അങ്ങനെയിരിക്കെ ഒരു നാൾ സനൂപ് ആനിയോടു പറഞ്ഞു,
” എടീ ഞാൻ നാലഞ്ചു ദിവസത്തേക്കു നാട്ടിൽ പോകുവാ “
ഇതിനോടകം എടീ – എടാ എന്നൊക്കെയുള്ള വിളികളിലേക്ക് അവരുടെ ബന്ധം മാറിയിരുന്നു.
” എന്തിനാടാ ” ആനി ചോദിച്ചു.
” ഓ… വെറുതേ. ഇപ്പം ഒരു മാസമായില്ലേ വീട്ടിൽ പോയിട്ട്. പിന്നെ ശാലിനിയുടെ അമ്മയെ ഇങ്ങു തിരിച്ചു കൊണ്ടു വരണം. അങ്ങനെ ചില പരിപാടികൾ… നീ വരുന്നോ…”
” വരട്ടേടാ…”
” വാടീ… എന്റെ നാടു കാണാം. പിന്നെ നീ കേരളത്തിൽ വന്നിട്ട് കുറേ നാളായില്ലേ…”
” എന്നാ ഞാനും വരുന്നെടാ. ചേട്ടനാണെങ്കിലും ടൂറിലാ…”
” നിന്റെ വേലക്കാരിയെ എന്തു ചെയ്യും ?”
” അതു സാരമില്ലെടാ. അവൾ ഒറ്റയ്ക്കു നിന്നോളും…”
” ചേച്ചീ എത്താറായി”
സനൂപിന്റെ സ്വരം ആനിയെ ചിന്തകളിൽ നിന്നുണർത്തി.
കണ്ണു തുറന്നപ്പോൾ കാറ് ഒരു ജംഗ്ഷൻ കഴിഞ്ഞ് ഒരു സൈഡ്റോഡിലേക്ക് തിരിയുന്നു. പണ്ടെങ്ങോ ടാറിട്ടതിന്റെ അവശിഷ്ടങ്ങൾ റോഡിൽ.
” പഞ്ചായത്തു റോഡാ. ഇപ്പം ടാറു ചെയ്തിട്ടു വർഷങ്ങളായി. ഇപ്പം വേനലായാൽ അപ്പടി പൂഴിയാ”
ശരിയാണ്.കണ്ടാൽ ചെങ്കൽപാതയാണെന്നേ പറയൂ. പൊടിപടലങ്ങളുയർത്തി വണ്ടി പതിയെ നീങ്ങി. പിന്നെയും അഞ്ചാറു മിനിട്ടെടുത്തു വീടെത്താൻ. ഗേറ്റു കടന്ന് ചെറുതെങ്കിലും മനോഹരമായ ഗാർഡൻ മുറ്റത്ത്. സാമാന്യം വലിയ ഇരുനില വീട്. അധികം പഴക്കമില്ല.
“കുടുംബവീടായിരുന്നു. കല്യാണമായപ്പോൾ പൊളിച്ചു പണിതതാ ”
കാറിൽ നിന്നിറങ്ങവേ സനൂപ് പറഞ്ഞു.
അപ്പോഴേക്കും ശാലിനി ഓടിയെത്തി.
ഫോട്ടോയിൽ മെലിഞ്ഞിട്ടാണെങ്കിലും നേരിട്ടു കാണുമ്പോൾ അവൾക്ക് കുറച്ചു കൂടി വണ്ണമുണ്ടെന്ന് ആനിക്കു തോന്നി.
” യാത്രയൊക്കെ സുഖമായിരുന്നോ ചേച്ചീ ”
ആനിയുടെ കൈ പിടിച്ചു കൊണ്ട് ശാലിനി ചോദിച്ചു.
” ഉവ്വ് ” ആനി തല കുലുക്കി.