“ഒന്നൂല്ല അച്ഛമ്മേ കൊറച്ചു പണി ണ്ടായിരുന്നു… “
ഞാൻ നാവു കുഴയാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ട് പറഞ്ഞു.
“ഞാൻ അമ്മൂനോട് ഇപ്പൊ പറഞ്ഞെ ള്ളൂ നെന്നെ കണ്ടില്ലല്ലോ ന്ന്.ഒളാണെങ്കിൽ ആകെ ബേജാറായി നടക്കെന്നു “
“ഏയ് ഞാൻ വരാതിരിക്കൊ..
ഞാൻ അത് പറഞ്ഞു നേരെ നോക്കുമ്പോൾ അമ്മു എന്റെ സൈഡിൽ വാതിൽ പടിയിൽ വന്നിരുന്നു.
അച്ഛമ്മ കാണാതെ കണ്ണു തുടച്ചു അവൾ എന്നെ നോക്കി ദഹിപ്പിക്കുന്നുണ്ടായിരുന്നു. ഞാൻ അത് കണ്ടിട്ടും കാണാത്ത പോലെ വേറെ ദിശയിലേക്ക് നോക്കിയിരുന്നു. യഥാർത്ഥത്തിൽ എനിക്കവളെ പേടി ആയിരുന്നു. അതിന്റെ കൂടെ കുറ്റബോധവും. ഏത് നശിച്ച നേരത്താണാവോ വെള്ളമടിക്കാൻ തോന്നിയത്.
അങ്ങനെ ആകെ പണി പാളിയിരിക്കുന്ന സമയത്താണ് അടുത്ത പണി വരുന്നത്. അടിവയറ്റിൽ ഒരുഗ്രൻ വാളിനുള്ള മുന്നൊരുക്കം നടക്കുന്നത് ഞാൻ അറിഞ്ഞു. അത് ഉരുണ്ട് മേലേക്ക് കയറി തൊണ്ടയിൽ എത്തിയപ്പോഴേക്കും ഞാൻ വായ പൊത്തി കസേരയിൽ നിന്ന് എണീറ്റ് മെല്ലെ നടന്നു ഉമ്മറത്തെത്തി. ഉമ്മറത്ത് നിന്ന് പിന്നേ മുറ്റത്തേക്ക് ഒരൊറ്റ കുതിപ്പായിരുന്നു. മുറ്റത്തെ തെങ്ങിന്റെ ചുവട്ടിലേക്ക് എന്റെ അണ്ണാക്ക് പിളർന്നുകൊണ്ട് ഒരു നെടു നീളൻ വാള് പുറത്തേക്ക് ചാടി.എന്റമ്മോ കുടലും പണ്ടവും പുറത്ത് ചാടിയ പോലെ . വാള് കഴിഞ്ഞു തളർന്നു ഞാൻ എണീറ്റു. മൈര് നല്ല വിശപ്പ്. തലക്കകത്തെ പെരുപ്പ് ഇനിയും മാറിയിട്ടില്ല. നേരെ തിരിഞ്ഞത് അമ്മുവിന്റെ മുന്നിലേക്കാണ് ചുമരിൽ ചാരി തല മേലേക്കുയർത്തി നിൽക്കുന്നു. കണ്ണിൽ നിന്ന് ധാരയായി കണ്ണീർ വരുന്നുണ്ട്. ഞാൻ അവളെയോ അവൾ എന്നെയോ നോക്കിയില്ല. അവളെ മറികടന്നു ഉമ്മറത്തെ തിണ്ടിൻമേൽ ഞാൻ നീണ്ടു നിവർന്നു കിടന്നു.അവളുടെ സങ്കടം കണ്ട് എനിക്കും കരച്ചിൽ വരുന്നുണ്ട്. പക്ഷെ ഞങ്ങൾ പിണക്കത്തിൽ അല്ലെ ഒരുപക്ഷെ എന്നന്നേക്കുമായുള്ള പിണക്കത്തിൽ. അല്ലായിരുന്നെങ്കിൽ ഞാൻ അവളോട് മാപ്പ് പറഞ്ഞേനെ. കുറച്ചു നേരം അങ്ങനെ എന്തോ ആലോചിച് കരഞ്ഞ ശേഷം കണ്ണുതുടച്ചു അവളകത്തേക്ക് പോയി. ഞാൻ അപ്പോളും ലഹരിയിൽ നിന്ന് മോചിതനായിട്ടില്ലായിരുന്നു.
ഇവളെങ്ങാനും അമ്മയോട് വിളിച്ചു പറഞ്ഞാൽ പിന്നേ തീർന്നു.വീട്ടിൽ പോലും കയറ്റൂല… ഞാൻ മനസ്സിലോർത്തു
എനിക്ക് ഒരാൾ മിണ്ടാതെ ഇരുന്നാൽ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആദ്യമായി ഉണ്ടാവുന്നത് എന്റെ ലച്ചു മിണ്ടാതിരുന്നപ്പോൾ ആണ്. രണ്ട് മൂന്ന് വർഷങ്ങൾ മുന്നേ ആണത്. ഡിഗ്രി ഒന്നാം വർഷത്തിന് പഠിക്കുന്ന സമയം. ഒരു ദിവസം കോളേജ് ബാത്‌റൂമിൽ മൂത്രമൊഴിച്ചു കഴിഞ്ഞവർ കഴിയാത്തവരെ വെയിറ്റ് ചെയ്തു ഓരോന്ന് പറഞ്ഞു നിൽക്കുന്ന സമയത്താണ് ക്ലാസ്സിലെ രാഹുൽ ഒരു കിങ് സിഗരറ്റ് എന്റെ നേരെ നീട്ടുന്നത്.
“എനിക്ക് വേണ്ടാ., ഞാൻ വലിക്കൂല “
“ഇജ്ജ് വലിച്ചാജ്ജ് എല്ലാരും ചത്തു കഴിഞ്ഞ മണ്ണിലേക്ക് തന്നെ ആണ് “. അവൻ എന്നെ നിർബന്ധിച്ചു.