ഞാൻ ചെന്ന് അവളുടെ തോളിൽ കൈ വെച്ചതും പെണ്ണ് കലങ്ങിയ ഉണ്ടകണ്ണ് ഉരുട്ടി എന്നെ ഒരു നോട്ടം. എന്റമ്മോ ! ഞാൻ അറിയാതെ കൈ എടുത്തു പോയി.
“ഇത് കടിക്കോ?
ഞാൻ നിലത്ത് നോക്കി പതിയെ പറഞ്ഞു
“ആ കടിക്കും, പട്ടി അല്ലെ കടിക്കാനല്ലേ അറിയൂ….
അവൾ എന്നെ നോക്കാതെ പറഞ്ഞു.എനിക്ക് ശരിക്ക് ദേഷ്യം വന്നു. അല്ലെങ്കിലും ഇവളിത് എന്ത് തേങ്ങയാണ് പറയുന്നത്. ആരാ ഇപ്പൊ പട്ടിയുടെ കാര്യം പറഞ്ഞത്.
“ദേ അമ്മൂ നീ ചുമ്മാ എഴുതാപ്പുറം വായിക്കാൻ നിക്കണ്ട !
ഞാൻ അവൾക്ക് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ഉറക്കെ പറഞ്ഞു. “
“ഒച്ച എടുക്കണ്ട. അമ്മ അപ്പുറത്ത്ണ്ട് “.പിന്നെ ഈ വെരല് ചൂണ്ടലൊക്കെ അവകാശള്ളോരുടെ അട്ത്തു മതി “
അവൾ തലയിണ ബെഡിലേക്ക് ഇട്ടു കൊണ്ടു പറഞ്ഞു.
“ഒരവകാശവും ഇല്ലേ?…
ഞാൻ ദയനീയമായി ചോദിച്ചു. സത്യത്തിൽ ദേഷ്യത്തിൽ പറയുന്നതാണ് എങ്കിലും അവളുടെ വാക്കുകൾ എന്നെ വളരെയേറെ വേദനിപ്പിക്കുന്നുണ്ടായിരുന്നു.
“എന്ത് അവകാശം. നീ ആരാ.നീ എന്റെ ആരും അല്ല “!
എന്റെ അവൾ എന്റെ അടുത്തെക്ക് വന്നു ചീറി
“അത് കേട്ടതോടെ ഞാൻ ആകെ തകർന്ന് പോയിരുന്നു. എനിക്ക് ശരിക്കും കരച്ചിൽ വന്നു. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആണല്ലോ നടക്കുന്നത്.
ഞാൻ ഒന്നും മിണ്ടാതെ ഒരു നിമിഷം അങ്ങനെ നിന്നു.ഉള്ളിലെ സങ്കടക്കടൽ കണ്ണിലൂടെ പുറത്തേക്ക് വരാൻ തുടങ്ങിയപ്പോൾ പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. കാലുകൾ ഉമ്മറത്തേക്ക് യാന്ത്രികമായി ചലിച്ചു.ഉമ്മറത്തു ചാരുപടിയിലേക്ക് ഞാൻ തളർന്നിരുന്നു. എന്തൊക്കെയാണ് നടക്കുന്നതെന്ന് അറിയാത്ത അവസ്ഥ. അവൾ ഇതിനും മാത്രം പറയാൻ വേണ്ടി എന്തുണ്ടായി? അവൾ എനിക്ക് രണ്ടു ദിവസം കൊണ്ടു തന്ന കടലോളം സ്നേഹം ഒക്കെ വെറും അഭിനയം ആയിരുന്നോ?. ഒരായിരം ചോദ്യങ്ങൾ എന്നിലൂടെ കടന്ന് പോയി. കണ്ണുനീർ അനിയന്ത്രിതമായി പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു. എന്ത് ജീവികൾ ആണ് ഈ പെണ്ണുങ്ങൾ. ഒരു പിടിയും കിട്ടുന്നില്ലല്ലോ. അങ്ങനെ ഓരോന്ന് ആലോചിച്ചു കിടക്കുമ്പോൾ ആണ് അമ്മുവിന്റെ കൊലുസിന്റെ ശബ്ദം അടുത്ത് വരുന്നതായി അറിഞ്ഞത്.
“ഉള്ളിലേക്ക് കിടന്നാൽ ഈ വാതിൽ അടക്കായിരുന്നു. “എനിക്ക് സ്വസ്ഥമായിട്ട് കെടന്നൊറങ്ങണം “.