രണ്ടാമതൊരാൾ
Randamathoraal | Author : Ne-na
അടുക്കള വാതിൽ വഴി വീടിനു പിന്നിൽ ഇറങ്ങിയ സംഗീത മതിലിനപ്പുറം തല ഉയർത്തി നിൽക്കുന്ന കിഴക്കയിൽ തറവാട്ടിലേക്ക് ഒന്ന് നോക്കി.
തറവാടിന്റെ പഴയ പ്രൗഢിക്ക് ഇപ്പോഴും ഒരു മാറ്റവും ഉണ്ടായിട്ടില്ല. മൂന്നു നാല് തലമുറകൾ താമസിച്ച തറവാടാണ്. ഈ കാലത്തും തറവാടിന്റെ ഇപ്പോഴത്തെ കാരണവരായ വാസുദേവൻ കാലത്തിന്റേതായ ചെറിയ മാറ്റങ്ങളോടെ തറവാടിന്റെ ഇപ്പോഴും അതേപോലെതന്നെ സംരക്ഷിച്ച് നിർത്തിയിട്ടുണ്ട്. ഇരു നിലകളുള്ള തറവാടിന്റെ രണ്ടാമത്തെ നില ഇപ്പോഴും ഓടുമേഞ്ഞതു തന്നെ ആയിരുന്നു.
മതിലിന്റെ പൊക്കം കാരണം തറവാടിന്റെ മുറ്റത്ത് ആരെങ്കിലും ഉണ്ടോന്ന് അറിയാൻ വയ്യ. ആ മതിലിൽ തന്നെ തറവാട്ട് മുറ്റത്തേക്ക് എളുപ്പത്തിൽ കടന്നു ചെല്ലാൻ ഒരു ഗേറ്റ് ഉണ്ട്. പക്ഷെ അവിടെ ചെന്ന് നിന്ന് നോക്കിയാൽ അവിടുള്ള ആരെങ്കിലും തന്നെ കണ്ടല്ലോ എന്ന ശങ്ക അവളുടെ മനസിനെ അലട്ടി.
സംഗീത കുറച്ച് ചുവടുകൾ നടന്ന് മതിലിന്റെ അരികിൽ എത്തി പെറുവിരലുകൾ നിലത്തൂന്നി അപ്പുറത്തേക്ക് എത്തി നോക്കി. ഒരു കാറ് അവിടെ കിടപ്പുണ്ട്.
താൻ ഓടിക്കളിച്ച് വളർന്ന മുറ്റം, ഇരിക്കാനായി തടിയിൽ മാത്രം പണിതിരിക്കുന്ന തിട്ടയും കൈവരിയും ഉള്ള നീണ്ട വരാന്ത, മലർക്കെ തുറന്നിട്ടിരിക്കുന്ന തറവാട്ട് വാതിൽ. അവൾ ഒരു നിമിഷം എല്ലാം മറന്ന് കണ്ണിമ വെട്ടാതെ അതെല്ലാം നോക്കി നിന്ന് പോയി.
പെട്ടെന്ന് ആ സ്വരം അവളുടെ കാതുകളിൽ പതിച്ചു.
“മോളെ.. അമ്മു…”
അവൾ ഒരു ഞെട്ടലോടെ തല മതിലിനു മുകളിൽ നിന്നും പിൻവലിച്ചു. തന്റെ അമ്മയും കിഴക്കയിൽ തറവാട്ടിൽ ഉള്ളവരും അപ്പുവും മാത്രം വിളിക്കാറുള്ള തന്റെ ചെല്ലപ്പേര്.. അമ്മു.
ആളെ കണ്ടില്ലെങ്കിലും തന്റെ ചെല്ലപ്പേര് വിളിച്ച സ്വരത്തിന്റെ ഉടമയെ സംഗീത തിരിച്ചറിഞ്ഞിരുന്നു.
“സാവിത്രി അമ്മ.. അപ്പുവിന്റെ അമ്മ.”
അവൾ ഒരു നിമിഷം അറച്ച് നിന്ന ശേഷം മതിലിന് മുകളിൽ കൂടി ഒന്നുകൂടി എത്തി നോക്കി.
“ഞാൻ ഇവിടുണ്ട് മോളെ..”
അവൾ ശബ്‌ദം വന്ന ഇടത്തേക്ക് തല തിരിച്ച് നോക്കി. പൂന്തോട്ടത്തിൽ നിൽക്കുകയാണ് സാവിത്രി അമ്മ. അൻപതിനോടടുത്ത പ്രായം ഉണ്ടെങ്കിലും അവരുടെ മുഖ സൗന്ദര്യത്തിനും ഐശ്വര്യത്തിനും ഒരു കുറവും വന്നിട്ടില്ല.
“മോള് ഇങ്ങു വന്നേ.”
നാല് വർഷങ്ങൾക്ക് ശേഷവും അവരുടെ സ്വരത്തിലെ സ്നേഹത്തിന്റെ മാധുര്യം അവൾ തിരിച്ചറിഞ്ഞു. തന്നെ എപ്പോഴും സാവിത്രി അമ്മ വെറുക്കുന്നില്ല. ആ അറിവ് തെല്ലൊരു ആശ്വാസം അവൾക്ക് നൽകി.
സാവിത്രി അമ്മ തന്നെ അവിടേക്ക് ക്ഷണിച്ചിരിക്കുകയാണ്. പോകാതിരിക്കാനാകില്ല.
പതറിയ ചുവടുകളോടെ സംഗീത ഗേറ്റിനടുത്തേക്ക് നടന്നു. അതിനിടയിൽ അവൾ ചുമ്മാ തിരിഞ്ഞു അടുക്കള വാതുക്കലിലെക്ക് ഒന്ന് നോക്കി. ലക്ഷ്മി അമ്മ അവിടെ നിന്ന് തന്നെ നോക്കുന്നുണ്ട്. അവളുടെ മുഖത്തെ പരിഭ്രമം കണ്ടിട്ടാകും കുഴപ്പമൊന്നും ഇല്ല, പോയിട്ട് വാ എന്ന് അവളോട് ആഗ്യത്തിൽ പറഞ്ഞു.