“ന്നാലും ഇപ്പൊ വേണ്ടാ.ന്നാ ഇജ്ജ് വലിച്ചോ “
ഞാൻ സിഗരറ്റ് അവനു നേരെ നീട്ടി.
“പോടാ എന്റെ ചുണ്ടത്തു ഒന്ന് ഇല്ലേ. ഇജ്ജത് ആർക്കാന്ന് വെച്ച കൊടുത്തോ. ” അല്ലെങ്കി ഇജ്ജെന്നെ വലിച്ചോ !.
ഞാൻ ഒന്ന് രണ്ട് പേർക്ക് നേരെ ആ സിഗരറ്റ് നീട്ടി. അവരാരും വാങ്ങിയില്ല. ഇനി വൈകുന്നേരം രാഹുലിന് തന്നെ കൊടുക്കാം എന്ന് വിചാരിച്ചു ഞാൻ അത് പാന്റിന്റെ പോക്കറ്റിൽ തിരുകി.നല്ല ഓർമ ശക്തി ഉള്ളോണ്ട് ഞാൻ അത് വൃത്തിയായി മറന്നു
അന്ന് വൈകുന്നേരം വീട്ടിലെത്തി പാന്റും ഷർട്ടും അഴിച്ചിട്ടതും അമ്മ അത് അലക്കാൻ കൊണ്ടു പോയതും എനിക്ക് ഓർമണ്ട്. പോയപ്പോ എന്നെ കൊഞ്ചിച്ചു പോയ അമ്മ അലക്കി വന്നപ്പോൾ ഭദ്രകാളിയെപ്പോലെ എന്നെ നോക്കി ദഹിപ്പിക്കുന്നു. എന്നാൽ ഒരക്ഷരം മിണ്ടുന്നുമില്ല. ഞാൻ വളരെയേറെ ബുദ്ധിമുട്ടാതെ കാരണം ഇതാണെന്ന് മനസ്സിലാക്കി. കാലു പിടിച്ചു കരഞ്ഞു പറഞ്ഞിട്ടും രണ്ട് ദിവസം കഴിഞ്ഞാണ് അമ്മ എന്നോട് മിണ്ടിയത്. എന്നോട് മിണ്ടിയില്ലെന്ന് മാത്രം അല്ല ഭക്ഷണവും കഴിക്കാതെ നിരാഹാരം കിടന്ന് കളഞ്ഞു എന്റെ ലച്ചു, ആ രണ്ട് ദിവസം !
പിന്നേ രാഹുലിനെക്കൊണ്ട് അമ്മയെ വിളിപ്പിച്ചു കാര്യം പറഞ്ഞിട്ടാണ് എന്നോടൊന്നു മിണ്ടിയത്. അന്ന് അനുഭവിച്ച വേദന ഞാൻ പിന്നേ അനുഭവിക്കുന്നത് പിന്നേ ഇപ്പോൾ ആണ്. അമ്മു എന്നോട് മിണ്ടാതായതിൽ. കുറച്ചു നേരം കൂടെ അങ്ങനെ പാതി ബോധത്തിൽ ഞാൻ കിടന്നു.സമയത്തെ കുറിച്ചൊന്നും യാതൊരു ബോധവും ഇല്ലാത്ത സമയം ആണെങ്കിലും ഏകദേശം ഒരു ഒമ്പത് മണി ആയിരിക്കണം. അമ്മു എന്റെ അരികിൽ വന്നു. അത് തന്നെ അവളുടെ കൊലുസിന്റെ ശബ്ദം കേട്ട് ഞാൻ ഊഹിച്ചതാണ്
‘ചോറ് എടുത്ത് വെച്ചിട്ട്ണ്ട് ‘..
“ആ ഞാൻ കഴിച്ചോളാം.. നിങ്ങള് കഴിച്ചോ..
ഞാൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.
അവൾ ഒന്നും മിണ്ടാതെ അവിടുന്ന് പോയി. അകത്തു നിന്ന് കണ്ണന് കഴിക്കാൻ ആയില്ലേന്ന് അച്ഛമ്മ ചോദിച്ചപ്പോൾ തലവേദനയാണ് പിന്നേ കഴിച്ചോളും എന്ന് അവൾ പറയുന്നത് അർദ്ധ ബോധവസ്ഥയിൽ അവൾ പറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.
കുറച്ചു കഴിഞ്ഞു ഉറക്കത്തിൽ ആരോ എന്നെ ഷർട്ടിൽ പിടിച്ചു വലിക്കുന്നത് പോലെ തോന്നി ഞാൻ കണ്ണ് തുറന്നു. ഉറക്കത്തിൽ അല്ല ഒറിജിനൽ ആണ്. അമ്മു തിണ്ടിൻമേൽ കിടന്നിരുന്ന എന്നെ കോളറിന് പിടിച്ചു വലിച്ചു കൊണ്ടു പോവുകയാണ്. ഞാൻ ആണെകിൽ ആടി കുഴഞ്ഞു തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു അവളുടെ പിന്നാലെ പോവുന്നു.