ഫാർമസിയിൽ നിന്നു മരുന്നും വാങ്ങി ബൈക്കെടുത്ത് അവളെയും കയറ്റി കോംബൗണ്ട് കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു.
“വീട്ടിലേക്ക് പോവാൻ സമയം ഉണ്ടാവോ?
അവൾ അങ്ങനെ ആണ് താൻ കാരണം ആരും ബുദ്ധിമുട്ടരുത് എന്ന് വിചാരിക്കുന്ന ഒരു പാവം പൊട്ടി പെണ്ണ്. അതുകൊണ്ട് തന്നെ ആദ്യം അവളുടെ ഭംഗിയെ പ്രണയിച്ചിരുന്ന എനിക്കിപ്പോൾ അവളുടെ നിഷ്കളങ്കമായ സ്വഭാവം ആണ് ഏറെ ഇഷ്ടം.
“പിന്നെ ഹോസ്പിറ്റലിലേക്കാണോ ഇങ്ങനെ ഒരുങ്ങി കെട്ടി വന്നത്.” ഞാൻ അവളെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു കൊണ്ട് അവളുടെ പ്രതികരണം അറിയാനായി മിററിലൂടെ നോക്കി.
“ഇതിങ്ങനെ ഒരു കൊരങ്ങൻ “
അവൾ പിറുപിറുത്തു. എനിക്കത് കണ്ട് ചിരി വന്നെങ്കിലും അത് പുറത്ത് കാണിച്ചില്ല.
“ദേ എനിക്ക് വഴി അറിയില്ല ട്ടോ പറഞ്ഞു തരണം.
ആ….
അതു പറഞ്ഞപ്പോൾ ആണ് ഓർത്തത്. എന്റെ നാട് ഇതുവരെ പറഞ്ഞില്ലല്ലോ. ഞാൻ പറഞ്ഞുമില്ല നിങ്ങൾ ചോദിച്ചും ഇല്ല, നല്ല ടീമാ… മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് കരിക്കാട് ആണ് എന്റെ എന്റെ നാട്. നല്ല അസ്സൽ നാട്ടിൻപുറം കരിക്കാട് സുബ്രമണ്യ ക്ഷേത്രം പ്രസിദ്ധമാണ്. അങ്ങേരോട് ഞാൻ ഇന്നുവരെ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. എന്റെ പെണ്ണിനെ എനിക്ക് തരണേ എന്നല്ലാതെ !അനുവിന്റെ നാട് പാണ്ടിക്കാട് ആണ്. കൃത്യമായി പറഞ്ഞാൽ കൊടശ്ശേരി എന്ന പക്കാ നാട്ടിൻപുറം.ഏകദേശം ഒരു മണിക്കൂർ യാത്ര ഉണ്ട് അവിടേക്ക്. യാത്രയിൽ ഉടനീളം അനു എന്തൊക്കയോ വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു. കൂടുതലും അവളുടെ നാടിനെപ്പറ്റി. ഏകദേശം പകുതി ദൂരം പിന്നിട്ടപ്പോഴേക്കും സമയം 12 മണി ആവാറായിരുന്നു. ഞാൻ വഴിയരികിൽ ഉള്ള ഒരു ഹോട്ടൽ കണ്ട് ഞാൻ വണ്ടി നിർത്തി.
“എന്ത് പറ്റി?. അനു സംശയത്തോടെ ചോദിച്ചു.
“നമ്മൾ ചെല്ലുന്നുണ്ടെന്നു പറഞ്ഞിട്ടുണ്ടോ?. ഞാൻ തിരിഞ്ഞു അവളെ നോക്കി കൊണ്ട് ചോദിച്ചു.
“ശ്ശൊ ഇല്ല ഞാൻ മറന്നു”. അവൾ ചമ്മലോടെ പറഞ്ഞു.
“അത് സാരമില്ല. നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് പോവാം, അവരെ ബുദ്ധിമുട്ടിക്കേണ്ട “.