പരുഷമായി അതും പറഞ്ഞു അവൾ തിരികെ പോയി.
ഞാൻ കലങ്ങിയ കണ്ണുകളോടെ എണീറ്റ് വാതിലും അടച്ചു അവളുടെ പിന്നാലെ നടന്നു. റൂമിലെത്തിയിട്ടും ഞാൻ അവളെയോ അവൾ എന്നെയോ നോക്കിയില്ല. കിടക്ക നിലത്തെക്ക് ഉന്തി മറച്ചിട്ട് ഞാൻ അതിലേക്ക് വീണു.
രാവിലെ എണീറ്റപ്പോൾ റൂമിൽ ആരും ഇല്ല. ഞാൻ കിടക്ക ചുരുട്ടി വെച്ച് പുറത്തിറങ്ങി.അനുപമ അടുക്കളയിലാണെന്ന് മനസ്സിലായി. ഞാൻ നേരെ ഉമ്മറത്തേക്ക് നടന്നു അച്ഛമ്മ എന്തൊക്കയോ ചോദിച്ചതിന് യാന്ത്രികമായി ഉത്തരം നൽകി ഞാൻ പുറത്തേക്ക് നടന്നു.
“ഞാൻ പോവ്വാ അച്ഛമ്മേ.. ക്ലാസ്സ്‌ണ്ട്…..
മുറ്റത്തിറങ്ങി ചെരുപ്പ് ഇട്ട് ഞാൻ അച്ഛമ്മയോട് പറഞ്ഞു ബൈക്ക് തിരിക്കുമ്പോൾ അവൾ ഉമ്മറത്തേക്ക് വന്നു വാതിൽ പടിയിൽ ചാരി എന്നെ നോക്കാതെ പറഞ്ഞു.
“ചായ കുടിച്ചിട്ട് പോവാം. ഞാൻ എടുത്ത് വെച്ചിട്ട്ണ്ട്… “
“എനിക്ക് നേരം വൈകി…
ഞാൻ അച്ഛമ്മയെ നോക്കി പറഞ്ഞു വണ്ടി എടുത്ത് പോന്നു. അവൾ അവിടെത്തന്നെ നിക്കുന്നത് എനിക്ക് കണ്ണാടിയിലൂടെ കാണാമായിരുന്നു. ഞാൻ വീട്ടിലെത്തി കുളിച്ചു റെഡി ആയി. എന്റെ മുഖഭാവം കണ്ടാൽ അമ്മ പിടിക്കും എന്നറിയാവുന്നത് കൊണ്ടു ഞാൻ ഒഴിഞ്ഞു മാറി നടന്നു. പെട്ടന്ന് ക്ലാസ്സിനായി ഇറങ്ങി.
അവിടെ എത്തി നേരെ റീഡിംഗ് റൂമിൽ കയറി ഇരുന്നു. വായിക്കാനൊന്നും തോന്നീല്ല. മനസ്സിൽ മുഴുവൻ നീ എന്റെ ആരും അല്ല എന്ന അമ്മുവിന്റെ വാക്കുകൾ തികട്ടി വന്നു കൊണ്ടിരുന്നു
“ഡാ അഭീ…….
പരിജിതമായ ശബ്ദം കേട്ട് തല ഉയർത്തി നോക്കുമ്പോൾ വെള്ളയും ചുവപ്പും നിറത്തിൽ പൂക്കളുടെ മനോഹരമായ വർക്കുള്ള ചുരിദാർ ധാരിയായ വെളുത്തു മെലിഞ്ഞു സുന്ദരിയായ ഒരു പെൺകുട്ടി എന്നെ നോക്കി ചിരിതൂകി നിൽക്കുന്നു ആതിര! ഞാൻ മനസ്സിൽ പറഞ്ഞു. എന്റെ പഴയ സഹപാഠി ആണ്.
“ആതിര.. നീ ഇവിടെ….
ഞാൻ അവളെ പ്രതീക്ഷിക്കാതെ കണ്ടതിൽ ഉള്ള അത്ഭുതം മറച്ചു വെക്കാതെ ചോദിച്ചു.
അതെന്താ ഇത് മൊത്തം നിനക്ക് എഴുതി തന്നതാണോ?
അവൾ ചിരിയോടെ എന്റെ നേരെ ഓപ്പോസിറ്റ് വന്നിരുന്നു.
“അല്ല അതല്ല. നീ എന്ന് ചേർന്നു ഇവിടെ…..
“ഞാൻ ഇന്നലെ ചേർന്നതെ ഉള്ളൂ.അല്ല ഇന്നലെ നിന്നെ കണ്ടില്ലല്ലോ?
“ആ ഇന്നലെ വേറെ കുറച്ചു പരിപാടികൾ ഒക്കെ ഉണ്ടായിരുന്നു. വരാൻ പറ്റീല. “ഞാൻ അവളെ നോക്കി ചെറുചിരിയോടെ പറഞ്ഞു.
“അല്ലേലും നീ പണ്ടേ പഠിപ്പിസ്റ്റ് അല്ലെ. നിനക്ക് ക്ലാസ്സിൽ കേറേണ്ട ആവശ്യം ഇല്ലല്ലോ “.