“മതി മതി കൂടുതൽ ഡയലോഗൊന്നും വേണ്ട”. അവൾ അതും പറഞ്ഞു നാല് ഇഡ്ഡ്ലി എടുത്തിട്ട് സാമ്പാർ ഒഴിച്ച് കുഴച്ചു പാത്രം എന്റെ അടുത്തേക്ക് നീക്കി വച്ചു.
“ഇന്ന് ഒരു പ്രത്യേക സ്വാദ്”. ഞാൻ കൈ കഴുകാൻ പോവുന്ന അവളെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
അതിന് നീ ആദ്യമയിട്ടല്ലേ ഞാൻ ഉണ്ടാക്കിയത് കഴിക്കുന്നേ .വല്ലാതെ തല്ലണ്ട അത് പുട്ടല്ലാ ഇഡ്ഡലിയ അവൾ എന്നെ കളിയാക്കി കൊണ്ട് പറഞ്ഞു.
ചൂളിപ്പോയ ഞാൻ വേഗം കഴിച്ചു തീർത്തു വന്നപ്പോഴേക്കും അവൾ മുറ്റത്തേക്കിറങ്ങി കഴിഞ്ഞിരുന്നു.
പോവാം!. ഞാൻ അവളെ നോക്കി ചോദിച്ചു.
“വേഗം എടുക്ക് നേരം വൈകി!അവൾ കലിപ്പിലാണ്.
ഇതെന്ത് ജീവി? ഞാൻ മനസ്സിൽ ഓർത്തുകൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു. അനു സാരിതലപ്പ് മുന്നോട്ടു പിടിച്ചു വശം ചെരിഞ്ഞു കയറി ഇരുന്നു.
“പതിയെ പോയാൽ മതി”. അവൾ വാണിങ് തന്നു.ഞാൻ വണ്ടിയെടുത്തു കുറച്ചു ദൂരം പോയപ്പോൾ അതാ അച്ഛമ്മ ഞങ്ങൾക്കെതിരെ നടന്നു വരുന്നത് കണ്ടു ഞാൻ വണ്ട് നിർത്തി അച്ഛമ്മയെ കാത്തിരുന്നു. അച്ഛമ്മയെ കണ്ടതും ആദ്യമേ സീറ്റിന്റെ തലപ്പത്തിരുന്ന അനു എന്റെ തോളത്തു നിന്നും കൈയ്യെടുത്ത് ഒന്നും കൂടെ അറ്റത്തേക്ക് നീങ്ങി ഇരുന്നു..
അച്ഛമ്മ എന്റെ അരികിൽ എത്തി. മോണ കാട്ടി ചിരിച്ചു…
“സൂക്ഷിച്ചു പോണം ട്ടോ കണ്ണാ. എവിടേം നിക്കാതെ വേഗം വരേം വേണം. “
എന്നും പറഞ്ഞു അച്ഛമ്മ കൈയിലെ വാഴയിലചീന്തിൽനിന്നും ചന്ദനം എടുത്ത് എന്റെ നെറ്റിയിൽ തൊടുവിച്ചു മിണ്ടാതെ ഇരിക്കുന്ന അനുവിനോടായി പറഞ്ഞു.
“വേഗത്തിൽ പോവാൻ സമ്മതിക്കണ്ട ട്ടോ “.
“ആ… അനു മൂളി. പോയിട്ട് വരാം അമ്മേ” . അവൾ പറഞ്ഞു. ഞങ്ങൾ വീണ്ടും യാത്ര തുടർന്നു.അനു മറ്റേ ധ്രുവത്തിൽ ആയതു കൊണ്ട് വണ്ടി ചെറുതായി പാളുന്നുണ്ട്.
“ഒന്നടുത്തേക്കിരിക്ക് മാഡം ഞാൻ പിടിച്ചു തിന്നുവൊന്നും ഇല്ല”ഞാൻ അവളോടായി പറഞ്ഞു.
എനിക്ക് ബൈക്കിൽ കയറി അധികം പരിജയം ഇല്ല. അവൾ എന്റെ അടുത്തേക്ക് അല്പം നീങ്ങി ഇരുന്ന് എന്റെ കാതിൽ പറഞ്ഞു. ശരിയാണ് അവളുടെ അച്ഛനും ഭർത്താവിനും വണ്ടി ഓടിക്കാൻ അറിയില്ല. പിന്നെ അവൾ എവിടുന്ന് കയറാനാണ് അവൾക്കാണെങ്കിൽ കൊഞ്ചിക്കാനും ലാളിക്കാനും പറയത്തക്ക ബന്ധുക്കളും ഇല്ല. കടലുണ്ടിയിൽ മില്ലിൽ പണിക്ക് പോയ അവളുടെ അച്ഛൻ അവിടെ അടുത്തുള്ള വീട്ടിലെ കുട്ടിയായ അവളുടെ അമ്മയെ പ്രേമിച്ചു ചാടിച്ചോണ്ട് വന്നതാണ്. രണ്ടു കുടുംബക്കാരും അംഗീകരിക്കാത്തതിനാൽ അവർ വേറെ നാട്ടിൽ വീട് വെച്ചു താമസിച്ചതാണ്.