നേരമെങ്കിലും ഉറങ്ങാൻ നോക്കണം ?, കുറച്ചു ദിവസങ്ങളായി ഒരു നിയന്ത്രണവുമില്ലാത്ത പോക്കാണ്, മനസ്സിനൊപ്പം ഇത് വരെയും നിന്ന ശരീരം പക്ഷെ എപ്പോഴാണോ പണിമുടക്കുന്നതെന്നു പറയാൻ കഴിയില്ല,
‘ഭഗവാനെ നീ കാത്തു കൊള്ളണേ…’പ്രാർത്ഥിച്ചു കൊണ്ടാണ് കുളികഴിഞ്ഞിറങ്ങിയത്, പറഞ്ഞത് പോലെ ചന്ദന കളറുള്ള മുണ്ടും,ഷർട്ടുമെല്ലാം , എന്തിനു പൗഡറും സ്പ്രേയും വരെ അഞ്ജു ചേച്ചി പുറത്തു വച്ചിട്ടുണ്ട് , വേഷം മാറി കഴിഞ്ഞു ചേച്ചിപ്പെണ്ണ് ഇറങ്ങിയോ എന്ന് നോക്കാനായി മുറിയുടെ വാതിൽ തുറക്കാൻ നോക്കിയെങ്കിലും ഉള്ളിൽ നിന്നു കുറ്റിയിട്ടിട്ടാണ് ഉള്ളത് , നേരെ താഴേക്ക് നടന്നു , തറവാട് ഏതാണ്ട് കാലിയാണ് എന്ന് തന്നെ പറയാം എല്ലാവരും നേരത്തെ ക്ഷേത്രത്തിലേക്ക് നീങ്ങി കഴിഞ്ഞിട്ടുണ്ടാകും..കള്ളന്മാര് വല്ലവരും അറിഞ്ഞാൽ ഈ സമയത്തു പാണ്ടി ലോറിയും വിളിച്ചു വന്നു വീട്ടു സാമാനങ്ങൾ വരെ കയറ്റി കൊണ്ട് പോയാലും ആരുമറിയില്ല..പക്ഷെ ഈ തറവാട്ട് വളപ്പിൽ കയറാനുള്ള ധൈര്യം അങ്ങനെ ആർക്കുമുണ്ടാകില്ല എന്നാ കാര്യം വേറെ, അപ്പോൾ ഇന്നലെ വൈത്തിയും, സോമരാജനും?
പെട്ടെന്നാണ് ആ ചോദ്യം ഉള്ളിലേക്ക് കയറി വന്നത്, വൈത്തി പോട്ടെ ആ നാറി സോമരാജൻ, ഞങ്ങളെ കുറിച്ച് അറിയുന്നവനാണ്, അവൻ ,എന്ത് ധൈര്യത്തിലാണ് ഈ തറവാട്ടിൽ കയറി അങ്ങനെയൊരു തെണ്ടിത്തരത്തിനു മുതിർന്നത് എന്നതാണ് അത്ഭുതപ്പെടുത്തിയത് ? അവനു വേണ്ടത് കിട്ടി എങ്കിലും ഓർക്കുമ്പോൾ ഉള്ളിലെ കലിപ്പ് അടങ്ങിയിട്ടില്ല .. സോമരാജന്റെ കാര്യം മനസ്സിലോർത്തതേയുള്ളു ഗീതേച്ചിയുടെ ഫോൺ കാൾ,
”ഗീതേച്ചി , പറ പുതിയ താമസ സ്ഥലം എങ്ങനെ ?”
”ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല ,. താങ്ക്സ് അർജുൻ,പിന്നെ പോകുമ്പോൾ ജീനയും ആകാശുമൊക്കെ കൂടെ വന്നിരുന്നു , അത്യാവശ്യം സാധനങ്ങൾ എടുത്തു ഞങ്ങൾ ഇങ്ങോട്ടു പോന്നു, ”
”കുട്ടികൾക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലെ, ”
”എയ് അവർ ഹാപ്പിയാണ്, അമ്മ നേരത്തെ ഇങ്ങനെയൊരു തീരുമാനം എടുക്കേണ്ടതായിരുന്നു എന്നാണ് കുട്ടികൾ പറയുന്നത്.. വീടിനകത്തു ഇരിക്കുന്ന എന്നേക്കാൾ അവർക്കാണല്ലോ കാര്യങ്ങൾ അറിയുക, മാത്രമല്ല അച്ഛന് തങ്ങളോടുള്ള പെരുമാറ്റത്തിൽ വന്ന മാറ്റം കുട്ടികളും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു ,, എന്നോടെങ്ങനെ പറയും എന്നതായിരുന്നു അവരുടെ വിഷമം, താങ്ക്സ് അർജുൻ, നിന്നോട് എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല, നിന്‍റെ വരവാണ് എന്നെയും കുട്ടികളെയും രക്ഷപ്പെടുത്തിയത് , കുടിച്ചു കയറി വരുന്ന അച്ഛനെ പേടിച്ചു വാതിൽ ഉള്ളിൽ നിന്നു കുറ്റിയിട്ടു ഭയം കൊണ്ട് ഒരു പോള കണ്ണടയ്ക്കാതെ നേരം വെളുപ്പിച്ചിരുന്ന എന്‍റെ കുട്ടികൾ ഇന്ന് സ്വസ്ഥമായി ഉറങ്ങും, പാവങ്ങൾ രാവിലെ കണ്ണുകളിൽ ഉറക്കച്ചടവ് കണ്ടു രാത്രി മൊത്തം ഫോണിൽ കുത്തിക്കളിക്കുകയാണെന്നു ധരിച്ചു ഒരു പാട് വഴക്ക് പറഞ്ഞിട്ടുണ്ട്, തല്ലിയിട്ടുണ്ട് എന്‍റെ കുഞ്ഞുങ്ങളെ.. അന്നേരവും എന്നെ വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി അതെല്ലാം സഹിച്ചു നിൽക്കുകയായിരുന്നു അവർ.. ”
”ചേച്ചി, കാര്യങ്ങൾ ശരിയായില്ലേ ഇനി അതൊക്കെ ഓർത്തു വെറുതെ വിഷമിക്കേണ്ട,”
അവരുടെ ശബ്ദം ഇടറുന്ന കണ്ടു ഞാൻ ആശ്വസിപ്പിച്ചു..
”ഇല്ല അർജുൻ, ഇനി ഞാൻ കരയില്ല ,എന്ത് വന്നാലും എന്‍റെ കുഞ്ഞുങ്ങൾക്ക് വേണ്ടി ഞാൻ ജീവിക്കും..”’
” ആ തീരുമാനമാണ് വേണ്ടത് ചേച്ചി, ഞാൻ കൂടെയുണ്ടാകും, ആട്ടെ എങ്ങനെയുണ്ട് അവിടെ? അവരെയൊക്കെ ഇഷ്ട്ടമായോ,, ”