സംഗീതയുടെ മനസ്സിൽ പെട്ടെന്ന് താനും അപ്പുവും അമുല്യയും ഒരുമിച്ചുള്ള കോളേജിലെ ചില നിമിഷങ്ങൾ ഓടിയെത്തി. ജീവിതത്തിൽ സന്തോഷം നിറഞ്ഞ മറന്നു പോകാത്ത ചില വർണ നിമിഷങ്ങൾ.
ചിന്തയിൽ ആഴ്ന്ന് നിൽക്കുന്ന സംഗീതയുടെ തോളിൽ ആർഷ കൈ കൊണ്ട് തട്ടി. അമ്മു പെട്ടെന്ന് ഞെട്ടി ആർഷയുടെ മുഖത്തേക്ക് നോക്കി. എന്നിട്ട് ഒരു ചെറു ചിരിയോടെ പറഞ്ഞു.
“പഴയ ചില ഓർമകളിലേക്ക് പോയി.”
ആർഷ ഒന്ന് മൂളി. എന്നിട്ട് മുന്നോട്ട് നടക്കുന്നതിമിടയിൽ പറഞ്ഞു.
“അപ്പുവേട്ടൻ ഇപ്പോൾ മിക്കപ്പോഴും യാത്രകളിൽ ആണ്. ഒരു ട്രാവൽ ബ്ലോഗ് ഉണ്ട്. അതിൽ വീഡിയോസ് ഇടാറുണ്ട്.”
“ഞാൻ കാണാറുണ്ട് വീഡിയോസ്.. ആരും അധികം പോകാത്ത ഏകാന്തത നിറഞ്ഞ സ്ഥലങ്ങളാണ് എല്ലാം.”
“ആ ഏകാന്തത ആണ് ഏട്ടൻ ഇപ്പോൾ ഏറ്റവും ഇഷ്ട്ടപെടുന്നതെന്ന് തോന്നുന്നു.”
അപ്പോഴേക്കും അവർ ഒരു മുറിയുടെ മുന്നിൽ എത്തി. ആർഷ വാതിൽ തള്ളി തുറന്നു.
മുറിക്കുള്ളിലേക്ക് കടന്ന സംഗീത മൊത്തത്തിൽ ഒന്ന് നോക്കി. നല്ല വൃത്തിയോടെ തന്നെ സൂക്ഷിച്ചിരിക്കുന്നു. കട്ടിലും മെത്തയും പഴയതു തന്നെയാണ്.
അവൾ ആ ബെഡിലേക്ക് ഇരുന്നു. കൂടെ ആർഷയും. രണ്ടുപേരും കുറെ നേരത്തേക്ക് ഒന്നും സംസാരിച്ചില്ല.
പണ്ട് ചില ദിവസങ്ങളിൽ സംഗീത രാത്രിയും തറവാട്ടിൽ തന്നെ തങ്ങുമായിരുന്നു. അന്നൊക്കെ അവൾ ഉപയോഗിച്ചിരുന്ന മുറിയാണ് അത്.
പെട്ടെന്ന് സാവിത്രി അമ്മയുടെ ശബ്‌ദം അവരുടെ കാതുകളിൽ പതിച്ചു.
“മോളെ അമ്മു.. അച്ഛൻ വന്നു..ഒന്ന് താഴേക്ക് വാ.”
അപ്പുവിന്റെ അച്ഛൻ എത്തിയിരിക്കുന്നു. അമ്മു പെട്ടെന്ന് തന്നെ ആർഷക്കൊപ്പം താഴേക്ക് നടന്നു.
അവർ ചെല്ലുമ്പോൾ വരാന്തയിലെ ചാര് കസേരയിൽ ഇരിക്കുകയാണ് അച്ഛൻ.
ഒരു വെള്ള ഷർട്ടും മുണ്ടും ആണ് വേഷം. തലയിലെ മുടി പാതിയും നരച്ചു കഴിഞ്ഞിരിക്കുന്നു.
അവളെ കണ്ട വാസുദേവൻ പറഞ്ഞു.
“നീ ഇന്ന് വരുമെന്ന് ലക്ഷ്മി പറഞ്ഞിരുന്നു.”
അവളൊന്നു മൂളി.
“സച്ചിൻ വന്നില്ലേ?”
“വന്നു, വീട്ടിൽ ഇരിക്കയാണ്.”
“ഇവിടെക്കെന്താ വരാഞ്ഞേ?”
അവളൊന്നും മിണ്ടിയില്ല.
“അപ്പുവിനെ പോലെ നീയും ഇപ്പോൾ സംസാരം കുറച്ചോ?”
സാവിത്രി പെട്ടെന്ന് പറഞ്ഞു.
“അടുക്കള വശത്തു നിന്ന അമ്മുവിനെ ഞാൻ പെട്ടെന്ന് ഇങ്ങോട്ട് വിളിക്കുവായിരുന്നു. അവൻ അറിഞ്ഞില്ല ഇവൾ ഇങ്ങോട്ടു വന്ന കാര്യം.”
വാസുദേവൻ ഒന്ന് മൂളി.