കഴിഞ്ഞ രണ്ടു വർഷവും അവർ ബസിലായിരുന്നു കോളജിലേക്ക് വന്ന് കൊണ്ടിരുന്നത്. ലൈസൻസ് എടുത്ത ഉടൻ ബൈക്ക് വേണമെന്ന് അപ്പു വീട്ടിൽ ബഹളം വച്ച് തുടങ്ങി. വാസുദേവന് ബൈക്ക് വാങ്ങി കൊടുക്കുവാൻ വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു. എന്നാൽ അപ്പുവിനെ സപ്പോർട്ട് ചെയ്ത് തിങ്ങി ഞെരുങ്ങിയുള്ള ബസിലെ യാത്ര ബുദ്ധിമുട്ടാണെന്ന് സംഗീതകൂടി പറഞ്ഞപ്പോൾ മനസില്ല മനസോടെയാണ് വാസുദേവൻ ഒരു പൾസർ ബൈക്ക് ആദിക്ക് വാങ്ങി കൊടുത്തത്. അങ്ങനെ മൂന്നാമത്തെ അധ്യയന വര്ഷം മുതൽ അവർ കോളജിലേക്ക് ബൈക്കിൽ വന്നു തുടങ്ങി. ആദി തന്നെയാണ് സംഗീതയെ ബൈക്ക് ഓടിക്കുവാൻ പഠിപ്പിച്ചത്. അവളും ടു വീലർ ലൈസൻസ് എടുത്തിട്ടുണ്ട്. പക്ഷെ സംഗീത ബൈക്ക് ഓടിക്കുന്നത് വാസുദേവന് ഇഷ്ട്ടമല്ല. എന്തെങ്കിലും അപകടം പറ്റുമോ എന്നുള്ള പേടി ആണ്. അമ്മു ബൈക്ക് ഓടിക്കുന്നത് കണ്ടാൽ വാസുദേവൻ അവളെ ഒന്നും പറയാറില്ല. ആദിക്ക് ആണ് വഴക്ക് കിട്ടുന്നത്.
സംഗീത ബൈക്ക് മുന്നോട്ട് എടുത്തപ്പോൾ ആദി അവളുടെ ബാഗ് അവർക്ക് ഇടയിൽ വച്ച ശേഷം അവളുടെ ഇടുപ്പിൽ കൈ കൊണ്ട് ചുറ്റിപിടിച്ചിരുന്നു. കോളേജ് കവാടം കഴിഞ്ഞ് പുറത്തേക്ക് പോകുന്ന വിദ്യാർത്ഥികളുടെ ഇടയിലൂടെ അവൾ ബൈക്ക് സാവധാനം ഓടിച്ചു പോയി. ചിലരൊക്കെ അവരുടെ യാത്ര കൗതുകത്തോടെ വീക്ഷിക്കുന്നുണ്ടായിരുന്നു. മെയിൻ റോഡിലേക്ക് കയറിയതും അവൾ വേഗത കൂട്ടി.
ബൈക്കിൽ പോവുകയായിരുന്ന ജിത്തുവിനെ ഓവർ ടേക്ക് ചെയ്തു സംഗീത പോയപ്പോൾ അവന്റെ പിന്നിൽ ഇരുന്നിരുന്ന ജിതിൻ പറഞ്ഞു.
“നീ മായയുടെ പിറകെ നടക്കുന്നു എന്നും പറഞ്ഞ് ഇന്ന് നിന്നെ അടിക്കാൻ വന്നവനാണ് ദാ അവളുടെ പിന്നിൽ ഇരുന്നു പോകുന്നത്. അവനു എന്തും ആകാം.”
ബൈക്ക് ഓടിച്ച് കൊണ്ടിരുന്ന ജിത്തു അത് കേട്ട് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
“അല്ലെങ്കിലും ആ സംഗീത ഒരു പോക്ക് കേസ് ആണെന്നാണ് തോന്നുന്നത്. ഏതു സമയവും അവന്റെ തോളിൽ തന്നെ ആണ്. അവന്റെ കൈ ആണെങ്കിൽ അവളുടെ വേണ്ടാത്തിടത്തൊക്കയും.”
“ഡാ.. വെറുതെ അവരെ കുറിച്ച് വേണ്ടാത്ത അനാവശ്യങ്ങൾ പറയരുത്.”
ജിതിൻ ചെറിയൊരു അത്ഭുതത്തോടെ ചോദിച്ചു.
“നീയെന്താടാ അവരെ സപ്പോർട്ട് ചെയ്ത് സംസാരിക്കുന്നത്?”
“നീ ഇല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കി പറഞ്ഞിട്ട്. ഹൈ സ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് എനിക്കവരെ അറിയാം. ഞങ്ങൾ ഒരു ക്ലാസ്സിൽ അല്ലെങ്കിലും ഒരു സ്കൂളിൽ പഠിച്ചവരാണ്. ഒരേ നാട്ടുകാരും. അവന്റെയും അവളുടെയും വീട്ടുകാർ ഒരേ കുടുംബം പോലെ കഴിയുന്നവർ ആണ്. അതുകൊണ്ട് നീ അവരെ കുറിച്ച് ഇല്ലാത്ത അനാവശ്യം ഉണ്ടാക്കി പറയരുത്.”
“ജിത്തുവിന്റെ മറുപടി കേട്ട ജിതിൻ നിശബ്തനായി.
“ഡാ ജിതിനെ ഞാൻ ആദിത്യന്റെ കൂട്ടുകാരന്റെ പിറകെ നടന്നപ്പോൾ അവൻ ചോദിക്കാൻ വന്നു. എന്റെ പെങ്ങളുടെ പിറകെ ഒരുത്തൻ നടന്നാൽ നീയും ചോദിക്കാൻ പോകില്ലേ?”
ഉച്ചക്ക് അടിക്കാൻ വന്ന ഒരുത്തനെ സപ്പോർട്ട് ചെയ്ത് ജിത്തു സംസാരിക്കുന്നത് കേട്ട് വാ പൊളിച്ച് ഇരിക്കാൻ മാത്രമാണ് ജിതിന് കഴിഞ്ഞത്.
“ഡാ.. അപ്പു.”
തണുത്ത കാറ്റേറ്റ് ബൈക്കിന്റെ പിന്നിൽ ഇരിക്കുകയായിരുന്ന ആദി സംഗീതയുടെ വിളി കേട്ടില്ല.
കുറച്ച് കൂടി ഉച്ചത്തിൽ അവൾ വിളിച്ചു.