അവർ അടുത്തുള്ള ഒരു ബേക്കറിയിൽ കയറി അവൾക്കൊരു ഐസ്ക്രീം വാങ്ങിക്കൊടുത്തു
വിഷ്ണു ജൂവലറിയുടെ ബില്ല് എടുത്ത് നോക്കികൊണ്ട് എന്തൊക്കെയോ കണക്കുകൾ കൂട്ടിയിട്ട് ബില്ല് പേഴ്സിലേക്ക് വച്ചു
“ഇപ്പൊ ഇതൊന്നും വേണ്ടായിരുന്നു”
കൃഷ്ണ അവനോട് പറഞ്ഞു
“എന്താ… ഐസ്ക്രീം ഇഷ്ടപ്പെട്ടില്ലേ…”
വിഷ്ണു അവളോട് കളിയാക്കി ചോദിച്ചു
“പോ… ഏട്ടാ ഞാൻ പറഞ്ഞത് വളയുടെ കാര്യമാ…”
അവൾ അവന്റെ കയ്യിൽ പതിയെ അടിച്ചിട്ട് പറഞ്ഞു
“അതൊന്നും നീയറിയണ്ട നിനക്ക് വള ഇഷ്ടപ്പെട്ടോ…അതുമതി”
“എന്നാലും ഏട്ടന്റെ എത്രനാളത്തെ സമ്പാദ്യമാ ഇത്”
“ഞാൻ സമ്പാദിക്കുന്നത് നിന്നെ കെട്ടിച്ചു വിടാനല്ലേ, മൂന്നുമാസവുംകൂടി കഴിഞ്ഞാൽ നമ്മുടെ വീടിന്റെ പുറത്തുള്ള ലോൺ കഴിയും, പിന്നെ അതൊന്നുംകൂടി ലോൺ വച്ചിട്ട് നിന്നെ കെട്ടിച്ചയക്കണം, പിന്നെ നിന്റെ പേരിലുള്ള Fd കൂടെയാകുമ്പോ നിന്നെ രാജകുമാറിയപ്പോലെ അയക്കാം”
വിഷ്ണു ചിരിച്ചുകൊണ്ട് പറഞ്ഞു
“ബാക്കികൂടി പറ അതുകഴിഞ്ഞു ദേവൂനെ വീട്ടിലേക്ക് കൊണ്ടരണം അല്ലേ…?”
കൃഷ്ണ അവന്റെ മുഖത്ത് നോക്കിക്കൊണ്ട് പറഞ്ഞു.
വിഷ്ണു ഒന്നും പറയാതെ ചിരിച്ചുകൊണ്ടിരുന്നു.
അവർ തിരികെ വീടിലെത്തിയപ്പോ പുറത്താരുടെയോ ചെരുപ്പ് കിടക്കുന്നത്കണ്ടു, അകത്തേക്ക് ചെല്ലുമ്പോ അടുക്കളയിൽ പദ്മിനിയും ദേവികയും നിൽക്കുന്നു. ഒരു ഇളംനീലകളർ ധാവണിയും കടുംനീല പാവാടയും ബ്ലൗസുമായിരുന്നു അവളുടെ വേഷം
“ആഹാ… നീയായിരുന്നോ ഞാൻ കരുതി വല്ല കള്ളന്മാരും അടുക്കളയിൽ കട്ടുതിന്നാൻ കയറിയതാണെന്ന്”
വിഷ്ണു ദേവികയെ കളിയാക്കികൊണ്ട് പറഞ്ഞു
“ഒന്ന് പോടാ നിങ്ങൾ കോളേജിൽ പോയാൽ എനിക്ക് കൂട്ട് ദേവു മോളാ…”
ശോഭന അവളെ ചേർത്തുനിർത്തിക്കൊണ്ട് പറഞ്ഞു
“എന്നാൽ എന്റെ കല്യാണം കഴിയുമ്പോ അമ്മ വേണേൽ ഇവളെ ഉണ്ണിയേട്ടനെക്കൊണ്ട് കെട്ടിച്ചിട്ട് പെര്മനന്റായിട്ട് ഇവിടെ നിർത്തിക്കോ.”
കൃഷ്ണ ശോഭനയോട് പറഞ്ഞു
“അതിന് നിന്റെ ശുപാർശ ഒന്നും വേണ്ട ഇവർക്ക് രണ്ടുപേർക്കും സമ്മതമാണെങ്കിൽ ഞാനിവളെ ഇങ്ങെടുക്കും… അല്ലേ മോളെ?”
ശോഭന ദേവികയെ നോക്കി പറഞ്ഞു.
ദേവിക അതുകേട്ട് നാണിച്ചു നിന്നാടി
“എനിക്കൊന്നും വേണ്ട ഇവൾ നേഴ്സ് അല്ലേ… ഇവളെ കല്യാണം കഴിച്ചാൽ പിന്നെ എന്നും ഡെറ്റോൾ മണത്തു നടക്കേണ്ടി വരും…”
വിഷ്ണു അവളെ കളിയാക്കി
ദേവിക ദേഷ്യത്തോടെ അവനെ നോക്കി
അവനവളെ നോക്കി ചിരിച്ചിട്ട് റൂമിലേക്ക് പോയി.
“നീ വാ… ഒരുപാട് വിശേഷങ്ങൾ ചോദിക്കാനുണ്ട്…”
കൃഷ്ണ അവളേം കൂട്ടി അകത്തേക്ക് പോയി
“നിങ്ങളെവിടെ പോയതാ…?”
ദേവിക കൃഷ്ണയോട് ചോദിച്ചു,
“ടൗൺ വരെ പോയതാ… എങ്ങനൊണ്ട്?”
കൃഷ്ണ കട്ടിലിൽ ഇരുന്നിട്ട് സ്വർണ വള കാണിച്ചുകൊണ്ട് ചോദിച്ചു
“കൊള്ളാലോ… നല്ല ഫാഷൻ… ഉണ്ണിയേട്ടൻ വാങ്ങി തന്നതാണോ…?”
ദേവിക വള തിരിച്ചും മറിച്ചും നോക്കിക്കൊണ്ട് ചോദിച്ചു
“മ്… കൊള്ളാമോ…”
“കൊള്ളാം സൂപ്പർ… നിന്റെയൊക്കെ ഭാഗ്യം ഇങ്ങനെ വാങ്ങിത്തരാൻ ഒരു ചേട്ടനുണ്ടല്ലോ”
ദേവിക ചിരിച്ചുകൊണ്ട് പറഞ്ഞു
“മോളെ… എന്നോട് നിന്റെ അഭിനയമൊന്നും വേണ്ട കേട്ടോ…”