പിടിത്തം കിട്ടിയതാണ് പക്ഷെ ‘അമ്മ നേരെ മുന്നിൽ തന്നെ വന്നു പെട്ടു ,
”, അതിവള് എന്നെ..”
” ഉം.. ഉം , പ്രായമായ പെണ്ണാ ,അധികം കളി വേണ്ടാ ,ആ പിന്നെ മുണ്ടും ഷർട്ടും എടുത്തു വച്ചിട്ടുണ്ട്.. വേഗം അങ്ങോട്ട് പോരെ…”
അമ്മ തിരക്കിട്ടു വല്യമ്മയും മുത്തശ്ശിയുമൊക്കെ നടക്കുന്നതിനൊപ്പമെത്താനായി നടന്നു.. ഒരു അരക്കിലോമീറ്ററുണ്ട് തറവാട്ട് ക്ഷേത്രത്തിലേക്ക് , എല്ലാ മലയാള മാസവും ഒന്നാംതീയതിയിലും ,വിശേഷ ദിവസങ്ങളിലും മാത്രമേ അവിടെ നട തുറന്നു പൂജ നടത്താറുള്ളു.. യക്ഷി കാവും മറ്റുമുള്ളതിനാൽ അല്ലാത്ത ദിവസങ്ങളിൽ ഇപ്പോഴും ആളുകൾ ആ ഭാഗത്തു പോവുക പതിവില്ല..ഇതിപ്പോ ചേച്ചിയുടെ കല്യാണവുമായി ബന്ധപ്പെട്ടു ജോല്സ്യനെ കണ്ടു പ്രശ്നം വച്ചപ്പോൾ ക്ഷേത്രവുമായി ബന്ധപ്പെട്ടു ചില അനർത്ഥങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് കണ്ടു ,കൂടാതെ തറവാടിന് കുറച്ചു ദോഷങ്ങളും , അവകാശികൾക്ക് അപമൃത്യു വരെ സംഭവിക്കാൻ സാധ്യതയുണ്ടത്രേ .. പരിഹാരമായി മൂന്നു രാത്രി നീണ്ടു നിൽക്കുന്ന ചില വിശേഷ പൂജകളാണ് വിധി..കല്യാണത്തിന് മുന്നേ നടത്താൻ നിശ്ചയിച്ചെങ്കിലും കർമ്മം ചെയ്യേണ്ട തിരുമേനിയുടെ ഇല്ലത്തു മരണം നടന്നതിനാൽ മാറ്റി വയ്ക്കുകയായിരുന്നു .. ഈ മൂന്നു ദിവസവും വൈകിട്ടത്തെ പ്രാരംഭ പൂജകളിലും അവസാന ദിവസത്തെ ഗുരുതിയിലും അടുത്ത ബന്ധുക്കൾ എല്ലാവരും അവിടെയുണ്ടാകണം എന്നാണ് പറഞ്ഞിരിക്കുന്നത്.. ഏതായാലും എല്ലാവരും ഒത്തു ചേരുന്നതല്ലേ ? വെളുക്കും വരെ തിരുവാതിരയും മറ്റുമായി ഇന്ന് രാത്രി ക്ഷേത്രത്തിനു തൊട്ടുള്ള പുതിയ ഹാളിലും ,ഊട്ടുപുരയിലുമായി കൂടാനാണ് പരിപാടി ..നാളെ മുതൽ ആഭിചാരം അടക്കമുള്ളവയുണ്ട് ,അത് കൊണ്ട് മുതിർന്ന ആണുങ്ങൾക്ക് മാത്രമേ അവിടെ നില്ക്കാൻ പറ്റു …
തിരക്കിട്ടു ഡ്രെസ് മാറി വീട്ടിൽ നിന്നിറങ്ങി ,
ക്ഷേത്രത്തിനു ചുറ്റും വിളക്കുകൾ തെളിയാൻ തുടങ്ങിയിരിക്കുന്നു , പെണ്ണുങ്ങൾ എല്ലാവരും ചേർന്ന് ചെരാതുകളിൽ എണ്ണ നിറച്ചു തിരിയിടുകയാണ്..
” ഡാ…മോനെ ”
ചേച്ചിപ്പെണ്ണ് ഓടി വന്നു കയ്യിൽ പിടിച്ചു , ഭയന്നാകെ വിളറിയിരിക്കുന്നു അവളുടെ മുഖം..
”എന്താ എന്ത് പറ്റി ,”
അവൾ ചുറ്റും നോക്കി മിണ്ടരുതെന്നു ആംഗ്യം കാണിച്ചു,എന്നിട്ടു ആൽത്തറയുടെ നേരെവിരൽ ചൂണ്ടി.. ഞാൻ നോക്കുമ്പോൾ അവിടെ അച്ഛനോടും അളിയനോടും വർത്തമാനം പറഞ്ഞു രണ്ട് പേര് നിൽക്കുന്നുണ്ട്.. ഇരുട്ടി തുടങ്ങിയതിനാൽ അങ്ങനെ ആളെ മനസ്സിലാകുന്നില്ല..
”ആരാ അവര് ? ”
”അന്നവന്റെ കൂടെ ഉണ്ടായിരുന്നത് അവനാണ് ,”
”ഏതു……. ?”