“എന്നെ വിട് കഴുത്ത് വേദനിക്കുന്നു “.. അത് പറയുമ്പോഴേക്കും അവൾ എന്നെയും കൊണ്ട് മുറ്റത്തെത്തിയിരുന്നു.
അവൾ എന്നെ തിരിഞ്ഞു പോലും നോക്കുന്നില്ല. അവൾ എന്നെയും വലിച്ചു കുളിമുറിയിലേക്ക് കയറി. കുളിമുറിയിൽ അലക്കാനിട്ടിരിക്കുന്ന കല്ലിൽ പിടിച്ചിരുത്തി. വലിയ ടാങ്കിൽ നിറച്ചു വെച്ചിരിക്കുന്ന വെള്ളം എടുത്ത് എന്റെ തലവഴി ഒഴിക്കാൻ തുടങ്ങി. ഞാൻ പൂച്ചകുട്ടിയെ പോലെ ഇരുന്നു കൊടുത്തു. പത്തു ബക്കറ്റോളം വെള്ളം കോരി എന്റെ തലയിൽ ഒഴിച്ചു. വീണ്ടും വെള്ളം ഒഴിക്കാൻ തുനിഞ്ഞപ്പോൾ ഞാൻ കയ്യുയർത്തി തടഞ്ഞു
“മതി ഇനി ജലദോഷം പിടിക്കും”
.ഞാൻ പതിയെ പറഞ്ഞപ്പോൾ ബക്കറ്റ് ശക്തിയിൽ നിലത്ത് വീഴുന്ന ശബ്ദം ഞാൻ കേട്ടു. എന്നോടുള്ള ദേഷ്യം അങ്ങനെ തീർക്കുന്നതാവാം. നല്ല തണുത്ത വെള്ളം വീണതോടെ എന്റെ കെട്ട് ഏകദേശം ഇറങ്ങിയിരുന്നു. ഇപ്പൊ കണ്ണൊക്കെ ക്ലിയർ ആയി. നെറ്റിയിൽ ഒരു ചെറിയ പെരുപ്പ് ബാക്കി ഉണ്ട് എന്നെ ഉള്ളൂ. ഞാൻ എണീക്കാനായി തുനിഞ്ഞതും അവൾ അവളുടെ തോർത്ത് എടുത്ത് എന്റെ തല തുടക്കാൻ ആരംഭിച്ചു. ഇടയ്ക്കിടെ അവൾ മൂക്കുവലിക്കുന്ന ശബ്ദം കേൾക്കായിരുന്നു.സ്വബോധം ഏറെക്കുറെ തിരിച്ചു കിട്ടിയ ഞാൻ കയ്യുയർത്തി അവളുടെ കയ്യിൽ തൊട്ടതും ശക്തിയിൽ എന്റെ കൈ തട്ടി മാറ്റി അവൾ ജോലി തുടർന്നു.ഇനിയും അവളെ ഉപദ്രവിക്കേണ്ട എന്ന് കരുതി ഞാൻ അവിടെ ഇരുന്നു കൊടുത്തു. തല തുവർത്തിയ ശേഷം അവൾ എന്റെ ഷർട്ടിന്റെ ബട്ടണുകൾ അഴിക്കാൻ ആരംഭിച്ചു. പിന്നേ ഷർട്ട് അഴിച്ചെടുത്തു നിലത്തെക്കിട്ടു. പിന്നേ കുനിഞ്ഞു എന്റെ പാന്റിൽ പിടിച്ചു വലിച്ചതും ഞാൻ ഊര പൊക്കി അവൾക്ക് പണി എളുപ്പമാക്കി കൊടുത്തു. അവളുടെ മുഖത്തു യാതൊരു വ്യത്യാസവും ഇല്ല. കരഞ്ഞു കലങ്ങിയ കണ്ണുകളും വീർത്ത മുഖവും വെച്ചാണ് അവൾ ഇത്രയൊക്കെ ചെയ്യുന്നത്. അറിയാതെ പോലും അവൾ എന്നെ ഒന്ന് നോക്കിയ പോലും ഇല്ല. ഞാൻ ഇപ്പോൾ വെറും ബോക്‌സർ മാത്രം ധരിച്ചാണ് നിൽക്കുന്നത്. ഞാൻ തോർത്ത് എടുത്ത് അതിന് മേലെ ഉടുത്തു ബോക്‌സർ അഴിച്ചു അലക്കി വെള്ളത്തിൽ മുക്കി പിഴിഞ്ഞു. കയ്യിൽപിടിച്ചു. വീണ്ടും ആ കല്ലിൽ വന്നിരുന്നു. അവൾ അതെല്ലാം യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ നോക്കി കൊണ്ട് നിന്നു. പിന്നേ എന്റെ കയ്യെടുത്തു അവളുടെ തോളിലൂടെ ഇട്ട് എന്നെ പൊക്കി. ഒറ്റക്ക് നടക്കാൻ കഴിയുമായിരുന്നെങ്കിലും ഞാൻ അനുസരണയോടെ അവളുടെ തോളിലേക്ക് തല വെച്ച് നടത്തം തുടങ്ങി. അവൾ ഒരു കൈ എന്റെ അരയിലൂടെ ചുറ്റി പിടിച്ചിട്ടുണ്ട്. അവളുടെ മുടിയിഴകൾ പാറി എന്റെ മുഖത്തു വീണു. അവൾ അതൊന്നും ശ്രദ്ധിക്കാതെ എന്നെയും കൊണ്ട് നടക്കുകയാണ്.
സോറി…
നടത്തിനിടെ ഞാൻ അവളുടെ കാതിൽ പറഞ്ഞു. ഒരു പ്രതികരണവും ഇല്ല. റൂമിൽ എത്തി ഞാൻ ഡ്രസ്സ് മാറി പുറത്തിറങ്ങിയതും അവൾ ചോറും കറിയും എല്ലാം വിളമ്പി വെച്ചിരുന്നു.
ഞാൻ ചോറുണ്ട് കഴിയുന്നത് വരെ അവൾ അവിടെ നിന്നു.ചോറുണ്ട് കഴിഞ്ഞു പാത്രം കഴുകുന്ന സമയത്ത് ഞാൻ അവൾക്ക് കാവൽ നിന്നു
പാത്രങ്ങൾ കഴുകി എടുത്ത് വെച്ച് കൈത്തലം തുണിയിൽ തുടച്ചു അവൾ റൂമിലേക്ക് നടന്നു ഞാൻ പിന്നാലെ അവളെ അനുഗമിച്ചു. ഇപ്പോൾ കെട്ടൊക്കെ ഏകദേശം വിട്ടിട്ടുണ്ട്. റൂമിലെത്തി അവൾ ബെഡ് ഷീറ്റ് തട്ടി വിരിക്കാൻ തുടങ്ങുമ്പോൾ ഞാൻ അവളുടെ അടുത്ത് ചേർന്ന് നിന്ന് പതിയെ കാതിൽ വിളിച്ചു.