തൊമ്മനും മക്കളും സിനിമയിൽ സലീം കുമാർ പറയുന്ന പോലെ അതെനിക്ക് ഇഷ്ടായില്ല. അല്ലെങ്കിലും അമ്മ അല്ലാതെ വേറൊരു പെണ്ണ് നമ്മളോട് ശബ്ദം ഉയർത്തി സംസാരിക്കുന്നത് ഒരു ശരാശരി മലയാളിക്ക് ഇഷ്ടം അല്ലല്ലോ.
“നിങ്ങള് പോയി പണി നോക്ക് തള്ളേ, അവളെ എനിക്ക് ഇഷ്ടമാണ് ഞാൻ ഇനീം വിളിക്കും “
ഒറ്റശ്വാസത്തിൽ പറഞ്ഞു ഞാൻ ഫോൺ വെച്ചു. എവിടുന്നാ ഈ ധൈര്യം വന്നത് എന്ന് ഞാൻ ശങ്കിച്ചു. മണ്ടത്തരമായോ? ഏയ്..
അതങ്ങനെ അവസാനിച്ചെന്ന് കരുതിയതാണ്. പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ അതാ സ്റ്റാഫ് റൂമിന്റെ വരാന്തയിൽ അവളും അവളുടെ അമ്മയും നിക്കുന്നു.
തലേന്നത്തെ ശൗര്യം ഒന്നും എനിക്കപ്പോൾ ഉണ്ടായിരുന്നില്ല. അവരെ കണ്ടതും എന്റെ തല ചുറ്റാൻ തുടങ്ങി. ആതിര എന്നെ ചൂണ്ടിക്കൊണ്ട് ആ സ്ത്രീയോട് എന്തൊക്കെയോ പറയുന്നുണ്ട്. എന്റെ ക്ലാസ്സിലെ മുഴുവൻ നാറികളും സർക്കസ് കാണാൻ നിക്കുന്ന പോലെ വരാന്തയിൽ തടിച്ചു കൂടീട്ടുണ്ട്.എന്നെ കണ്ടതും ജിഷ്ണു ഓടി വന്നു.
“നീ ഒന്നും പേടിക്കണ്ടടാ, ഞാൻ ഇതൊക്കെ എത്ര കണ്ടതാ “.
കാര്യം അറിഞ്ഞു കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു. ഞാൻ ക്ലാസ്സിൽ തന്നെ ഇരുന്നു.അതിനിടെ ഓരോ നാറികളും വന്നു എന്നെ പോസ്റ്റ് മോർട്ടം ചെയ്യുന്നുണ്ടായിരുന്നു. ആതിര നിസ്സഹായ ഭാവത്തിൽ എന്നെ നോക്കി. കുറച്ചു കഴിഞ്ഞപ്പോൾ ക്ലാസ്സ് ടീച്ചറായ ഉഷ ടീച്ചർ വന്നു എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചു. ചെന്ന് നിന്നത് എല്ലാ മാഷുമ്മാരുടെയും നടുക്ക്. എല്ലിൻ കഷ്ണം കിട്ടിയ നായ്ക്കളെ പോലെ അവർ എന്നെ പങ്കുവെച്ചു. അതിനിടെ ആ തള്ളയും എന്നെ എന്തൊക്കെയോ പറഞ്ഞു.ആകെ കഞ്ചാവടിച്ച അവസ്ഥ ആയിരുന്നത് കൊണ്ട് എനിക്കൊന്നും ഓർമ ഇല്ല
“നീ പഠിക്കുന്ന കുട്ടി ആയോണ്ടാണ് TC തരാത്തത്”
എല്ലാം കഴിഞ്ഞ് ഒടുവിൽ ഉഷ ടീച്ചർ ശവത്തിൽ ആണിയും അടിച്ചു. ആ സംഭവം കുറച്ചു കാലം ചർച്ചാ വിഷയം ആയിരുന്നു. പിന്നെ പലരും അത് മറന്നു തുടങ്ങി. ഒടുവിൽ ഞാൻ പോലും മറന്നു തുടങ്ങിയ നേരത്താണ് ഇവളെ വീണ്ടും കാണുന്നത്. ഞാൻ പ്ലസ് ടു ഓർമകളിൽ കുടുങ്ങി കിടക്കുകയാണെന്ന് മനസ്സിലായ ആതിര എന്റെ കയ്യിൽ തട്ടി എന്നെ ഉണർത്തി.
“മതി സ്വപ്നം കണ്ടത്… “അവൾ അപ്പോളും ചിരിക്കുന്നുണ്ട്.
“അന്ന് നീയാടി പന്നീ അതിന് കാരണം “.
ഞാൻ ആ സംഭവം ഓർമിച്ചുകൊണ്ടു അവളുടെ തലക്ക് പതിയെ കിഴുക്കി
“ആ ബെസ്റ്റ് അമ്മ ഫോൺ എടുത്തപ്പോ ബബ്ബബ്ബ അടിച്ചത് ആരാ? എന്നിട്ടിപ്പോ എനിക്കായോ കുറ്റം “.
അവൾ പരിഹാസത്തോടെ എന്നോട് പറഞ്ഞു.
“ഞാൻ ബബ്ബബ്ബ അടിച്ചൊന്നും ഇല്ല….. ഞാൻ കെറുവിച്ചു കൊണ്ടു പറഞ്ഞു.
“ആ മതി മതി അതൊക്കെ കഴിഞ്ഞില്ലേ. അന്നത്തെ സംഭവത്തിനു ശേഷം ഇന്നാണ് നിന്നെ ഒന്ന് മര്യാദക്ക് സംസാരിക്കാൻ കിട്ടുന്നെ …അതെങ്ങനെ പിന്നെ എന്നെ കാണുമ്പഴേ ഓട്ടം ആയിരുന്നില്ലേ?