ഒരു tv പോലും ഇല്ല എന്നത് എന്നെ അത്ഭുതപെടുത്തി. നിലം കാവി ഇട്ടതാണ്. ഉമ്മറത്തുള്ള പഴകിയ കസേര ഒന്ന് തുടച്ചു അമ്മു എന്നോട് ഇരിക്കാൻ പറഞ്ഞു.
“അച്ഛൻ എവിടെ അമ്മേ.”. എന്തെങ്കിലും ചോദിക്കണമല്ലോ എന്നോർത്തു ഞാൻ അവരോട് ചോദിച്ചു.
“അച്ഛന് ഇപ്പൊ പണിക്കൊന്നും പോവാൻ വയ്യ മോനെ. ന്നാലും വല്ല പണീം കിട്ടോന്ന് നോക്കാൻ അങ്ങാടീക്ക് പോയതാ”. അവർ വിഷമത്തോടെ പറഞ്ഞു.
“അമ്മ എന്തിനെങ്കിലും പോണുണ്ടോ?.
“ആ കുട്ട്യേ ഞാൻ തൊഴിലോറപ്പിന് പോണുണ്ട്. അതോണ്ട് തന്ന്യാ കഴിഞ്ഞ് പോണതും.അമ്മുവിന് ഈ ദാരിദ്ര്യം പറച്ചിൽ തീരെപിടിക്കുന്നില്ലെന്ന് അവളുടെ മുഖത്തു നിന്ന് എനിക്ക് മനസ്സിലായി. കയ്യിലുള്ള സ്റ്റോക്ക് തീർന്നു ഞാൻ മിണ്ടാതെ ആയി.
പിന്നെ അമ്മുവിനെ നോക്കി പറഞ്ഞു.
“മേമേ എന്നെ നോക്കണ്ട. ഞാൻ ഇവിടെ ഇരുന്നോളാം നിങ്ങള് കൊല്ലം കൂടീട്ട് കാണുന്നതല്ലേ പോയി സൗകര്യമായിട്ട് സംസാരിച്ചോളു. പോവാൻ ആയാൽ വിളിച്ചാ മതി. ”
അത് കേട്ടതും അവൾ എന്നെ നോക്കി തലകുലുക്കി അമ്മയുടെ കയ്യും പിടിച്ചു ഉള്ളിലേക്ക് പോയി. ഞാൻ ഫോണിൽ തോണ്ടി ഉമ്മറത്തും. എന്നാലും ഇടയ്ക്കിടെ അവൾ വന്നു പാളി നോക്കുന്നുണ്ട്.
‘ഇത്തിരി വെള്ളം കിട്ടോ?. ഞാൻ അവളോട് ചോദിച്ചു.
അവൾ ഗ്ലാസിൽ വെള്ളവും ആയി വരുമ്പോൾ ഒരു മെലിഞ്ഞു നീണ്ട തല പകുതി നരച്ച ഒരാൾ മുറ്റത്തെക്ക് കടന്നു വന്നു. മുൻപരിജയം കൊണ്ട് അത് അവളുടെ അച്ഛൻ ആണെന്ന് എനിക്ക് മനസ്സിലായി. ആ സമയത്തെ വെയിലിന്റെ മുഴുവൻ ചൂടും അയാളുടെ മുഖത്തുനിന്ന് മനസ്സിലായി. എന്നെ കണ്ടതും അയാൾ പല്ലു കാട്ടി നിഷ്കളങ്കമായി ചിരിച്ചു. ഞാൻ കസേരയിൽ നിന്ന് എഴുന്നേറ്റു അയാളെ ബഹുമാനിച്ചപ്പോൾ അയാൾ എന്നെ പിടിച്ചിരുത്തി. അമ്മുവിനെ കണ്ടതും അയാളുടെ കണ്ണുകൾ വിടർന്നത് ഞാൻ ശ്രദ്ധിച്ചു.
“ഉണ്ണ്യേട്ടന്റെ ഏട്ടൻ ല്ലേ ഗോപാലേട്ടൻ. മൂപ്പരെ മോനാണ് കണ്ണൻ ‘. അമ്മു എന്നെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു.
‘ഇക്കറിയാലോ. ഞാൻ കണ്ടിട്ട്ണ്ട്’. അതും പറഞ്ഞു അയാൾ അമ്മുവിനെ കെട്ടിപിടിച്ചു.
“സുഖല്ലേടി.?
“ആ അച്ഛാ അങ്ങനെ പോണു.”
മ്മ്…
അയാൾ മൂളിക്കൊണ്ട് കസേരയിൽ ഇരുന്ന് എന്റെ വിശേഷങ്ങൾ ചോദിച്ചറിയുമ്പോൾ. അമ്മു അയാളെ ചാരി നിന്ന് അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൾ ഇന്ന് എത്ര സന്തോഷത്തിലാണ് എന്ന് അവളുടെ മുഖം വിളിച്ചു പറയുന്നുണ്ട്.