ദേവു പെട്ടെന്ന് ബിബിനോട് പറഞ്ഞു.
“ഏട്ടാ.. ആവിശ്യം ഇല്ലത്ത സംസാരം നിർത്ത്..”
“എന്ത് സംസാരിക്കണം എന്ന് എനിക്കറിയാം. അവൻ നിന്റെ കൂട്ടുകാരൻ അല്ലേ, കൂട്ടുകാരൻ കൂട്ടുകാരന്റെ സ്ഥാനത് നിന്നാൽ മതി, അല്ലാതെ നിന്റെ ജീവിതത്തിൽ ഇടപെടാൻ വരണ്ട.”
ഞാൻ പെട്ടെന്ന് അവന്റെ കോളറിൽ കയറി പിടിച്ചു. ദേവു എന്നെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു.
“മാറി നിൽക്കടാ..”
ഞാൻ ചെറുതായി അവളുടെ വാക്കുകൾക്ക് മുന്നിൽ പതറി പോയി.
അവൾ ബിബിന് നേരെ തിരിഞ്ഞ് പറഞ്ഞു.
“ഇവൻ എന്റെ ആരാണെന്ന് നിന്നെ ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല. നിന്നെ കാണുന്നതിന് മുൻപേ അവൻ എനിക്കൊപ്പം ഉള്ളതാണ്, അവൻ എന്റെ ആരാണെന്ന് എനിക്കും അറിയാം എന്റെ അമ്മയ്ക്കും അറിയാം.. ഞാൻ പറഞ്ഞിട്ടാണ് അവൻ എനിക്ക് വേണ്ടി സംസാരിക്കാൻ വന്നത്.”
അവളുടെ വാക്കുകൾക്ക് മുന്നിൽ അവൻ എന്ത് പറയണമെന്ന് അറിയാതെ പതറിപ്പോയി, കുറച്ച് നേരം ഞങ്ങൾ രണ്ടുപേരെയും മാറി മാറി നോക്കിയ ശേഷം അവൻ പറഞ്ഞു.
“നിന്റെ ജീവിതത്തിൽ ഇനി ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ഉണ്ടാകില്ല. ആരെ വേണമെന്ന് നിനക്ക് തീരുമാനിക്കാം.”
അവൻ അവിടെ നിന്നും വേഗതയിൽ നടന്നു.
ദേവു കുറച്ച് നേരം എന്നെ തന്നെ നോക്കി നിന്നു, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“നീ എന്റെ കല്യാണം പറഞ്ഞു ഉറപ്പിക്കാനാണോ അതോ എന്റെ ജീവിതം നശിപ്പിക്കാനാണോ വന്നത്.”
ഞാൻ പകച്ചു പോയി ആ ചോദ്യത്തിന് മുന്നിൽ. അവളുടെ നന്മക്ക് വേണ്ടി മാത്രമായിരുന്നു ഞാൻ അത്രയും നേരം സംസാരിച്ചത്. പക്ഷെ അവൾ അത് മനസിലാക്കുന്നില്ല.
എന്താ ചെയ്യണ്ടതെന്ന് അറിയാതെ ഞാൻ അവിടെ പകച്ച് നിൽക്കുന്ന സമയം ദേവു ബിബിൻ പോയ വഴിയേ വേഗതയിൽ നടക്കുകയായിരുന്നു.
കുറച്ച് നേരം കൂടി അവിടെ നിന്ന ശേഷം ഞാൻ എന്റെ ബൈക്കിന് അടുത്തേക്ക് നടന്നു. ബൈക്ക് ഓടിക്കുമ്പോൾ കണ്ണ് നിറഞ്ഞിരുന്നതിനാൽ മുന്നിലെ കാഴ്ചകൾക്ക് ഒരു മങ്ങളായിരുന്നു. മനസിനുള്ളിൽ ആകെ ശൂന്യത മാത്രം. പറ്റുന്നത്ര വേഗതയിൽ ബൈക്ക് ഓടിച്ചു. ആ യാത്ര ചെന്ന് നിന്നത് മായയുടെ വീടിന്റെ ഗേറ്റിനു മുന്നിൽ ആണ്.
അവൾ ഇരുട്ടി തുടങ്ങിയ നേരത്തും എന്തോ കാര്യത്തിന് മുറ്റത്ത് നിൽക്കുകയായിരുന്നു. വീടിനു മുന്നിൽ ഒരു ബൈക്ക് വന്ന് നിൽക്കുന്ന കണ്ട് അവൾ ഗേറ്റിനടുത്തേക്ക് വന്നു. എന്നെ കണ്ടതും അവൾ ചിരിച്ച്കൊണ്ടു ഗേറ്റ് തുറന്ന് എന്റെ അരികിലേക്ക് വന്നു.
“എന്താ ഈ സമയത് ഇവിടെ?”
ഞാൻ ഒന്നും മിണ്ടിയില്ല. എന്റെ തൊട്ടരികിൽ എത്തിയപ്പോഴാണ് എന്റെ കണ്ണ് നിറഞ്ഞിരിക്കുന്നത് അവൾ കണ്ടത്.