ഭക്ഷണവുമായി വിഷ്ണുവിന്റെ അരികെ വന്നിരുന്നുകൊണ്ട് അവരുടെ സംഭാഷണം ശ്രദ്ധിച്ചു
“നമുക്കാരും വേണ്ടമ്മേ… അച്ഛൻ മരിച്ചിട്ട് ഇപ്പൊ ഇരുപത് വർഷമാകാൻ പോണു… ഇത്രയും കാലം നമ്മളെ കുറിച്ച് ചിന്തിക്കാത്ത അവരെ നമുക്കിപ്പോൾ എന്തിനാണമ്മേ… എന്റച്ഛനെ അവർ ഒരു ദിവസമെങ്കിലും മനസമാധാനത്തോടെ ജീവിക്കാൻ അവർ അനുവദിച്ചിട്ടുണ്ടോ…? പറക്കമുറ്റാത്ത രണ്ട് കുട്ടികളേം കൊണ്ട് അമ്മ എങ്ങനെയാ ജീവിക്കുന്നതെന്നെങ്കിലും ഇക്കാലത്തിടയിൽ അവരാന്വേഷിച്ചിട്ടുണ്ടോ…? നമുക്കാരും വേണ്ട നമുക്ക് നമ്മൾ മാത്രം മതി…”
വിഷ്ണു പറഞ്ഞവസാനിപ്പിച്ചു
പദ്മിനി വെറുതെ ഒന്ന് നിശ്വസിച്ചുകൊണ്ടെഴുന്നേറ്റു.
കൃഷ്ണ ഒന്നും മിണ്ടാതെ അവരെ നോക്കിക്കൊണ്ടിരുന്നു
അന്നുരാത്രി അടുക്കളയിൽ കൃഷ്ണ പത്രങ്ങളും കഴുകിക്കൊണ്ട് നിൽക്കുമ്പോൾ പദ്മിനി അവളെടുത്തു വന്ന് അടുക്കളയിലെ സ്റ്റൂളിൽ വന്നിരുന്നു
“മണി പത്തായല്ലോ അമ്മക്ക് ഉറങ്ങണ്ടേ…”
കൃഷ്ണ ചോദിച്ചു
“എനിക്കൽപ്പം ബിപി കുറഞ്ഞു തലകറക്കം വന്നെന്നുകരുതി നിങ്ങളെല്ലാംകൂടി എന്നെയൊരു മാറാരോഗിയാക്കണ്ട കേട്ടോ.”
പദ്മിനി ചിരിച്ചുകൊണ്ട് പറഞ്ഞു
കൃഷ്ണ പദ്മിനിയെ നോക്കിയിട്ട് കയ്യിലെ വെള്ളം പാവാടയിൽ തുടച്ചുകൊണ്ട് അടുത്തേക്ക് വന്നു
“അമ്മക്കെന്താ എന്നോട് പറയാനുള്ളത്”
കൃഷ്ണ പുഞ്ചിരിയോടെ പദ്മിനിയുടെ മുഖത്തുറ്റുനോക്കി
പദ്മിനി വിരലുകൾ കൊണ്ട് തിട്ടയിൽ കോറി കൊണ്ടിരുന്നു
“പറയമ്മേ എന്നോടല്ലേ… എന്താ കാര്യം?”
കൃഷ്ണ വീണ്ടും ചോദിച്ചു
പദ്മിനി അവളുടെ മുഖത്തുനോക്കിയിട്ട് പതിയെ പറഞ്ഞു
“ഇന്നന്റെയേട്ടൻ ഇവിടെ വന്നിരുന്നു.”
പദ്മിനി ഒന്ന് നിർത്തിയിട്ട് അവളുടെ മുഖത്തേക്ക് നോക്കി
“എപ്പോ…എന്നിട്ട്…?”
കൃഷ്ണ ആകാംഷയോടെ ചോദിച്ചു
പദ്മിനി ഉച്ചയ്ക്ക് അവർ വന്നകാര്യങ്ങളൊക്കെ അവളോട് പറഞ്ഞു
“കിഴക്കെപുറത്തെ ബന്ഗ്ലാവ് വാങ്ങിയത് എന്റേട്ടനാ”
പദ്മിനി പതിയെ പറഞ്ഞു നിർത്തി.
കൃഷ്ണ ഒരു സ്വപ്നം കാണുന്നപോലെ എല്ലാം കേട്ടിരുന്നു
“നീയിത്… ഉണ്ണിയോട് പറയാൻ നിക്കണ്ട അവൻ പതിയെ അറിഞ്ഞോളും”
പദ്മിനി അവളോട് പറഞ്ഞു
“അതുനേരാ… ഏട്ടനൊരു എടുത്തുചാട്ടക്കാരനാ… തല്ക്കാലം ഒന്നും പറയാതിരിക്കുന്നതാ നല്ലത്.”
കൃഷ്ണ പറഞ്ഞിട്ട് കഴുകാനുള്ള ബാക്കി പത്രത്തിനടുത്തേക്ക് ചെന്നു
പദ്മിനി കുറച്ചുനേരം അവിടിരുന്നിട്ട് പിന്നെ മുറിയിലേക്ക് പോയി.
************
പിറ്റേന്ന് രാവിലെ വിഷ്ണു റെഡിയായി വീട്ടില്നിന്നിറങ്ങി
“എങ്ങോട്ടാ ഏട്ടാ രാവിലെ തന്നെ?”
കൃഷ്ണ ചോദിച്ചു
“ഇന്ന് കിഴക്കെപുറത്തെ ബന്ഗ്ലാവ് പെയിന്റ് ചെയ്യാൻ ആളിനെ നിർത്തിയിട്ടുണ്ട് അവിടെയൊന്ന് പോണം… പിന്നെ ടൗണിലും പോണം എന്താ മോക്കെന്തെലും വാങ്ങണോ ടൗണിൽ നിന്നും?”
വിഷ്ണു ചോദിച്ചു…
“എന്നാ… ഞാനും വരട്ടേ ഏട്ടാ… ടൗണിലേക്ക്?”