അറിയില്ല…. നീ വാ…. നീ അതൊന്നും ചിന്തിക്കേണ്ട…. അടുത്ത മാസം പരീക്ഷയാ … നന്നായി പഠിക്കണം…. അടുത്ത വര്ഷം മുതൽ നീ പുതിയ സ്‌കൂളിലാ ….
എല്ലാം നിശ്ചയിച്ച് ഉറപ്പിച്ച പോലെ അച്ഛൻ പറഞ്ഞു…. ഞാനൊന്നും മിണ്ടിയില്ല…. എനിക്ക് മിണ്ടാനുള്ള അവകാശം അമ്മ പോയതോടെ ഇല്ലാതായതായി എനിക്ക് തോന്നി….എന്തോ ഒരു ഉൾവിളി പോലെ…..
വീട്ടിലെത്തി കുളിച്ച് വന്ന് നിലവിളക്കിന് മുൻപിലിരുന്ന് നാമം ജപിച്ചു …. അപ്പോളും എന്തിനോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു…. ചൊല്ലിക്കൊണ്ടിരുന്ന ദേവീ കീർത്തനം വിതുമ്പലിനിടയിൽ മുറിഞ്ഞ് മുറിഞ്ഞു പോയി…..
നിലവിളക്കിന്റെ മുന്പിലിരുന്ന് കരയാതെടാ … അശ്രീകരമേ…. അമ്മായി എന്നെ ആട്ടി… ഇനി അതിന്റെ കുറവ് കൂടിയേ ഉള്ളൂ…. ബാക്കിയെല്ലാം നിന്റെ തള്ളയായി ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ….
ഞാൻ ഞെട്ടി .. മുഖം തുടച്ചു….
എഴുന്നേറ്റ് പോടാ…. അവരുടെ ശബ്ദം ഉയർന്നു….
ചേച്ചീ… മുറിയിൽ നിന്ന് അച്ഛന്റെ സ്വരം ഉയർന്നു…. അച്ചൻ പുറത്തേക്ക് വന്നു….
എന്തിനാ ചേച്ചി അവനെ പറയുന്നത്…. പാവം കുട്ടി…
ഇനിയും മതിയായില്ലേ കൃഷ്ണാ നിനക്ക്….
ചേച്ചീ… ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലാകും…. പക്ഷെ അവനെന്ത് തെറ്റ് ചെയ്തു…. അവന് എട്ട് വയസ്സേ ആയിട്ടുള്ളു…
എന്നാലും… എന്റെ കൃഷ്ണാ… എന്താ നിന്റെ ഉദ്ദേശം…. ഇവനെ എന്ത് ചെയ്യാനാ നിന്റെ ഭാവം….
എന്ത് ചെയ്യാൻ … അതൊരു മനുഷ്യജന്മമല്ലേ…. നശിപ്പിക്കാനൊന്നും കഴിയില്ലല്ലോ… അവൻ വളരട്ടെ….
പക്ഷെ നാണക്കേടോ മോനെ …. നാട്ടുകാർ എന്ത് പറയും
നാട്ടുകാർ എന്ത് പറയാനാ ചേച്ചീ…. അതിനുള്ളതൊക്കെ ഇപ്പോഴേ ഉണ്ടല്ലോ….
എന്നാലും അവളിതൊക്കെ മറച്ചു വച്ചല്ലോ കൃഷ്ണാ…. എന്റെ കുട്ടിയുടെ ജീവിതമാ തകർത്തത് … അവൾക്കെന്താ ഒരു മുഴം കയറിലങ്ങ് തീർന്നു…. ബാക്കിയുള്ളവർക്കാ പാട്….
എനിക്കും അതാ അറിയാത്തത് ….. ഞാൻ എത്ര സ്നേഹിച്ചതാ അവളെ…. അവളൊന്ന് തുറന്ന് പറഞ്ഞിരുന്നു എങ്കിൽ….. ഒരു സൂചനയെങ്കിലും കിട്ടിയിരുന്നു എങ്കിൽ ഞാൻ സമ്മതിക്കില്ലായിരുന്നു…. അച്ഛൻ വിതുമ്പി…..
എന്നിട്ടെന്തിനാ…. അവളെ നീ പൊറുപ്പിക്കുമായിരുന്നോ….
തീർച്ചയായും ചേച്ചീ… ഈ സത്യം ഉള്ളപ്പോളും കഴിഞ്ഞ കാലമത്രയും ഞങ്ങൾ ഒന്നിച്ച് കഴിഞ്ഞില്ലേ ചേച്ചീ…. അക്കാലമത്രയും അവൾ എന്നെ സ്നേഹിച്ചിൽ ഒരു കളങ്കവും ഇല്ലായിരുന്നു എന്നെനിക്കറിയാം ചേച്ചീ…
ആഹ് എനിക്കൊന്നുമറിയില്ല…… എന്നാലും ഒരു കാര്യം പറയാം കൃഷ്ണാ …. നീ ഇത്രയൂം പാവമാകല്ല് …. അതാ നിന്നെ എല്ലാവരും മുതലെടുക്കുന്നത്…. നീയെന്റെ മോനെ പോലെയാ…. അതുകൊണ്ട് പറഞ്ഞതാ…