” ശാലിനി കുടിക്കുന്നില്ലേ ”
ഗ്ലാസ്സ് വാങ്ങി ആനി ചോദിച്ചു.
” ഉണ്ട് ചേച്ചീ. ഞാനെടുത്തിട്ടു വരാം”
ശാലിനി പോയി ഗ്ലാസ്സിൽ പായസവുമായി തിരികെയെത്തി.
ആ സമയത്ത് ആനി കതകു തുറന്ന് വെളിയിലിറങ്ങി.
വെളിയിൽ നല്ല നിലാവ്. അവൾ വരാന്തയുടെ സൈഡിലുള്ള തൂണിൽ ചാരി നിന്നു.
” ചേച്ചി പായസം കുടിക്കുന്നില്ലേ…”
ശാലിനി പുറകെ എത്തിയിരിക്കുന്നു…
” ഉണ്ട്… പതുക്കെ കുടിച്ചോളാം “
ആനി കയ്യിലിരുന്ന ഗ്ലാസ് ഉയർത്തിക്കാണിച്ചു.
“എന്തോ പെട്ടെന്നു ഞാൻ ഇരിങ്ങാലക്കുടയിലെ കുട്ടിക്കാലം ഓർത്തു പോയി. വീട്ടിൽ വിശേഷദിവസങ്ങളിൽ മാത്രമേ പായസം ഉണ്ടാക്കാറുള്ളൂ. അതു ഗോതമ്പു പായസമാണേ… അമ്മ ഉച്ചയ്ക്കാവും പായസം വയ്ക്കുക. ഇതു പോലെ രാത്രി അത്താഴം കഴിഞ്ഞ് മിച്ചമിരിക്കുന്ന പായസത്തിന് ബഹളമുണ്ടാക്കും. രാത്രി തണുത്ത പായസം വയറിനു കേടാണ് എന്നു പറഞ്ഞ് അമ്മ തരില്ല… അതൊക്കെ ഓർത്തു പോയി…”
ആനി പറഞ്ഞു.
സത്യത്തിൽ വെറുതെ തട്ടിവിട്ടതാണ്. പണ്ടെങ്ങോ വായിച്ച ഒരു കഥയിൽ നിന്നും തട്ടിക്കൂട്ടി പറഞ്ഞതാണ്…
ഇടയ്ക്ക് ശാലിനി കാണാതെ ഗ്ലാസിലെ പായസത്തിന്റെ പകുതി തൂണിന്റെ മറവു പറ്റി മുറ്റത്തേക്ക് ഒഴിച്ചു. പിന്നെ ഗ്ലാസ്സ് ചുണ്ടോട് അടുപ്പിച്ച് കുടിക്കുന്നതായി ഭാവിച്ചു.
ഗ്ലാസ്സിന്റെ വക്കുകളിൽ പറ്റിയിരുന്ന പായസശകലം ചുണ്ടിൽ പറ്റി . നല്ല രുചിയുള്ള പായസമാണല്ലോയെന്ന് അല്പം ഖേദത്തോടെ ഓർത്തു…
ശാലിനിയോട് വിവാഹത്തിനു മുമ്പ് നാട്ടിൽ ചെലവഴിച്ചിരുന്ന കാലത്തെക്കുറിച്ചൊക്കെ സംസാരിച്ചു. ഇതിനിടയിൽ തന്ത്രപൂർവ്വം പായസം മുഴുവനും ഒഴിച്ചു കളഞ്ഞു. വരാന്തയിൽ ലൈറ്റ് ഇട്ടിട്ടില്ലായിരുന്നു. അതിനാൽ ശാലിനി അതൊന്നും കണ്ടില്ല.
” നല്ല പായസം ”
ആനി പറഞ്ഞു.
” ആഹാ… ചേച്ചി കുടിച്ചു കഴിഞ്ഞോ. വർത്താനം പറഞ്ഞ് ഞാനതങ്ങു മറന്നു…”
ശാലിനി വേഗം കയ്യിലിരുന്ന പായസം കുടിച്ചു തീർത്തു. എന്നിട്ട് ആനിയുടെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി അകത്തേക്കു പോയി.