” അയ്യോ… ഇരുന്നോ… ഞാനൊന്നു കാണാൻ വന്നതാ. ഇവർക്ക് അങ്ങനെ ഗസ്റ്റൊന്നും വരാറില്ല. സനൂപാ പറഞ്ഞത് ഒരാളുണ്ടെന്ന്”
” ഇതാണ് ജമീല ഇത്ത. ഇത്തയും മോനുമാ എനിക്ക് കൂട്ടു കിടക്കാൻ വരാറ് “
ആനി ജമീലയെ നോക്കി.
തന്നേക്കാൾ രണ്ടോ മൂന്നോ വയസ്സു കൂടുതൽ കാണും. ഇരു നിറം. തലയിൽ കൂടെ തട്ടമിട്ടിട്ടുണ്ട്.
” എങ്ങനുണ്ട് ഞങ്ങടെ നാട്. നിങ്ങള് പട്ടണത്തിൽ താമസിക്കുന്നവർക്കൊക്കെ പിടിക്കുമോ എന്തോ”
” അങ്ങനൊന്നുമില്ല. എനിക്കിഷ്ടമായി. ഞാനും ഗ്രാമത്തിൽ തന്നെയാ ജനിച്ചു വളർന്നത്. ഇരിങ്ങാലക്കുടയിൽ. കല്യാണം കഴിഞ്ഞപ്പഴാ കർണ്ണാടകയ്ക്കു പോയത്. അവിടെയും ഒരു വില്ലേജിലാ താമസം” ആനി.
” സനൂപ് വിളിച്ചപ്പം പറഞ്ഞാരുന്നു ഇങ്ങോട്ടൊന്നു വരണമെന്ന്. അവൻ രണ്ടു ദിവസം കഴിഞ്ഞേ വരത്തൊള്ളന്ന്… നാടൊക്കെ കാണണമെങ്കിൽ മോനോടു പറഞ്ഞാ മതി. അവൻ കൂടെ വരും. അല്ലേൽ എപ്പഴാ സൗകര്യമെന്നു പറഞ്ഞാ ഞാനവനെ വിളിച്ചു വിടാം. ഞങ്ങടെ നാടു കാണാൻ വന്നതല്ലേ…”
” നവാസെന്തിയേ ഇത്താ ” ശാലിനി.
” ഓ… അവൻ നേരം വെളുക്കുമ്പം എറങ്ങും. ഇനി ഒരാഴ്ചയൂടെ കഴിഞ്ഞല്ലേ കോളേജു തൊറക്കൂ. ക്രിക്കറ്റു കളിക്കാൻ പോയതാരിക്കും…”
ജമീല പിന്നെ ആനിയുടെ നേരേ തിരിഞ്ഞു.
” ഇവിടേന്ന് രണ്ടു കിലോമീറ്ററു പോയാ ഒരു അമ്പലമുണ്ട്. പഴയ അമ്പലമാ. പാഞ്ചാലി സ്ഥാപിച്ചതാന്നാ പറയുന്നത്. പിന്നെ അഗസ്ത്യ മുനീടെ ആശ്രമവും. അതു നമുക്ക് കാണാനൊക്കത്തില്ല കേട്ടോ. അദൃശ്യമാന്നാ പറേണത്. ഇവളോടു ഞാമ്പറഞ്ഞതാ അതൊന്നു തപ്പി നോക്കാൻ. എന്നും അമ്പലത്തിപ്പോണതല്ലേ…”
” കളിയാക്കേണ്ട ഇത്താ… അതിനൊക്കെ ഒരു വിശ്വാസം വേണം…” ശാലിനി.
” കളിയാക്കിയതല്ലെടീ. നീയതു കണ്ടു പിടിക്കുവാണേൽ പ്രസിദ്ധയാകാം. അന്നേരം വേണേൽ എന്റെപേരും പറഞ്ഞോ… ഒരു കൂട്ടിന്…”
” ദേ ഇത്താ… എന്റെ നാക്കു ചൊറിഞ്ഞു വരുന്നുണ്ട്. പ്രസിദ്ധയാകണേൽ വേറേം വഴിയുണ്ട്. ആനിച്ചേച്ചിയുള്ളതു കൊണ്ടു ഞാനൊന്നും പറയുന്നില്ലാ “
ജമീലയും ശാലിനിയും നല്ല കൂട്ടാണെന്നു ആനിക്കു മനസ്സിലായി…
” ആരൊക്കെയുണ്ട് ഇത്തായുടെ വീട്ടിൽ”
ആനി ചോദിച്ചു.
” എന്നെ ഇത്താന്നൊന്നും വിളിക്കേണ്ട കേട്ടോ. നമ്മളൊക്കെ ഏകദേശം ഒരു പ്രായമാ. ജമീലാന്നു വിളിച്ചാ മതി”
” ശരി. എന്നാൽ ജമീല “