്നോ?”
എടുത്തടിച്ചപോലെ അവളുടെ മറുപടി വന്നു.
“ഇല്ല.. നീ അടിയൊക്കെ ഉണ്ടാക്കി മടങ്ങി വരുന്നത് വരെ ഞാൻ കഴിക്കാതെ നിനക്ക് വേണ്ടി കാത്തിരിക്കാം.”
ക്ലാസ്സിലേക്ക് കയറി വരുമ്പോൾ രമ്യ സംഗീതയുടെ അടുത്ത് നിന്നും നടന്ന് പോകുന്നത് ആദി കണ്ടിരുന്നു. അതുകൊണ്ട് തന്നെ ഈ ന്യൂസ് ഇത്ര പെട്ടെന്ന് സംഗീതയുടെ ചെവികളിൽ എത്തിച്ചത് ക്ലാസ്സിലെ മെയിൻ ന്യൂസ് റിപ്പോർട്ടർ ആയ രമ്യ തന്നെയാണെന്ന് അവനു ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു.
ആദി പെട്ടെന്ന് രമ്യയെ നോക്കി. അവന്റെ നോട്ടം തന്റെ നേരെ ആണെന്നറിഞ്ഞ രമ്യ പെട്ടെന്ന് അമൂല്യയുടെ അടുത്തേക്ക് കയറി തല താഴ്ത്തി ഇരുന്നു.
രമ്യയുടെ പരുങ്ങൽ കണ്ടു അമൂല്യ ചോദിച്ചു.
“എന്ത് പറ്റിയെടി?”
“പണി കിട്ടിയെന്നാണ് തോന്നുന്നേ..”
അമൂല്യ അവളുടെ മുഖത്ത് തന്നെ എന്താ എന്നുള്ള അർഥത്തിൽ നോക്കി.
“ആദി ജിത്തുമായി അടി ഉണ്ടാക്കിയ കാര്യം സംഗീതയോടു പറഞ്ഞത് ഞാനാണെന്ന് അവനു മനസിലായെന്ന് തോന്നുന്നു.”
അമൂല്യ തല ചരിച്ച് ആദിത്യനെ നോക്കി.