ഹിമകണം 2
Himakanam Part 2 | Author : Kannan | Previous Part
“കഴിഞ്ഞ ഭാഗത്തിന് ലഭിച്ച സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് അടുത്തഭാഗം”
വിഷ്ണു ഞെട്ടി പുറകിലേക്ക് നോക്കി, അവിടെ ഒരു വല്ലാത്ത ഭാവത്തിൽ അവനെ
നോക്കിനിൽക്കുകയായിരുന്നു നാണുപിള്ള,
വിഷ്ണു കള്ളം കണ്ടുപിടിച്ച പോലെ മുഖം കുനിച്ചു…
“കുഞ്ഞു വരൂ…” നാണുപിള്ള ഗൗരവത്തിൽ ശബ്ദം താഴ്ത്തി വിളിച്ചിട്ട് മുന്നോട്ട് നടന്നു
വിഷ്ണു അവിടെ നിന്നുരുകുകയായൊരുന്നു
“വരൂ കുഞ്ഞേ”
വിഷ്ണുവിന്റെ നില്പ് കണ്ട് നാണുപിള്ള ദേഷ്യം കടിച്ചമർത്തുന്നതുപോലെ വിളിച്ചു
വിഷ്ണു ഒരു പാവയെപ്പോലെ നാണുപിള്ളക്കൊപ്പം നടന്നു
വീടിന് തെല്ലകലെ നിന്നിരുന്ന മാവിന്ചുവട്ടിലാണ് ആ യാത്ര അവസാനിച്ചത്
കുറച്ചുനേരം അവിടെ ഒരു നിശബ്ദത ഉണ്ടായി എന്ത് ചെയ്യണമെന്നറിയാതെ നിന്ന വിഷ്ണു പതിയെ പറഞ്ഞു
“നാണുവേട്ടാ… ഞാനും ദേവികയും തമ്മിൽ അടുപ്പത്തിലാണ്”
അടുത്ത വാക്ക് പറയാൻ സമ്മതിക്കാതെ നാണുപിള്ള കയ്യുയർത്തി തടഞ്ഞു
“കുഞ്ഞെ…ഞാൻ കുഞ്ഞിന്റെ അച്ഛന്റെ ആശ്രിതനായിരുന്നു…പക്ഷേ അദ്ദേഹം എന്നേ ഒരു
കൂടപ്പിറപ്പുപോലെ ആയിരുന്നു എന്നെ കണ്ടിരുന്നത് അദ്ദേഹത്തിന്റെ കാരുണ്യമാണ് എനിക്കിന്ന്
എന്തെങ്കിലും സമ്പാദ്യമായിട്ടുണ്ടെങ്കിൽ അതെല്ലാം…അദ്ദേഹം മരിക്കുന്നതുവരെ ഒരാളെയും
ദ്രോഹിച്ചിട്ടില്ല…അദ്ദേഹത്തിന്റെ മകൻ എന്നോടും ഒരു ദ്രോഹം ചെയ്യരുത്”
ഇതുപറയുമ്പോൾ നാണുപിള്ളയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു
വിഷ്ണു അയാളുടെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു
“എന്റെ അച്ഛനെക്കാൾ വലിയൊരു സത്യം എനിക്ക് ചെയ്യാനില്ല…എന്റെ അച്ഛനെ സത്യംചെയ്തു
ഞാൻ പറയുന്നു…നാണുവേട്ടന് ഒരുകാലത്തും ഞാൻ ഒരു ദ്രോഹവും ചെയ്യില്ല…പക്ഷേ ദേവൂനെ
ഞാൻ അത്രയ്ക്ക് ഇഷ്ടപ്പെടുന്നുണ്ട്…ഒരു മരുമകനായി…അല്ല മകനായി എന്നെ കാണാൻ ചേട്ടന്
കഴിയുമോ…കഴിയുമെങ്കിൽ കുറച്ചു സമയം എനിക്ക് തരണം…ഞാനവളെ ജീവിതാവസാനംവരെ
കണ്ണുനനയാതെ നോക്കിക്കോളാം…”
വിഷ്ണുവിന്റെ കണ്ണുകളും നിറഞ്ഞിരുന്നു